സല്‍മാന്‍ ഖാന്‍ കാലില്‍ പിടിച്ചാല്‍ ജനം കൂവുമെന്ന് തോന്നി! ആ സിനിമ തന്നെ നിരസിച്ചുവെന്ന് മാധുരി ദീക്ഷിത്
ബോളിവുഡില്‍ ഏറ്റവുമധികം ഹിറ്റായി മാറിയ കുടുംബചിത്രമാണ് ഹം സാത്ത് സാത്ത് ഹേ. 1999 ല്‍ പുറത്തിറങ്ങിയ ചിത്രം ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ സിനിമ കൂടിയായിരുന്നു. സല്‍മാന്‍ ഖാന്‍, സെയിഫ് അലി ഖാന്‍, തബു, കരിഷ്മ കപൂര്‍, മോഹ്നിഷ് ബഹല്‍, സൊനാലി ബിന്ദ്രെ, നീലം കോത്താരി എന്നിങ്ങനെ ഒട്ടനവധി താരങ്ങളാണ് സിനിമയില്‍ അഭിനയിച്ചിരുന്നത്.
സിനിമ റിലീസിനെത്തിയിട്ട് ഇരുപത്തിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് നടി മാധുരി ദീക്ഷിത് പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഈ ചിത്രത്തില്‍ നടി തബു അവതരിപ്പിച്ച കഥാപാത്രം ചെയ്യാനിരുന്നത് മാധുരിയായിരുന്നു. അത് താന്‍ നിരസിച്ചതാണെന്നാണ് നടി തന്നെ മുന്‍പ് വെളിപ്പെടുത്തിയത്.

സല്‍മാന്‍ ഖാനൊപ്പമുള്ള ഒരു പ്രത്യേക സീനില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തെ തുടര്‍ന്നാണ് അന്ന് മാധുരി സിനിമയില്‍ നിന്നും പിന്മാറിയത്. എന്നാല്‍ പിന്നീട് താനീ വേഷം നിരസിക്കാനുണ്ടായ കാരണമെന്താണെന്നും അന്ന് നടന്നതിനെ കുറിച്ചുമൊക്കെ നടി തന്നെ സംസാരിച്ചു. മാധുരിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു 'ഹം സാത്ത് സാത്ത് ഹേ'. തൊണ്ണൂറുകളില്‍ സൂരജിന്റെ ഏറ്റവും പ്രിയപ്പെട്ട നായികയായിരുന്നു മാധുരി. അദ്ദേഹം നല്‍കുന്ന സിനിമകളിലെല്ലാം നടി അഭിനയിച്ചിരുന്നു. അങ്ങനെ ഈ സിനിമയ്ക്ക് വേണ്ടി താരങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ സൂരജിന്റെ മനസില്‍ മാധുരിയും ഉണ്ടായിരുന്നു.
ബര്‍ജാത്യ ഓഫര്‍ ചെയ്ത ഒരു സിനിമയും നിരസിക്കാന്‍ തനിക്ക് കഴിയില്ലെന്നാണ് മാധുരി പില്‍ക്കാലത്ത് പറഞ്ഞിട്ടുള്ളത്. ഏത് വേഷമായിരിക്കും തനിക്ക് ഏറ്റവും അനുയോജ്യമെന്ന് നോക്കിയിരുന്നു. ഇടയ്ക്ക് സിനിമയില്‍ തനിക്ക് ചെയ്യാനാകുന്ന വേഷത്തെക്കുറിച്ച് അദ്ദേഹവുമായി സംഭാഷണം നടത്തി.

ചിത്രത്തില്‍ കരിഷ്മ കപൂറും സൊനാലി ബിന്ദ്രയും അവതരിപ്പിച്ച വേഷങ്ങള്‍ തനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആദ്യമേ വ്യക്തമാക്കിയിരുന്നു. പിന്നെയുള്ളത് തബു അവതരിപ്പിച്ച വേഷമാണ്. ചിത്രത്തില്‍ സല്‍മാന്‍ തബുവിന്റെ കാലില്‍ തൊട്ട് ആലിംഗനം ചെയ്യുന്ന ഒരു രംഗമുണ്ട്. ഈ സന്ദര്‍ഭത്തില്‍, ആ കഥാപാത്രങ്ങള്‍ക്കിടയില്‍ ഒരു 'ഭാഭി-ദേവര്‍' വികാരം ഉണ്ടായിരിക്കണം.
എന്നാല്‍ തബുവിന്റെ സ്ഥാനത്ത് എന്നെ നിര്‍ത്തി സല്‍മാന്‍ എന്റെ കാലില്‍ തൊടുന്നത് ചിത്രീകരിക്കുകയായിരുന്നെങ്കിൽ ആളുകള്‍ തിയേറ്ററുകളില്‍ കൂവി വിളിക്കുമെന്നാണ് ഞാന്‍ കരുതിയത്. അത് ശരിയാണെന്ന് തന്നെയാണ് ഇപ്പോഴും പറയുന്നത്. കാരണം 'ഹം ആപ്കെ ഹേ കോന്‍', എന്ന ചിത്രത്തില്‍ സല്‍മാനും ഞാനും തമ്മിലുള്ള മനോഹരമായ പ്രണയകഥയാണ് കാണിച്ചത്.
ആ ചിത്രത്തിലെ ഞങ്ങളഉടെ റൊമാന്റിക് റോളുകള്‍ കണക്കിലെടുത്താൽ സല്‍മാനുമായുള്ള 'ഭാഭി-ദേവര്‍'' ബന്ധം അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്ന് തനിക്ക് തോന്നിയെന്നാണ് മാധുരി പറയുന്നത്. ആ തോന്നലില്‍ നിന്നാണ് ആ വേഷം നിരസിക്കേണ്ടി വന്നത്. ഒടുവില്‍ നടി തബുവിന് ആ വേഷം കൊടുക്കുകയും അവരത് മനോഹരമാക്കുകയും ചെയ്തു.
അക്കാലത്തെ മുന്‍നിര താരങ്ങളായിരുന്ന കരിഷ്മ, സൊനാലി, നീലം, തബു, സല്‍മാന്‍, സെയ്ഫ് അലി ഖാന്‍, മോഹ്നിഷ് ബഹല്‍ എന്നിവര്‍ ചേര്‍ന്ന് മികച്ചൊരു ഫാമിലി എന്റര്‍ടെയിനറാണ് നല്‍കിയത്. സൂരജ് ബര്‍ജാത്യ സംവിധാനം ചെയ്തപ്പോള്‍ രാജശ്രീ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിച്ചത്. ഒരു തെറ്റിദ്ധാരണ മൂലം അകന്ന ഒരു വലിയ കൂട്ടുകുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം.


Click it and Unblock the Notifications