മക്കളുടെ വിദ്യാഭ്യാസത്തിന് പണം ചെലവഴിക്കുന്നത് ഞാൻ; സാമ്പത്തിക സ്വാതന്ത്ര്യത്തെക്കുറിച്ച് ട്വിങ്കിൾ
ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും. 2001 ൽ വിവാഹിതരായ ഇരുവരും തങ്ങളുടെ കുടുംബ വിശേഷങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അക്ഷയ് കുമാർ ബോളിവുഡിലെ സൂപ്പർ സ്റ്റാർ ആയി വളർന്നപ്പോൾ ട്വിങ്കിൾ അഭിനയം വിട്ട് കുടുംബ ജീവിതത്തിന് ശ്രദ്ധ നൽകി. പിന്നീട് എഴുത്തിലേക്കും നടി തിരിഞ്ഞു. പ്രമുഖ ദേശീയ മാധ്യമങ്ങളിൽ ട്വിങ്കിളിന്റെ ലേഖനങ്ങൾ വരാറുണ്ട്.
ഇപ്പോഴിതാ സൂപ്പർ സ്റ്റാറിന്റെ ഭാര്യായാണെങ്കിലും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ പറ്റി സംസാരിച്ചിരിക്കുകയാണ് ട്വിങ്കിൾ. സ്വന്തമായി ഒരു സാമ്പത്തിക അടിത്തറ ആവശ്യമാണെന്ന് വ്യക്തമാക്കിയ ട്വിങ്കിൾ താനതിനു വേണ്ടി നടത്തിയ ശ്രമങ്ങളും ഓർത്തെടുത്തു. താരത്തിന്റെ തന്നെ യൂട്യൂബ് ചാനലായ ട്വീക്ക് ഇന്ത്യയിൽ സംസാരിക്കുകയായിരുന്ന ട്വിങ്കിൾ.

17ാം വയസ്സിലാണ് തനിക്ക് ആദ്യ സാലറി ലഭിക്കുന്നത്. ലഡു വാങ്ങാൻ മാത്രമേ അതുണ്ടായിരുന്നുള്ളൂ. നല്ലൊരു തുകയുടെ പേ ചെക്ക് കിട്ടിയപ്പോൾ ആ തുക കൊണ്ട് കാർ വാങ്ങി. സിൽവർ ഒപെൽ ആയിരുന്നു കാർ. ആ കാർ ഇപ്പോൾ നിർമ്മിക്കുന്നുണ്ടോ എന്നറിയില്ല. കാറിന്റെ തുകയുടെ ബാക്കി ഇഎംഐ അടയ്ക്കുകയായിരുന്നെന്നും ട്വിങ്കിൾ വ്യക്തമാക്കി.
ഭർത്താവ് അക്ഷയ് കുമാറിനൊപ്പം തനിക്ക് ജോയിന്റ് ബാങ്ക് അക്കൗണ്ട് ഇല്ലെന്നും ട്വിങ്കിൾ പറഞ്ഞു. മക്കളുടെ വിദ്യാഭ്യാസത്തിനും എന്റെ ആവശ്യത്തിനും സ്വന്തം പണമാണ് ചെലവഴിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന് ഞാൻ പണം നൽകുന്നുണ്ടെന്ന് എപ്പോഴും ഞാനുറപ്പ് വരുത്തും. എന്റെ മക്കൾ അതിൽ അഭിമാനിക്കണം. എന്റെ അമ്മയാണ് എന്റെ വിദ്യാഭാസത്തിന് പണം ചെലവഴിക്കുന്നതെന്ന് എന്റെ മക്കൾ പറയണം. വെറും ആലു പൊറോട്ട കഴിപ്പിക്കുക മാത്രമല്ല ചെയ്യുന്നതെന്നും, ട്വിങ്കിൾ പറഞ്ഞു.

സൂപ്പർ താരത്തിന്റെ ഭാര്യയാണെന്ന് കരുതി താൻ അനാവശ്യമായി ഒന്നും ചെലവഴിക്കാറില്ലെന്നും ട്വിങ്കിൾ പറഞ്ഞു. ചെലവാക്കാതെ എന്തിനാണിങ്ങനെ ജോലി ചെയ്യുന്നതെന്ന് കുടുംബം ചോദിക്കാറുണ്ടെന്നും ട്വിങ്കിൾ വ്യക്തമാക്കി. 2001 ൽ വിവാഹിതരായ അക്ഷയ് കുമാറിനും ട്വിങ്കിളിനും ആരവ് കുമാർ, നിതാര കുമാർ എന്നീ രണ്ട് കുട്ടികളും ഉണ്ട്. അതേസമയം കരിയറിന്റെ തിരക്കുകളിലാണ് അക്ഷയ് കുമാർ. രക്ഷാ ബന്ധൻ ആണ് നടന്റെ അവസാനം റിലീസ് ചെയ്ത സിനിമ.


Click it and Unblock the Notifications