ധരിച്ച കോസ്റ്റ്യൂമിന് റീനയുടെ വസ്ത്രത്തേക്കാൾ വിലക്കുറവ്; ഷൂട്ടിംഗ് നിർത്തിച്ച രേഖ
സൂപ്പർ ഹിറ്റായ സിനിമയിൽ റീന റോയ് ആണ് പ്രധാന വേഷം ചെയ്തിരുന്നത്.
അറുപതുകളിലും എഴുപതുകളിലും ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിന്ന നായിക നടിയാണ് രേഖ. അന്നും ഇന്നും രേഖയ്ക്ക് സിനിമാ ലോകത്ത് പ്രത്യേക സ്ഥാനമുണ്ട്. ജീവിതം പലപ്പോഴും ഒരു സിനിമാക്കഥ പോലെ നാടകീയമായതിനാൽ തന്നെ രേഖ എന്നും ഗോസിപ്പ് കോളങ്ങളിൽ ഇടം നേടാറുണ്ട്. നടിയെ ചുറ്റിപ്പറ്റി പല ചുരുളഴിയാത്ത ചോദ്യങ്ങളും വരാറുണ്ട്.
ഭർത്താവ് ആത്മഹത്യ ചെയ്തിട്ട് വർഷങ്ങൾക്കിപ്പുറവും രേഖ നെറ്റിയിൽ സിന്ദൂരം ചാർത്തുമായിരുന്നു. അമിതാഭ് ബച്ചനുമായി നടി പ്രണയത്തിലായിരുന്നോയെന്ന് ഇന്നും മിക്കവർക്കും അറിയില്ല. ചെറുപ്പ കാലം തൊട്ടേ അവിചാരിതമായ സംഭവങ്ങൾ രേഖയുടെ ജീവിതത്തിൽ നടന്നു. സൂപ്പർ താരം ജെമിനി ഗണേശന്റെ മകളായിരുന്നെങ്കിലും തന്റെ മകളായി അദ്ദേഹം പരസ്യമായി രേഖയെ അംഗീകരിച്ചിരുന്നില്ലത്രെ.
അമ്മ പുഷ്പവല്ലിയുടെ സംരക്ഷണയിലാണ് രേഖ വളർന്നത്. നടി എപ്പോഴും സാരി ധരി ധരിക്കുന്നതിനുള്ള കാരണവും അമ്മ തന്നെയാണ്. സാരി ധരിക്കുമ്പോൾ തനിക്ക് അമ്മയോടടുത്ത പോലെ തോന്നുമെന്നാണ് രേഖ വ്യക്തമാക്കിയിട്ടുള്ളത്. കാലത്തിന് മുന്നേ സഞ്ചരിച്ച വ്യക്തിയായിരുന്നു രേഖ. രേഖയുടെ പഴയ അഭിമുഖങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുമ്പോൾ ഇന്ന് പലരും ഇക്കാര്യം ചൂണ്ടിക്കാട്ടാറുണ്ട്.

ഭർത്താവ് മരിച്ചെങ്കിലും തന്റെ ജീവിതം സന്തോഷങ്ങൾ രേഖ തല്ലികെടുത്തിയില്ല. ബോളിവുഡിലെ യുവതലമുറയോട് എപ്പോഴും അനുഭാവ പൂർണമാണ് രേഖ പെരുമാറിയത്. ഇവരുടെ നല്ല സിനിമകൾ വരുമ്പോൾ അഭിനന്ദിക്കാനും സമ്മാനങ്ങൾ നൽകാനും രേഖ മറക്കാറില്ല.
എന്നാൽ ചെറുപ്പകാലത്ത് പ്രായത്തിന്റേതായ പക്വതക്കുറവും രേഖ സിനിമാ ജീവിതത്തിൽ കാണിച്ചിട്ടുണ്ട്. 1976 ൽ പുറത്തിറങ്ങിയ നാഗിൻ എന്ന സിനിമയുടെ സെറ്റിൽ വെച്ച് ഇത്തരത്തിലൊരു സംഭവമുണ്ടായിരുന്നു. രാജ് കുമാർ കോലി സംവിധാനം ചെയ്ത സിനിമയിൽ രേഖ, റീന റോയ്, സുനിൽ ദത്ത്, ഫിറോസ് ഖാൻ, സഞ്ജയ് ഖാൻ, മുംതാസ്, വിനോദ് മെഹ്റ, കബിർ ബേഡി, അനിൽ ധവാൻ, ജീതേന്ദ്ര തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങൾ ചെയ്തത്.
അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം സിനിമയിൽ രേഖയെയും റീന റോയിയെയും ഒരുമിച്ച് അഭിനയിപ്പിക്കുകയെന്നത് ശ്രമകരമായിരുന്നത്രെ. ഒരു ഘട്ടത്തിൽ സിനിമയിലെ ഒരു ഗാന രംഗം നിർത്തി വെക്കേണ്ടിയും വന്നു.
റീന റോയുടെ കരിയർ മികച്ച സമയത്ത് നിൽക്കവെയാണ് നാഗിൻ സിനിമ ഷൂട്ട് ചെയ്യുന്നത്. മറു വശത്ത് രേഖയും അന്ന് പ്രശസ്തയാണ്. ഇരുവരും തമ്മിൽ ഒരു മത്സരാന്തരീക്ഷം സെറ്റിലുണ്ടായത്രെെ. സിനിമയിൽ താരതമ്യേന പ്രാധാന്യം റീനയ്ക്കായിരുന്നു.
തനിക്ക് താരതമ്യേന പ്രാധാന്യം കുറഞ്ഞ വേഷമായതിൽ രേഖയ്ക്ക് നീരസം തോന്നുകയും ചെയ്തു. തേരെ ഇഷ്ക് കാ മുജ് പേ ഹുവാ എന്ന ഗാനം ഷൂട്ട് ചെയ്യുന്നതിനിടെ നടി നീരസം പ്രകടിപ്പിക്കുകയും ചെയ്തു.

ഗാന രംഗത്തിൽ റീന ധരിച്ച വസ്ത്രത്തിന് തന്റെ വസ്ത്രത്തേക്കാൾ വില കൂടതലാണെന്ന് രേഖ അറിയാനിടയായി. ഇതോടെ രേഖയ്ക്ക് ദേഷ്യം വന്നു. സംവിധായകനെ വിളിച്ച് രേഖ ഇക്കാര്യം അരിശത്തോടെ ചൂണ്ടിക്കാട്ടി. തനിക്ക് കോസ്റ്റ്യൂം മാറ്റി നൽകാതെ ഷൂട്ടിന് വരില്ലെന്ന് രേഖ വാശി പിടിച്ചു.
ഒടുവിൽ രേഖയുടെ വാശിക്ക് അന്ന് നിർമാതാവും സംവിധായകനും സമ്മതിക്കുകയായിരുന്നത്രെ. തർക്കങ്ങൾക്കപ്പുറത്ത് ഈ സിനിമ ആ വർഷം വൻ വിജയമായി. നാഗിനിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടു.


Click it and Unblock the Notifications