കാമുകിയുടെ പേരിലുള്ള വൈരാഗ്യം, അഭിനയിക്കുന്നതിനിടെ തമ്മില്‍ തല്ലി നടന്മാര്‍! ബോളിവുഡിലെ പഴയ കഥയിങ്ങനെ
ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്ന വിഷയങ്ങളാണ് പ്രണയം, വേര്‍പിരിയല്‍, വിവാഹങ്ങള്‍, വിവാഹമോചനങ്ങള്‍ എന്നിവ. സിനിമകളുടെ സെറ്റില്‍ വച്ച് പരസ്പരം പ്രണയത്തിലാകുന്ന അഭിനേതാക്കള്‍ വിവാഹം കഴിക്കുകയും ലിവിംഗ് ടുഗതറായി ജീവിച്ചിട്ട് പിന്നീട് വേര്‍പിരിയുകയുമൊക്കെ ചെയ്യാറുണ്ട്. അത്തരത്തില്‍ നിരവധി താരങ്ങളാണ് ഇപ്പോഴും സന്തുഷ്ടരായി ജീവിക്കുന്നത്.
ചിലര്‍ പെട്ടെന്ന് തോന്നിയ ഇഷ്ടം മാത്രമാക്കി അതിനെ തഴയാറുമുണ്ട്. എന്തായാലും താരങ്ങളെ കുറിച്ചുള്ള ഇത്തരം ഗോസിപ്പുകള്‍ക്ക് വലിയ പ്രചരണമാണ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാവുന്നത്. പലപ്പോഴും അഭിനേതാക്കള്‍ അവരുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുന്നതും വൈറലാവാറുണ്ട്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നൊരു കഥയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ സെറ്റില്‍ വെച്ച് സഞ്ജീവ് കുമാറിനോട് അസൂയ തോന്നിയ രാജേഷ് ഖന്നയെ കുറിച്ചുള്ള കഥയാണ് പുറത്ത് വന്നിരിക്കുന്നത്. അക്കാലത്ത് ബോളിവുഡിലെ വമ്പന്‍മാരില്‍, സാധാരണക്കാരന്റെ പ്രതിച്ഛായയുമായി വന്‍ ആരാധകരെ സ്വന്തമാക്കിയ മികച്ച നടന്മാരില്‍ ഒരാളായിരുന്നു സഞ്ജീവ്.
ഹരിഹര്‍ ജെത്തലാല്‍ ജരിവാല എന്നും അറിയപ്പെടുന്ന അദ്ദേഹം ഷോലെ, സീത ഔര്‍ ഗീത, ആന്ധി, അംഗൂര്‍, ഖിലോന, സില്‍സില, ശത്രഞ്ജ് കെ ഖിലാരി തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ 1985 നവംബര്‍ 6 ന് ഹൃദയാഘാതത്തെ തുടര്‍ന്ന് നടന്‍ അന്തരിക്കുകയായിരുന്നു. നടന്റെ ഓര്‍മ്മ ദിവസത്തിലാണ് പഴയ ചില കഥകള്‍ വീണ്ടും പുറത്ത് വന്നത്.
അക്കാലത്ത് നടി അഞ്ജു മഹേന്ദ്രുവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ വൈറലാകുകയും രാജേഷ് ഖന്നയിലേക്ക് എത്തുകയും ചെയ്തു. അങ്ങനെ ചൂടേറിയ ഗോസിപ്പുകള്‍ക്കിടയിലും സഞ്ജീവ് കുമാര്‍ വിവാഹനിശ്ചയത്തിന് തയ്യാറായെന്ന കഥ പലര്‍ക്കും അറിയില്ല. ഏഴ് വര്‍ഷത്തോളം ലിവ്-ഇന്‍ ബന്ധത്തിലായതിന് ശേഷമാണ് രാജേഷ് ഖന്നയും അഞ്ചു മഹിന്ദ്രുവും 1972-ല്‍ അവരുടെ ബന്ധം അവസാനിപ്പിച്ചത്.
വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ നടി ആഗ്രഹിച്ചെങ്കിലും ഖന്ന അത് വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് താരങ്ങള്‍ വേര്‍പിരിയുന്നത്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സഞ്ജീവ് കുമാറും അഞ്ജുവും തമ്മില്‍ ബന്ധത്തിലാണെന്ന കിംവദന്തികള്‍ പ്രചരിക്കാന്‍ തുടങ്ങി. ഇത് രാജേഷ് ഖന്നയ്ക്ക് അത്ര ഇഷ്ടപ്പെട്ടിരുന്നില്ലെന്ന് മാത്രമല്ല സഞ്ജീവിനോടുള്ള വൈരാഗ്യമായി ഇത് മാറുകയും ചെയ്തു.

പിന്നീട് ഒരു അഭിമുഖത്തില്‍, തങ്ങളുടെ വേര്‍പിരിയലിന് ശേഷം, അമ്മയുടെ സഹോദരനായിരുന്ന സഞ്ജീവുമായുള്ള ബന്ധത്തെ കുറിച്ചുള്ള തെറ്റായ ധാരണ ഖന്ന വളര്‍ത്തിയെടുത്തുവെന്ന് നടി വെളിപ്പെടുത്തി. ഈ പ്രശ്‌നങ്ങളൊക്കെ നടന്നതിന് ശേഷം സഞ്ജീവും രാജേഷ് ഖന്നയും ഒരു സിനിമയില്‍ ഒരുമിച്ചഭിനയിച്ചിരുന്നു.
ഈ സിനിമയിലെ ഒരു രംഗത്തില്‍ താരങ്ങള്‍ ഫൈറ്റ് ചെയ്യുന്ന സീനുണ്ട്. ഈ അവസരം വ്യക്തി വൈരാഗ്യം തീര്‍ക്കാനായി ഖന്ന മുതലെടുത്തു. അങ്ങനെ സഞ്ജീവിനെ പ്രതികാരം തോന്നി നടന്‍ തല്ലുകയായിരുന്നു എന്നാണ് നേരത്തെ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജു മഹേന്ദ്രൂ പറഞ്ഞത്.
'ഞാന്‍ ഒരിക്കലും ഹരിയില്‍ ആകൃഷ്ടനായിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം അവന്‍ എന്റെ അമ്മയുടെ സഹോദരനായിരുന്നു. സത്യത്തില്‍ എനിക്ക് ഹരിയുമായി ബന്ധമുണ്ടെന്ന് എല്ലാവരോടും പറഞ്ഞത് ഒരു നടിയാണ്. എനിക്ക് ഹരിയുമായി ഒരു ബന്ധമുണ്ടെന്ന് എന്റെ മുന്‍ കാമുകനും വിശ്വസിച്ചു.
ഞങ്ങള്‍ വേര്‍പിരിഞ്ഞ് വളരെ കാലത്തിന് ശേഷം അയാള്‍ തെറ്റിദ്ധാരണ പരത്തി. വര്‍ഷങ്ങള്‍ക്ക് ശേഷം, ഹരിയും താനും ഒരു സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ഒരു സീനില്‍ ഹരിയെ തല്ലേണ്ടിവരുകയും ചെയ്തു. ഹരിയും അയാളും പിന്നെ ഒരിക്കലും ഒത്തു പോയിട്ടില്ലെന്നും', അഞ്ജു പറയുന്നു.
അഞ്ജുവുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം നടി ഡിംപിള്‍ കപാഡിയുയമായി രാജേഷ് ഖന്ന ഇഷ്ടത്തിലാവുകയും ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു. അഞ്ജു നടന്‍ ഇംതിയാസ് അലിയുമായി കുറേ കാലം ഡേറ്റ് ചെയ്‌തെങ്കിലും പിന്നീട് വേര്‍പിരിയുകയായിരുന്നു.


Click it and Unblock the Notifications











