ഗീതാഗോവിന്ദം ഹിന്ദിയിലേക്ക്!! വിജയ് ഗോവിന്ദായി ബോളിവുഡിലെ യുവ താരം, കാണൂ
വിജയ് ദേവരെക്കൊണ്ടയുടെ നായക കഥാപാത്രം വിജയ് ഗോവിന്ദ് ആയി ഇഷാന്‍ ഖട്ടര്‍ എത്തുമെന്നാണ് അറിയുന്നത്.
2018 ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു വിജയ് ദേവരെക്കൊണ്ട രശ്മിക മന്ദന എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ഗീതാഗോവിന്ദം. തെലുങ്ക് ചിത്രമാണെങ്കിൽ കൂടിയും മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭഷകളിലുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചത്. പോയ വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക ലാഭം നേടിയ ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഗോപിസുന്ദർ സംഗീത സംവിധാനം നിർവഹിച്ച ഇങ്കേം ഇങ്കേം ഇങ്കേം എന്ന് തുടങ്ങുന്ന ഗാനം ആരാധകർ നെഞ്ചിലേറ്റിയിരുന്നു.

ഗീതാഗോവിന്ദം ബോളിവുഡിലേയ്ക്ക് റീമേക്കിന് തയ്യാറെടുക്കുന്നു. വിജയ് ദേവരെക്കൊണ്ട തകർത്ത് അഭിനയിച്ച വിജയ് ഗോവിന്ദായി എത്തുന്നത് ബോളിവുഡിലെ യങ് താരം ഇഷാൻ ഖട്ടറാണത്രേ. അതേസമയം നായികയെ തീരുമാനിച്ചിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വിജയ് ദേവരെകൊണ്ടയുടെ പോയ വർഷത്തെ മറ്റൊരു സൂപ്പർ ഹിറ്റ് ചിത്രമായ അർജുൻ റെഡ്ഡി ബോളിവുഡിൽ ഒരുങ്ങുകയാണ്. ഷാഹിദ് കപൂറാണ് ചിത്രത്തിലെ നായകൻ.
2018 ൽ പുറത്തിറങ്ങിയ ധടക്ക് എന്ന ചിത്രത്തിലൂടെയാണ് ഇഷാൻ ഖട്ടർ ബോളിവുഡിൽ എത്തുന്നത്. ജാൻവി കപൂറായിരുന്നു ഇഷാന്റെ നായികയായി എത്തിയത്. മികച്ച സ്വീകര്യതയായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഒറ്റ ചിത്രം കൊണ്ട് ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ ഇഷാന് കഴിഞ്ഞിരുന്നു.


Click it and Unblock the Notifications











