നീ ഹാപ്പിയാണോ, അഭിഷേക് മനസ് തുറന്നപ്പോൾ ഐശ്വര്യയോട് അമിതാഭ്; നടിയെ വീട് കാണിച്ചപ്പോൾ
ബോളിവുഡിൽ മിക്കപ്പോഴും ചർച്ചാ വിഷയമാണ് ബച്ചൻ കുടുംബം. താര കുടുംബത്തെക്കുറിച്ച് അടുത്തിടെ പല ഗോസിപ്പുകളും പ്രചരിച്ചു. ഐശ്വര്യ റായും ഭർത്താവ് അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹം ശക്തമാണ്. ഗോസിപ്പുകൾ തുടരെ വന്നിട്ടും ഐശ്വര്യ റായോ അഭിഷേകോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതേസമയം പൊതുവേദികളിൽ ഇപ്പോൾ ഐശ്വര്യക്കൊപ്പം അഭിഷേക് എത്താറില്ലെന്നും ഇവർ തമ്മിലുള്ള അകൽച്ച പ്രകടമാണെന്നും ആരാധകർ പറയുന്നു. 2007 ലാണ് അഭിഷേകും ഐശ്വര്യയും വിവാഹം ചെയ്തത്. അന്ന് ലോകം അറിയപ്പെടുന്ന താര സുന്ദരിയാണ് ഐശ്വര്യ റായ്.
അഭിഷേക് ബോളിവുഡിൽ മുൻനിര നായക സ്ഥാനം ഉറപ്പിക്കാത്ത നടനും. എന്നാൽ താരമൂല്യത്തിലെ അന്തരം ഇരുവരുടെയും ബന്ധത്തെ ബാധിച്ചില്ല. രണ്ട് വീട്ടുകാരുടെയും സമ്മത പ്രകാരം വിവാഹം നടന്നു. വിവാഹ ശേഷം ഭർത്താവിന്റെ മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും മരുമകളെക്കുറിച്ച് വാചാലരായിരുന്നു. ഐശ്വര്യയും അഭിഷേകും പ്രണയത്തിലായതിനെക്കുറിച്ച് മുമ്പൊരിക്കൽ അമിതാഭ് ബച്ചൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ഐശ്വര്യയും അഭിഷേകും തമ്മിൽ അടുപ്പമുണ്ട്. ന്യൂയോർക്കിൽ ഗുരു സിനിമയുടെ പ്രീമിയറിന് ശേഷം അഭിഷേക് എന്നെ വിളിച്ച് അവളെ പ്രൊപ്പോസ് ചെയ്തെന്ന് പറഞ്ഞു. വീട്ടിലേക്ക് വരാൻ ഞാൻ പറഞ്ഞു. നീ സന്തോഷവതിയാണോ എന്ന് ഐശ്വര്യയോട് ഞാൻ ചോദിച്ചു. അതെയെന്ന് അവൾ. ഞാൻ രണ്ട് പേരെയും വീട്ടിലേക്ക് കൊണ്ട് പോയി. ഇത് നിന്റെ വീടാണ്. മറ്റെന്താണ് പ്രശ്നമെന്ന് താൻ ഐശ്വര്യയോട് പറഞ്ഞെന്നും അമിതാഭ് ബച്ചൻ അന്ന് വ്യക്തമാക്കി.
ദായ് അക്ഷർ പ്രേം കെ, കുച്ച് നാ കഹോ, ധൂം തുടങ്ങിയ സിനിമകളിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചനുമായി സൗഹൃദത്തിലാകുന്നത്. ഉമറ് ജാൻ എന്ന സിനിമ ചെയ്യവെ ഇരുവരും പ്രണയത്തിലായി. വൈകാതെ വിവാഹവും നടന്നു. വിവാഹ ശേഷം ഐശ്വര്യ കരിയറിൽ സജീവമായിരുന്നു. എന്നാൽ അമ്മയായ ശേഷം സിനിമകളുടെ എണ്ണം ഐശ്വര്യ കുറച്ചു. ഇന്ന് കരിയറിൽ നടി സജീവമല്ല.

ഐശ്വര്യ കുടുംബ ജീവിതത്തിൽ ശ്രദ്ധ നൽകുന്നത് കൊണ്ടാണ് തനിക്ക് കരിയറിൽ ശ്രദ്ധ നൽകാൻ കഴിയുന്നതെന്ന് അഭിഷേക് നേരത്തെ പറഞ്ഞിട്ടുണ്ട്. ഏറെക്കാലത്തിന് ശേഷം പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ ഐശ്വര്യ പ്രേക്ഷകർക്ക് മുമ്പിലെത്തി. എന്നാൽ പുതിയ സിനിമകളിലൊന്നും നടി ഒപ്പ് വെച്ചിട്ടില്ല. ഐശ്വര്യയെ സിനിമകളിൽ സജീവമായി കാണാൻ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.
തുടരെ പരാജയങ്ങൾ നേരിടുന്ന അഭിഷേക് ബച്ചൻ കരിയറിലെ മോശം സമയത്താണിപ്പോഴുള്ളത്. അതേസമയം അമിതാഭ് ബച്ചന് ഇപ്പോഴും ശ്രദ്ധേയ സിനിമകൾ ലഭിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ കൽക്കി 2898 എഡി എന്ന സിനിമയിൽ ശ്രദ്ധേയ വേഷമാണ് അമിതാഭ് ബച്ചൻ ചെയ്തത്. വേട്ടെയാനാണ് അമിതാഭിന്റെ പുതിയ സിനിമ. രജിനികാന്താണ് വേട്ടയാനിലെ നായകൻ. ഒക്ടോബർ 10 ന് ചിത്രം റിലീസ് ചെയ്യും.


Click it and Unblock the Notifications