ബീഫും പന്നിയിറച്ചിയും കഴിക്കില്ല! സല്‍മാന്‍ ഖാന്റെ ഈ തീരുമാനത്തിന് കാരണം അമ്മയും അച്ഛനുമെന്ന് താരം
ബോളിവുഡിലെ സൂപ്പര്‍താരമായ സല്‍മാന്‍ഖാന്റെ വിശേഷങ്ങള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയിലൂടെ വൈറലാവാറുണ്ട്. അടുത്തിടെ നടന് നേരെ വധശ്രമം ഉണ്ടായത് അടക്കം വലിയ വിവാദങ്ങളും നടക്കുന്നുണ്ട്. എന്നാല്‍ തന്റെ കരിയര്‍ മായി മുന്നോട്ടു പോവുകയാണ് നടന്‍.
സിനിമയ്ക്കും കരിയറിനുമൊപ്പം കുടുംബത്തിന് തുല്യ പ്രാധാന്യം നല്‍കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. ഇനിയും വിവാഹിതന്‍ അല്ലെങ്കിലും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കാര്യങ്ങളൊക്കെ നോക്കി സന്തോഷമായി ജീവിക്കുകയാണ്. ഇതിനിടെ സല്‍മാന്റെ ഭക്ഷണശീലത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ വൈറല്‍ ആവുകയാണ് ഇപ്പോള്‍.

90 കളില്‍ യുവാക്കളുടെ ഹരമായി മാറിയ നടനാണ് സല്‍മാന്‍ ഖാന്‍. ആരും പരീക്ഷിക്കാത്ത രൂപത്തോടുകൂടി മസില്‍മാനായി സിനിമയിലേക്ക് എത്തി ആരാധകരെ സ്വന്തമാക്കിയ നടന്‍ ഇന്നും അതുപോലെ തന്നെയാണ് ജീവിക്കുന്നത്.
50 വയസ്സ് കഴിഞ്ഞിട്ടും ഇതേ ഫിറ്റ് ബോഡി സംരക്ഷിക്കാന്‍ സല്‍മാനെ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യം പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. മാത്രമല്ല നടന്റെ ഭക്ഷണരീതികള്‍ അറിയാനും പലര്‍ക്കും താല്പര്യമുണ്ട്. അങ്ങനെ 2017ല്‍ ഒരു അഭിമുഖത്തില്‍ നടന്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കും, ഇനി ഒട്ടും കഴിക്കാത്തത് എന്തൊക്കെയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് ' ബീഫും പന്നിയിറച്ചിയും' കഴിക്കില്ല എന്നായിരുന്നു നടന്‍ പറഞ്ഞത്. എന്തുകൊണ്ട് അത് മാത്രം കഴിക്കുന്നില്ല എന്നതിന്റെ കാരണവും നടന്‍ വിശദീകരിച്ചു.
ബീഫ് കഴിക്കാത്തതിന് കാരണം തന്റെ അമ്മയാണെന്നും പന്നിയിറച്ചി കഴിക്കാത്തത് പിതാവിന് വേണ്ടിയാണെന്നും ആണ് നടന്‍ പറഞ്ഞത്. മാത്രമല്ല തന്റെ കുടുംബത്തിലെ വേദികളെ പറ്റിയും അദ്ദേഹം സംസാരിച്ചു.
'ഞാന്‍ അത്തരം ഭക്ഷണങ്ങള്‍ കഴിക്കാറില്ല. ബീഫ് കഴിക്കാത്തത് അതെന്റെ അമ്മയ്ക്ക് വേണ്ടിയാണ്, എന്റെ അമ്മ ഒരു ഹിന്ദുവാണ്. അച്ഛന്‍ ഒരു മുസ്ലിമും. അതുകൊണ്ട് ഞാന്‍ പന്നിയിറച്ചിയും കഴിക്കില്ല. എന്റെ രണ്ടാനമ്മ ക്രിസ്ത്യനിയാണ്. ഞങ്ങളുടേത് ഒരു സമ്പൂര്‍ണ്ണ ഹിന്ദുസ്ഥാനി കുടുംബമാണെന്നാണ്,' അന്ന് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.
സല്‍മാന്‍ ഖാന്‍ മാത്രമല്ല അദ്ദേഹത്തിന്റെ സഹോദരങ്ങളും സമാനമായ രീതിയിലാണ് ജീവിക്കുന്നത്. പല മതത്തില്‍ നിന്നുള്ളവരെയാണ് സഹോദരങ്ങളും വിവാഹം കഴിച്ചിരിക്കുന്നത്. എല്ലാവരും സന്തോഷത്തോടെ ഒരുമിച്ച് ഒരു വീട്ടില്‍ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്.
ആദ്യ ഭാര്യയും അതില്‍ നാല് മക്കളും ഉള്ളപ്പോഴാണ് സല്‍മാന്‍ ഖാന്റെ പിതാവും ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനും സംവിധായകനുമായ സലിം ഖാന്‍ നടി ഹെലനുമായി ഇഷ്ടത്തിലാവുന്നത്. ഇക്കാര്യം ഭാര്യ സലീമയോട് പങ്കുവയ്ക്കുകയും അവരുടെ സമ്മതത്തോടുകൂടി തന്നെ ഹെലനെ ഭാര്യയാക്കുകയും ചെയ്തു.

ശേഷം രണ്ടു ഭാര്യമാരെയും ഒരു വീട്ടില്‍ തന്നെ താമസിപ്പിക്കുകയും രണ്ടാള്‍ക്കും തുല്യ പ്രാധാന്യം കൊടുക്കുകയും ചെയ്തു. അമ്മയോടും രണ്ടാം അമ്മയോടും ഒരേ സ്‌നേഹമാണ് സല്‍മാന്‍ അടക്കമുള്ള താരപുത്രന്മാരും കാണിച്ചത്. എന്നും അതേ സന്തോഷത്തോടുകൂടി ജീവിക്കുന്ന മാതൃക കുടുംബമാണ് സല്‍മാന്റേത്.
സല്‍മാന്‍ ഖാന്‍ മാത്രം വിവാഹം കഴിക്കാത്തതാണ് ഇപ്പോഴും ആരാധകരെ നിരാശരാക്കുന്ന കാര്യം. ഐശ്വര്യ റായി, കത്രീന കൈഫ്, തുടങ്ങി ഒരുകാലത്ത് സൂപ്പര്‍ നായികമാരുമായി പ്രണയത്തിലായിരുന്നു എങ്കിലും സല്‍മാന്‍ ഇതൊന്നും വിവാഹത്തിലേക്ക് എത്തിച്ചില്ല. ഇടയ്ക്ക് നടി സംഗീത ബിജ്‌ലാനിയുമായി വിവാഹ നിശ്ചയം നടത്തിയെങ്കിലും അതും പാതിവഴിയില്‍ മുടങ്ങി പോവുകയായിരുന്നു.
പിന്നീട് വിവാഹമേ വേണ്ട എന്ന് തീരുമാനത്തിലേക്ക് നടനെത്തി. ഇപ്പോള്‍ നടിയും അവതാരകമായ ലുലിയ വാന്ററുമായി ലിവിങ് ടുഗതറായി ജീവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും ഔദ്യോഗികമായി നടന്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടില്ല.


Click it and Unblock the Notifications