'അത്രത്തോളം ആത്മബന്ധമുണ്ടായിരുന്നവർ'; പ്രണയം അവസാനിപ്പിച്ച് സിദ്ധാർഥും കിയാര അധ്വാനിയും
ബോളിവുഡിൽ അടക്കടി പ്രണയങ്ങളും പ്രണയ തകർച്ചകളും സംഭവിക്കാറുണ്ട്. അത്തരത്തിൽ സ്റ്റാർ കപ്പിൾസായി തിളങ്ങി നിന്നിരുന്ന രണ്ടുപേർ കൂടി വഴി പിരിഞ്ഞുവെന്ന റിപ്പോർട്ടുകളാണ് ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. ബോളിവുഡിലെ ക്യൂട്ട് കപ്പിളായി ആരാധകർ ആഘോഷിച്ചിരുന്ന സിദ്ധാർഥ് മൽഹോത്രയും കിയാര അധ്വാനിയും ബ്രേക്കപ്പായി എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. നാളുകളായി കിയാരയും സിദ്ധാർഥും പ്രണയത്തിലാണെന്ന വാർത്തകൾ വരുന്നുണ്ടെങ്കിലും ഇരുവരും വാർത്ത നിഷേധിച്ചിട്ടില്ല.
അതേസമയം സത്യമാണെന്ന് സമ്മതിച്ചിട്ടുമില്ല. എന്നാൽ യാത്രകളിലും പൊതുവേദികളും സോഷ്യൽമീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിലും കിയാരയും സിദ്ധാർഥും ഒരുമിച്ചാണ് കാണപ്പെടാറുള്ളത്. നാളുകളായി ഇരുവരുടേയും പ്രണയത്തെ കുറിച്ച് വാർത്തകൾ വരുന്നതിനാൽ ഉടൻ തന്നെ താരങ്ങൾ പ്രണയം ഔദ്യോഗികമായി പരസ്യപ്പെടുത്തുന്നത് കാത്ത് ആരാധകർ ഇരിക്കുമ്പോഴാണ് ബ്രേക്കപ്പായി എന്ന റിപ്പോർട്ടുകൾ വരുന്നത്. ഷേർഷ എന്ന സിനിമ കൂടി റിലീസ് ചെയ്ത ശേഷമാണ് കിയാര-സിദ്ധാർഥ് ജോഡി കൂടുതൽ ആഘോഷിക്കപ്പെട്ടത്.

ഷേർഷയിലെ കെമിസ്ട്രി ഇരുവരുടേയും ജീവിതത്തിലും കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആരാധകരും അഭിപ്രായം മുമ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. താരങ്ങളുടെ പ്രണയ തകർച്ചയെ കുറിച്ച് ഇരുവരുമായി അടുത്ത വൃത്തങ്ങൾ പറയുന്നത് ഇങ്ങനെയാണ്. സിദ്ധാർത്ഥും കിയാരയും വേർപിരിഞ്ഞു. ഇരുവരും പരസ്പരം കണ്ടുമുട്ടുന്നത് നിർത്തി. വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ അവരുടെ വേർപിരിയൽ തീർച്ചയായും നിരാശാജനകമാണ്. സിദ്ധാർത്ഥും കിയാരയും വളരെ നല്ല ബന്ധത്തിലായിരുന്നു. അവർ പിണങ്ങുമെന്ന് പലരും കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു. എന്നിരുന്നാലും അവർ ഒരുമിച്ച് ഇത്രനാൾ സഞ്ചരിച്ചു. താരങ്ങൾക്കിടയിൽ എന്താണ് തെറ്റ് സംഭവിച്ചതെന്ന് അറിയില്ല.

അവർ അത് പരിഹരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പരിഹരിച്ച് ഒന്നാകാനും സാധ്യതയുണ്ട്. കിയാരയുമായുള്ള അടുത്ത സൗഹൃദത്തിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചപ്പോൾ ഒരിക്കൽ സിദ്ധാർഥ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. 'ഞങ്ങൾ രണ്ടുപേരും സിനിമയ്ക്ക് ശേഷം പുറത്തുള്ള ജീവിതം ആസ്വദിക്കുന്നവരാണ്. അത് ഞങ്ങളെ ബന്ധിപ്പിക്കുന്നു. ആ ഒരു ജീവിതത്തിന് വില കൽപിക്കുന്നവരാണ് ഞങ്ങൾ. ചിലപ്പോൾ സിനിമയിൽ തന്നെ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ഭൂരിഭാഗം ആളുകളും കുടുങ്ങിപ്പോകും. ഒരു ചിട്ടയായ ജീവിതം മറക്കും. ഞങ്ങൾ രണ്ടുപേരും സിനിമയ്ക്ക് അപ്പുറവും പുറത്ത് സ്ഥിരമായ ജീവിതമുണ്ടെന്ന് കരുതുന്നവരാണ്. അത് തന്നെയാണ് ഞങ്ങളെ ബന്ധിപ്പിക്കുന്നതും' സിദ്ധാർഥ് മൽഹോത്ര പറഞ്ഞു.

സിദ്ധാർഥും കിയാരയും ഒരുമിച്ച് അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ ഷേർഷയായിരുന്നു. വിഷ്ണുവർധൻ ഒരുക്കിയ ചിത്രം കാർഗിൽ യുദ്ധത്തിൽ പാക്കിസ്ഥാൻ പട്ടാളത്തോട് ഏറ്റുമുട്ടി 24 ആം വയസിൽ വീരമൃത്യു വരിച്ച വിക്രം ബത്രയുടെ ബയോപിക്കായിരുന്നു. ബില്ല, സർവം തുടങ്ങിയ തമിഴ് ചിത്രങ്ങളൊരുക്കിയ വിഷ്ണുവർധന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയായിരുന്നു ഇത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിനും സിദ്ധാർഥിന്റേയും കിയാരയുടേയും പ്രകടനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്.
Recommended Video

ഇരുപത്തൊമ്പതുകാരിയായ കിയാര ബോളിവുഡ് സിനിമകൾക്ക് പുറമെ തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കിയാരയുടെ ആദ്യ സിനിമ 2014ൽ പുറത്തിറങ്ങിയ ഫുഗ്ലിയായിരുന്നു. ശേഷം എം.എസ് ധോണി, ലസ്റ്റ് സ്റ്റോറീസ്, കബീർ സിങ്, ഗുഡ് ന്യൂസ്, തുടങ്ങിയ സിനിമകളിലും കിയാര അഭിനയിച്ചു. ആലിയ അധ്വാനി എന്നാണ് താരത്തിന്റെ യഥാർഥ പേര്. സിനിമയിൽ വന്ന ശേഷമാണ് പേര് മാറ്റിയത്. മുപ്പത്തേഴുകാരനായ സിദ്ധാർഥ് മൽഹോത്ര 2010 മുതൽ ബോളിവുഡ് സിനിമയുടെ ഭാഗമാണ്. സ്റ്റുഡന്റ് ഓഫ് ദി ഇയർ, ഏക് വില്ലൻ എന്നിവ സിദ്ധാർഥിന്റെ ഹിറ്റ് ചിത്രങ്ങളിൽ ചിലത് മാത്രം.


Click it and Unblock the Notifications