അമ്മ മരിക്കുമ്പോൾ എനിക്ക് എട്ട് വയസ്, മനസ് തുറന്ന് സംസാരിക്കാൻ ആരുമില്ല, സിൽവർ സ്പൂൺ ജീവിതം വെറും പുറംകാഴ്ച!
ബോളിവുഡ് താരങ്ങളുടെ മക്കൾ ആഡംബരത്തിലും സൗകര്യങ്ങളിലും മാത്രം ജീവിക്കുന്നവരാണെന്നും ജീവിതത്തിൽ യാതൊരു ബുദ്ധിമുട്ടുകളും നേരിടേണ്ടി വരില്ലെന്നുമുള്ള ഒരു പൊതുധാരണയുണ്ട്. എന്നാൽ ഓരോരുത്തരുടെയും ജീവിത പോരാട്ടങ്ങൾ വ്യത്യസ്തമാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ സഞ്ജയ് ദത്തിന്റെ മകൾ തൃഷാല ദത്ത് തന്റെ ബാല്യത്തിൽ ന്യൂയോർക്കിൽ നേരിട്ട ബുള്ളിയിംഗിനെയും വംശീയ അധിക്ഷേപങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞു.
സഞ്ജയ് ദത്തിന്റെയും ആദ്യ ഭാര്യ റിച്ച ശർമ്മയുടെയും മകളാണ് തൃഷാല. 1996ൽ റിച്ച അന്തരിച്ചതിനുശേഷം തൃഷാല ന്യൂയോർക്കിൽ അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് വളർന്നത്. ഇന്ത്യയിൽ സിനിമാ തിരക്കുകളിലായിരുന്ന സഞ്ജയ് ദത്ത് ഇടയ്ക്കിടെ മകളെ കാണാൻ എത്താറുണ്ടായിരുന്നു.

യൂട്യൂബ് ചാനലായ ഇൻസൈഡ് തോട്ട് ഔട്ട് ലൗഡിന് നൽകിയ അഭിമുഖത്തിലാണ് തൃഷാല തന്റെ ബാല്യകാല അനുഭവങ്ങൾ പങ്കുവെച്ചത്. അഞ്ചോ ആറോ വയസുള്ളപ്പോഴാണ് താൻ ആദ്യമായി ബുള്ളിയിങ് നേരിട്ടതെന്ന് തൃഷാല ദത്ത് പറയുന്നു. ഇന്ത്യൻ വംശജയാണെന്ന കാരണത്താലായിരുന്നു സഹപാഠികളുടെ പരിഹാസവും അധിക്ഷേപവും. ഞാൻ അന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. എനിക്ക് സുരക്ഷിതമായി തോന്നുന്ന ഒരു ഇടമോ ആരോടെങ്കിലും തുറന്ന് സംസാരിക്കാനുള്ള സാഹചര്യമോ ഉണ്ടായിരുന്നില്ല.
അതുകൊണ്ട് തന്നെ വളരെ അധികം പരിഹാസങ്ങളും മാനസിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നുവെന്ന് തൃഷാല ദത്ത് പറഞ്ഞു. മിഡിൽ സ്കൂളിലെത്തിയപ്പോൾ ശരീരഭാരം കൂടിയതും പരിഹാസങ്ങൾക്ക് കാരണമായി. പിന്നീട് ഹൈസ്കൂളിലെത്തിയപ്പോൾ താൻ ആരാണെന്നും ഏത് കുടുംബത്തിൽ നിന്നാണ് വരുന്നതെന്നും ആളുകൾ തിരിച്ചറിഞ്ഞതോടെ കാര്യങ്ങൾ കൂടുതൽ വഷളായെന്നും തൃഷാല ഓർക്കുന്നു.
ആ സമയത്ത് എനിക്ക് ആശ്രയിക്കാനാരുമില്ലായിരുന്നു. ഒരാളോടെങ്കിലും മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട് തൃഷാല പറഞ്ഞു. 1996ലാണ് തൃഷാലയുടെ അമ്മ റിച്ച ശർമ മരിച്ചത്. അന്ന് തൃഷാലയ്ക്ക് വെറും എട്ട് വയസായിരുന്നു. 1989ൽ റിച്ചയ്ക്ക് ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. രോഗം കണ്ടെത്തുമ്പോഴേക്കും അത് നാലാം ഘട്ടത്തിലെത്തിയിരുന്നു. എന്റെ അമ്മ 1996ൽ ബ്രെയിൻ ട്യൂമർ മൂലമാണ് മരിച്ചത്.
എനിക്ക് അന്ന് എട്ട് വയസായിരുന്നു. 1989ലാണ് രോഗം കണ്ടെത്തിയത്. പക്ഷെ അപ്പോഴേക്കും അത് ഏറ്റവും അപകടകരവും അതിവേഗം പടരുന്നതുമായ നാലാം ഘട്ടത്തിലായിരുന്നു തൃഷാല പറഞ്ഞു. 1980കളിൽ ലഹരി ഉപയോഗ പ്രശ്നങ്ങൾ മറികടന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ശേഷമാണ് സഞ്ജയ് ദത്ത് റിച്ച ശർമ്മയെ വിവാഹം കഴിച്ചത്.

