ഞാന്‍ പരാജയപ്പെട്ട് കാണാനാണ് പിതാവ് ആഗ്രഹിച്ചത്; നിര്‍മാതാവായ പിതാവിനെ കുറിച്ച് നടി ആലിയ ഭട്ട് പറഞ്ഞത്
ബോളിവുഡിലെ ഏറ്റവും മുന്‍നിരയിലുള്ള നടിയാണ് ആലിയ ഭട്ട്. പ്രശസ്ത നിര്‍മാതാവ് മഹേഷ് ഭട്ടിന്റെ മകളായത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള ആലിയയുടെ എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ സ്വന്തം കഴിവും സൗന്ദര്യവും കൊണ്ട് ഇന്‍ഡസ്ട്രിയില്‍ പിടിച്ച് നില്‍ക്കാനും മികച്ച നടിയായി വളരാനും താരപുത്രിയ്ക്ക് സാധിച്ചിരുന്നു. ഈ വര്‍ഷം ഏപ്രിലിലാണ് ആലിയ വിവാഹിതയായത്.
രണ്‍ബീര്‍ കപൂറുമായിട്ടുള്ള ആലിയയുടെ വിവാഹം വലിയ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ പിതാവ് മഹേഷ് ഭട്ടിനെ കുറിച്ച് മുന്‍പൊരിക്കല്‍ ആലിയ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്. തന്റെ പിതാവ് മറ്റുള്ള അച്ഛന്മാരില്‍ നിന്നും എങ്ങനെയാണ് വ്യത്യസ്തനായിരിക്കുന്നത് എന്നതിനെ പറ്റിയാണ് ആലിയ സംസാരിച്ചത്.

'അദ്ദേഹം പൊതുവേ സാധാരണ ഒരു വ്യക്തിയല്ല. അതുകൊണ്ട് തന്നെ സാധാരണക്കാരനായ അച്ഛനും ആയിരിക്കില്ലെന്ന് എല്ലാവര്‍ക്കും സങ്കല്‍പ്പിക്കാന്‍ കഴിയും. എല്ലാ ഞായാറാഴ്ചയും മക്കളുടെ കൂടെ ഇരിക്കുകയോ, വെള്ളിയാഴ്ച സിനിമയ്ക്ക് കൊണ്ട് പോവുകയോ ചെയ്യുന്ന അച്ഛനല്ല. എന്ത് കാര്യമാണെങ്കിലും നന്നായി ചെയ്യണം മോളെ എന്നല്ല അദ്ദേഹം പറയുക. അതിന് വിപരീതമായിട്ടാണ് എല്ലാം ചെയ്യുന്നത്'.
ഒരിക്കല്‍ എന്നോട് തോല്‍ക്കണമെന്നും തോറ്റില്ലെങ്കില്‍ ഞാന്‍ വിഷമിക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. മറ്റുള്ളവര്‍ എന്നോട് പറയുന്നതില്‍ നിന്നും വിപരീതമായി പറയാന്‍ ഇഷ്ടപ്പെടുകയാണെന്നും അതൊക്കെ തന്റെ പിതാവ് എപ്പോഴും ഇഷ്ടപ്പെടാറുണ്ടെന്നും ആലിയ പറയുകയാണ്.

സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഭട്ട് നായികയായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ സിനിമയിലെ കഥാപാത്രം വലിയ ജനപ്രീതി നേടി കൊടുത്തു. എന്നാല്‍ പിതാവിന്റെ അധികാരവും സൗന്ദര്യവും മാത്രമേ ആലിയയ്ക്ക് ഉള്ളുവെന്നും സിനിമ പോലും അങ്ങനെയാണ് കിട്ടിയതെന്ന ആരോപണവും ഉയര്‍ന്ന് വന്നു. പിന്നീടിങ്ങോട്ട് വിമര്‍ശകരുടെ പോലും വായടപ്പിക്കുന്ന പ്രകടനമാണ് ആലിയ കാഴ്ച വെച്ചത്.
സൂപ്പര്‍താരങ്ങളുടെ നായികയായിട്ടും അഭിനയ പ്രധാന്യമുള്ളതും ശക്തമായ സ്ത്രീകഥാപാത്രങ്ങളുമൊക്കെ അനായാസം കൈകാര്യം ചെയ്യാന്‍ ആലിയയ്ക്ക് സാധിച്ചു. ഏറ്റവുമൊടുവില്‍ ഗംഗുഭായി കത്യവാടി എന്ന സിനിമയിലൂടെ ഗംഭീര പ്രകടനമാണ് നടി കാഴ്ച വെച്ചത്. അതുപോലെ ആര്‍ആര്‍ആര്‍ എന്ന തെലുങ്ക് ചിത്രത്തില്‍ സീതയുടെ വേഷവും ചെയ്തു. തെന്നിന്ത്യന്‍ സിനിമയിലേക്കുള്ള ആലിയയുടെ അരങ്ങേറ്റ ചിത്രമായിരുന്നിത്.


Click it and Unblock the Notifications