ഐശ്വര്യ റായി ദേഷ്യപ്പെടാറില്ലെന്ന് നടന്‍ അക്ഷയ് കുമാര്‍; ഐശ്വര്യയെ കുറിച്ച് പുകഴ്ത്തിയിട്ടും മതിയാവാതെ താരം
നടന്‍ അക്ഷയ് കുമാറും ഐശ്വര്യ റായിയും നല്ല സുഹൃത്തുക്കളാണ്. 2004 ല്‍ ഖാക്കീ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദം ശക്തമാവുന്നത്. ഓണ്‍സ്‌ക്രീനിലെ താരങ്ങളുടെ കെമിസ്ട്രി ആരാധകരുടെ പ്രശംസകള്‍ നേടി കൊടുക്കുകയും ചെയ്തിരുന്നു. 2010 വരെ ഇരുവരും സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചെങ്കിലും പിന്നീട് അതിന് അവസരം ലഭിച്ചില്ല.
വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ ഐശ്വര്യ റായിയുടെ കൂടെ അഭിനയിച്ചതിനെ കുറിച്ചും നടിയുമായിട്ടുള്ള സൗഹൃദത്തെ കുറിച്ചും അക്ഷയ് കുമാര്‍ തുറന്ന് സംസാരിച്ചിരുന്നു. 2010 ല്‍ പുറത്ത് വന്ന അഭിമുഖം വീണ്ടും ഇന്റര്‍നെറ്റിലൂടെ വൈറലായതോടെ താരങ്ങളുടെ അടുപ്പം ചര്‍ച്ചകള്‍ക്ക് കാരണമായിരിക്കുകയാണ്.

ഇപ്പോള്‍ നാല്‍പത്തിയെട്ട് വയസുള്ള ഐശ്വര്യ റായിയുടെ കൂടെ അന്ന് അഭിനയിക്കുമ്പോള്‍ ഗംഭീരമെന്നേ പറയാന്‍ പറ്റൂ എന്നാണ് അക്ഷയ് വെളിപ്പെടുത്തിയത്. അഭിനേതാവ് എന്ന നിലയിലും ഒരു വ്യക്തി എന്ന നിലയിലും അവിശ്വസനീയമായ പ്രതിഭയാണ് ഐശ്വര്യ. തന്റെ ജോലിയില്‍ ശ്രദ്ധിക്കുന്നത് പോലെ അതേ ഊര്‍ജ്ജവും ശ്രദ്ധയും അച്ചടക്കവും അവര്‍ എല്ലായിടത്തും കാണിക്കാറുണ്ടെന്നുമാണ് നടന്‍ പറഞ്ഞത്.
അക്ഷയ് കുമാറിന്റെ വാക്കുകളിങ്ങനെയാണ്.. 'ഐശ്വര്യ റായി ഒരു ദിവയല്ല. അവള്‍ ദേഷ്യപ്പെടാറില്ല. അവള്‍ സിനിമയുടെ സെറ്റിലേക്ക് അവള്‍ക്കായി പ്രത്യേകിച്ച് ഒരു സാധനവും കൊണ്ട് വരാറില്ല. ഒപ്പം ജോലി ചെയ്യാന്‍ വളരെ എളുപ്പമുള്ള വ്യക്തിയാണ് ഐശ്വര്യ. കുറച്ച് കാലമായി ഒരുമിച്ച് വര്‍ക്ക് ചെയ്യാത്ത ഒരാളുമായി വീണ്ടും അഭിനയിക്കുന്നത് ഉന്മേഷം നല്‍കുന്ന കാര്യമാണെന്ന്' അക്ഷയ് കുമാര്‍ പറയുന്നു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

ആദ്യ സിനിമയ്ക്ക് ശേഷം 2010 ല്‍ പുറത്തിറങ്ങിയ 'ആക്ഷന്‍ റീപ്ലേ' എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് നായിക, നായകന്മാരായി അഭിനയിച്ചത്. ഈ സിനിമ ബോക്‌സോഫീസില്‍ വലിയ പരാജയമാണ് നേടിയത്. എന്നിരുന്നാലും താരങ്ങളുടെ കെമിസ്ട്രി ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി. ഇനി മൂന്നാമതും താരജോഡികള്‍ ഒരുമിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് എല്ലാവരും കാത്തിരിക്കുന്നത്.
2011 ല്‍ മകള്‍ ആരാധ്യയ്ക്ക് ജന്മം കൊടുത്തതോടെയാണ് ഐശ്വര്യ സിനിമാഭിനയത്തില്‍ നിന്നും ഇടവേള എടുത്തത്. ശേഷം സിനിമയിലേക്ക് തന്നെ തിരിച്ച് വന്നെങ്കിലും സജീവമായി അഭിനയിക്കുന്നില്ല. ഇപ്പോള്‍ തമിഴില്‍ പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിലാണ് ഐശ്വര്യ റായി അഭിനയിക്കുന്നത്.


Click it and Unblock the Notifications