1987ൽ ന്യൂയോർക്കിൽ വിവാഹിതരായ ഇരുവർക്കും തൊട്ടടുത്ത അടുത്ത വർഷം തന്നെ തൃഷാല ജനിച്ചു. എന്നാൽ അതിന് പിന്നാലെയാണ് റിച്ചയ്ക്ക് കാൻസർ സ്ഥിരീകരിച്ചത്. അമ്മയുടെ ചികിത്സക്കായി അച്ഛൻ ഇന്ത്യയും അമേരിക്കയുമായി നിരന്തരം യാത്ര ചെയ്യേണ്ടി വന്നിരുന്നു. അച്ഛൻ ഇന്ത്യയിലും അമേരിക്കയിലും സമയം പങ്കിട്ടാണ് ജീവിച്ചത്. സിനിമാ തിരക്കുകൾക്കൊപ്പം അമ്മയുടെ ചികിത്സയ്ക്കായി മുഴുവൻ സമയവും ഇവിടെ തുടരുക അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു തൃഷാല പറഞ്ഞു.
റിച്ചയ്ക്ക് ചികിത്സ നൽകിയിരുന്നത് ന്യൂയോർക്കിലെ ഒരു വിഖ്യാത കാൻസർ സെന്ററിലായിരുന്നു. സഞ്ജയ് ദത്തിന്റെ അമ്മയും പ്രശസ്ത നടിയുമായ നർഗീസ് ദത്തിനെ ചികിത്സിച്ചതും ഇതേ ആശുപത്രിയിലായിരുന്നു. നർഗിസ് ദത്ത് 1981ൽ സഞ്ജയ് ദത്തിന്റെ ആദ്യ സിനിമയുടെ റിലീസിന് ദിവസങ്ങൾ മുമ്പാണ് അന്തരിച്ചത്.
ജീവിതത്തിൽ ഒരുപാട് വിഷമങ്ങൾ നിറഞ്ഞുനിന്ന സമയത്ത് ഭക്ഷണത്തിലൂടെയാണ് താൻ ആശ്വാസം കണ്ടെത്തിയതെന്നും തൃഷാല പറയുന്നു. അമ്മ കാൻസറുമായി പോരാടിക്കൊണ്ടിരുന്ന സമയത്ത് ഞാൻ ഭക്ഷണത്തെ ആശ്രയിച്ചാണ് മാനസിക സമർദ്ദം കുറച്ചതും ആശ്വാസം കണ്ടെത്തിയതും. അതുകൊണ്ടാണ് എനിക്ക് ശരീരഭാര പ്രശ്നങ്ങൾ വന്നത്. സഞ്ജയ് ദത്തിന്റെ മകൾ എന്ന നിലയിൽ ആളുകൾക്ക് ഉണ്ടായിരുന്ന സങ്കൽപ്പ രൂപം എനിക്കില്ലായിരുന്നു.
അതും വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഒരു സെലിബ്രിറ്റിയുടെ മകളാ ണെങ്കിൽ ഒരു പ്രത്യേക രൂപത്തിൽ തന്നെ കാണണം എന്നാണ് ആളുകളുടെ ധാരണ. പക്ഷെ ഞാൻ സഞ്ജയ് ദത്തിന്റെ മകളെക്കുറിച്ച് ആളുകൾക്കുണ്ടായിരുന്ന സങ്കൽപ്പത്തിലുള്ള രൂപത്തിൽ ആയിരുന്നില്ലെന്നും തൃഷാല പറഞ്ഞു.


Click it and Unblock the Notifications


