വിവാഹത്തിന് ക്ഷണമില്ല, പകരം സ്വീറ്റ്സ്; തിരിച്ചയച്ച് പ്രമുഖ നടൻ; അഭിഷേക് പ്രതികരിച്ചതിങ്ങനെ
ഐശ്വര്യ റായ്-അഭിഷേക് ബച്ചൻ താര ദമ്പതികളെ പോലെ ജനശ്രദ്ധ ലഭിക്കുന്നവർ ബോളിവുഡിൽ കുറവാണ്. ലോകമറിയപ്പെടുന്ന താര സുന്ദരിയായ ഐശ്വര്യ തന്റെ മുപ്പത്തിമൂന്നാം വയസിലാണ് മുപ്പതുകാരനായ അഭിഷേക് ബച്ചനെ വിവാഹം ചെയ്തത്. ഹോളിവുഡിൽ വരെ സാന്നിധ്യമറിയിച്ച ഐശ്വര്യയുടെ താരമൂല്യം കാരണമാണ് വിവാഹം ഇത്രമാത്രം ചർച്ചയായത്. 2007 ലായിരുന്നു താര വിവാഹം. ഇന്ത്യയൊട്ടാകെ ഈ വിവാഹം ചർച്ചയായി. എന്നാൽ വളരെ സ്വകാര്യമായി വിവാഹ ചടങ്ങ് നടത്താനായിരുന്നു താരങ്ങളുടെ തീരുമാനം.
മാധ്യമങ്ങൾക്ക് വിവാഹം നടക്കുന്നിടത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. മാത്രമല്ല ബോളിവുഡിലെ പലരെയും വിവാഹത്തിന് ക്ഷണിച്ചതുമില്ല. ബി ടൗണിൽ പലരുമായും അടുത്ത ബന്ധം ബച്ചൻ കുടുംബത്തിനുണ്ട്. എന്നാൽ ഇവരെയെന്നും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. ഇതിൽ ചിലർക്ക് നീരസവും തോന്നി. നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നൻ സിൻഹയായിരുന്നു ഇതിലൊരാൾ. വിവാഹത്തോടനുബന്ധിച്ച് സുഹൃത്തുക്കൾക്ക് ബച്ചൻ കുടുംബം മധുരം അയച്ചിരുന്നു. എന്നാൽ ഈ സ്വീറ്റ്സ് ശത്രുഘ്നൻ സിൻഹ താര കുടുംബത്തിന് തിരിച്ചയച്ചു.

ഇതേക്കുറിച്ച് ഒരിക്കൽ ഇദ്ദേഹം സംസാരിച്ചിട്ടുമുണ്ട്. വിവാഹത്തിന് ക്ഷണിച്ചില്ലെങ്കിൽ പിന്നെ സ്വീറ്റ്സ് അയക്കേണ്ട കാര്യമെന്താണ്. അമിതാഭോ കുടുംബത്തിലെ ആരെങ്കിലുമോ സ്വീറ്റ്സ് അയക്കുന്നതിന് മുമ്പ് തന്നെ വിളിക്കുമെന്നെങ്കിലും ഞാൻ പ്രതീക്ഷിച്ചിരുന്നു. അതുണ്ടായില്ല. പിന്നെ എന്തിനാണീ മിഠായി എന്നാണ് ശത്രുഘ്നൻ സിൻഹ ചോദിച്ചത്. വിവാഹം സ്വകാര്യ ചടങ്ങായി നടത്തിയതിനെക്കുറിച്ച് അഭിഷേക് ബച്ചൻ ഒരിക്കൽ സംസാരിച്ചിട്ടുണ്ട്.
ചടങ്ങ് സ്വകാര്യമാക്കിയതിന്റെ പ്രധാന കാരണം ആളുകൾ മറക്കുന്നു. മുത്തശ്ശി ആശുപത്രിയിലായിരുന്നു. വലിയ ആഘോഷം നടത്തുന്നത് നല്ലതാണെന്ന് തോന്നുന്നില്ലെന്ന് അച്ഛൻ പറഞ്ഞു. ഞാനും കുടുംബവും ലോകത്തെ മുഴുവൻ ക്ഷണിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇക്കാരണത്താൽ അതിന് സാധിച്ചില്ലെന്ന് അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി. എല്ലാവരുടെയും അനുഗ്രഹം തേടി കാർഡ് അയച്ചിരുന്നു. ഒരാൾ ഒഴിച്ച് ആർക്കും അതിൽ കുഴപ്പമില്ലായിരുന്നു. ശത്രുഘ്നൻ അങ്കിളായിരുന്നു അത്. അദ്ദേഹം കാർഡ് തിരിച്ചയച്ചു. അത് കുഴപ്പമില്ല. എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നും അഭിഷേക് ബച്ചൻ അന്ന് വ്യക്തമാക്കി.

വിവാഹ ശേഷം ഐശ്വര്യ-അഭിഷേക് താരമൂല്യം താരതമ്യം ചെയ്ത് കൊണ്ട് ആരാധകരുടെ അഭിപ്രായങ്ങൾ വന്നിരുന്നു. ഇന്നും ഇത് തുടരുന്നു. വർഷങ്ങൾ നീണ്ട വിവാഹ ജീവിതത്തിനിടെ അടുത്തിടെയാണ് താര ദമ്പതികളെക്കുറിച്ച് വലിയ അഭ്യൂഹങ്ങൾല പ്രചരിച്ചത്. അഭിഷേക് മറ്റൊരു നടിയുമായി അടുത്തെന്നും ഇതറിഞ്ഞ ഐശ്വര്യ ബന്ധം പിരിയാനൊരുങ്ങുന്നു എന്നുമായിരുന്നു ബോളിവുഡിലെ സംസാരം.
ഇരുവരും തമ്മിൽ അകലം പാലിക്കുന്നതാണ് അഭ്യൂഹങ്ങൾക്ക് കാരണമായത്. ആഴ്ചകളോളം ബോളിവുഡിൽ ഇത് വലിയ ചർച്ചയായി. എന്നാൽ താര ദമ്പതികൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. വീണ്ടും ഒരുമിച്ച് പൊതുവേദികളിൽ ഐശ്വര്യയെയും അഭിഷേകിനെയും കണ്ടതോടെ അഭ്യൂഹങ്ങൾ കെട്ടടങ്ങി. സിനിമാ രംഗത്ത് ഐശ്വര്യയിന്ന് സജീവമല്ല. പൊന്നിയിൻ സെൽവനാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications