ഐശ്വര്യ മരുമകളായി വന്നപ്പോൾ ജയ ബച്ചൻ പ്രതീക്ഷിച്ചത്; പ്രശ്നങ്ങളെന്ന റിപ്പോർട്ടുകൾക്കിടെ ശ്രദ്ധ നേടി വാക്കുകൾ
ഐശ്വര്യ റായും ബച്ചൻ കുടുംബവുമാണ് ബോളിവുഡ് മാധ്യമങ്ങളിൽ ഇപ്പോഴത്തെ സ്ഥിരം ചർച്ച. മാതൃകാ കുടുംബമായി അറിയപ്പെട്ടിരുന്നവരാണ് അമിതാഭ് ബച്ചനും ബന്ധുക്കളും. അമിതാഭ്, ജയ, അഭിഷേക്, ശ്വേത എന്നിവരടങ്ങിയ ബച്ചൻ കുടുംബത്തിലേക്ക് താര സുന്ദരിയായ ഐശ്വര്യ റായ് കടന്ന് വന്നപ്പോൾ സിനിമാ ലോകത്ത് ആഘോഷമായി. ബോളിവുഡ് കണ്ട ഏറ്റവും വലിയ വിവാഹങ്ങളിൽ ഒന്നായിരുന്നു ഐശ്വര്യയുടെയും അഭിഷേകിന്റെയും.
വിവാഹശേഷം കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഐശ്വര്യ വലിയ ശ്രദ്ധ നൽകി. മകൾ പിറന്ന ശേഷം സിനിമാ തിരക്കുകൾ കുറയ്ക്കാനും നടി തയ്യാറായി. പാരമ്പര്യ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന ബച്ചൻ കുടുംബത്തിന് പറ്റിയ മരുമകളാണ് ഐശ്വര്യയെന്ന് ഏവരും പറഞ്ഞു. അതേസമയം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരകുടുംബത്തെക്കുറിച്ച് സുഖകരമല്ലാത്ത വാർത്തകളാണ് പുറത്ത് വരുന്നത്.

ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് സൂചന. ഈ വാദത്തിന് ശക്തി പകരുന്ന പല സംഭവങ്ങളും ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായി. അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ മുമ്പൊരിക്കൽ ജയ ബച്ചൻ പറഞ്ഞ വാക്കുകൾ ആരാധക ശ്രദ്ധ നേടുകയാണ്. തന്റെ മരുമകളായി കടന്ന് വന്ന ഐശ്വര്യയെക്കുറിച്ചുള്ള പ്രതീക്ഷകളാണ് ജയ ബച്ചൻ പങ്കുവെച്ചത്. മുമ്പൊരിക്കൽ കോഫി വിത്ത് കരൺ എന്ന ഷോയിൽ അതിഥിയായെത്തിയപ്പോഴാണ് ജയ ബച്ചൻ മനസ് തുറന്നത്.
ജയയുടെ കുടുംബ വിഷയങ്ങൾ അവതാരകനായ കരൺ ജോഹർ ഷോയിൽ സംസാരിച്ചു. കുടുംബത്തിലെ തന്റെ ഭാരിച്ച ഉത്തരവാദിത്വങ്ങളെക്കുറിച്ച് ജയ സംസാരിക്കവെ കരൺ ഐശ്വര്യ റായിയെ പരാമർശിച്ചു. ഐശ്വര്യ മരുമകളായി കടന്ന് വരുമ്പോൾ ഈ ഭാരങ്ങൾ കുറച്ച് ഇറക്കിവെക്കാൻ പറ്റില്ലേയെന്ന് കരൺ ചോദിച്ചു.

അങ്ങനെ പ്രതീക്ഷിക്കുന്നു, കുറച്ചല്ല, കുറച്ചധികം ഭാരം അവൾ വഹിക്കുമെന്ന് കരുതുന്നെന്ന് ജയ ബച്ചൻ മറുപടി നൽകി. ജയക്കൊപ്പം മകൾ ശ്വേത ബച്ചനും ഷോയിൽ പങ്കെടുത്തിരുന്നു. പൊതുവെ ദേഷ്യക്കാരിയാണ് ജയ ബച്ചൻ. അതേസമയം ഐശ്വര്യ പ്രശംസിച്ച് പല വേദികളിലും ജയ സംസാരിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇവരെ ഒരുമിച്ച് പൊതുവേദികളിലൊന്നും കാണാറില്ല.
ശ്വേത ബച്ചനും ഐശ്വര്യ റായിയുമായി അകലം പാലിക്കുന്നു. അടുത്തിടെ നടന്ന പാരീസ് ഫാഷൻ വീക്കിൽ ഐശ്വര്യ റായ്ക്ക് പുറമെ ശ്വേതയുടെ മകൾ നവ്യ നവേലിയും പങ്കെടുത്തിരുന്നു. നവ്യയുടെ റാംപ് വാക്ക് കാണാൻ ശ്വേതയും ജയ ബച്ചനും എത്തി. മകളെ പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചു. എന്നാൽ ഇതേ ഷോയിൽ പങ്കെടുത്ത ഐശ്വര്യയെക്കുറിച്ച് ശ്വേത ഒന്നും പരാമർശിച്ചില്ല.
സമാനമായി മറ്റൊരു സംഭവവും നടന്നു. കഴിഞ്ഞ ദിവസമായിരുന്നു അമിതാഭ് ബച്ചന്റെ 81ാം പിറന്നാൾ കുടുംബം ആഘോഷിച്ചത്. കുടുംബ സമേതമുള്ള ഫോട്ടോയും പുറത്ത് വന്നു. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത ബച്ചന്റെ മക്കളായ അഗസ്ത്യ, നവ്യ, ഐശ്വര്യയുടെ മകൾ ആരാധ്യ എന്നിവരാണ് ഫോട്ടോയിലുണ്ടായിരുന്നത്. എന്നാൽ ഇതേ ഫോട്ടോ ഐശ്വര്യ പങ്കുവെച്ചപ്പോൾ ആരാധ്യയുടെയും അമിതാഭ് ബച്ചന്റെയും മുഖമൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം ഫോട്ടോയിൽ നിന്ന് എഡിറ്റ് ചെയ്ത് നീക്കി. ഇതാണ് അഭ്യൂഹങ്ങൾ ശക്തിപ്പെടാൻ കാരണമായത്.


Click it and Unblock the Notifications