ഇന്ത്യയിൽ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത് ചങ്കി പാണ്ഡെയുടെ പിതാവിന്റെ നേതൃത്വത്തിലുള്ള സംഘം!
ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടന്മാരിൽ ഒരാളാണ് ചങ്കി പാണ്ഡേ. ഹൗസ്ഫുൾ എന്ന ചിത്രത്തിലെ ആഖ്രി പാസ്ത എന്ന കഥാപാത്രത്തിലൂടെ ജനപ്രിയനായ താരം അഭിനയ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ്. ആഗ് ഹി ആഗ് എന്ന ചിത്രത്തിലൂടെയാണ് ചങ്കി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് ആംഖേൻ, ഹൗസ്ഫുൾ 4, വിശ്വാത്മ, ഖത്രോൺ കെ ഖിലാഡി, തേസാബ്, സഹ്രീലേ, ഗോലാ ബറൂദ്, കസം വർദി കി തുടങ്ങി നിരവധി ജനപ്രിയ സിനിമകളിൽ അഭിനയിച്ചു. സുയാഷ് പാണ്ഡെ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.
1998ലാണ് താരം ഭാവന പാണ്ഡെയെ വിവാഹം ചെയ്തത്. യുവ നടി അനന്യ പണ്ഡെ, റൈസ എന്നിവരാണ് താരത്തിന്റെ മക്കൾ. ബോളിവുഡിൽ താരമൂല്യമുള്ള മുൻനിര നായികയാണ് ഇന്ന് അനന്യ പാണ്ഡെ. ചങ്കി യഥാർത്ഥത്തിൽ ഡോക്ടർമാർ അഭിഭാഷകർ എന്നിവരാൽ നിറഞ്ഞ കുടുംബത്തിലെ അംഗമാണ്. ഈ വസ്തുത പലർക്കും അറിയില്ല. സിനിമയിലേക്ക് എത്തിയത് ചങ്കി മാത്രമാണ്.

ചങ്കി പാണ്ഡേ തന്റെ സമാനതകളില്ലാത്ത അഭിനയ നൈപുണ്യത്താൽ സിനിമയിൽ ചുവടുപിടിച്ചതോടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾക്ക് അവരുടെ സ്വപ്നങ്ങൾ പിന്തുടരാനും സിനിമാ ബിസിനസിൽ ചേരാനും അദ്ദേഹം ഒരു മാർഗമായി മാറുകയും ചെയ്തു.
ചങ്കിയുടെ പിതാവ് ഡോ.ശരദ് പാണ്ഡെ മെഡിക്കൽ രംഗത്തെ പ്രമുഖരിൽ ഒരാളായിരുന്നു. ഡോ.ശരദ് പാണ്ഡെ ആദ്യം ആർകിടെക്ട് മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തെ പിതാവ് രാജാറാം പാണ്ഡെ മെഡിക്കൽ കോളേജിൽ ചേർത്തു. കഠിനാധ്വാനിയും കഴിവുള്ളവനുമായ ശരദ് പതിയെ ഹൃദയ ശസ്ത്രക്രിയയിൽ വിദഗ്ധനായി.
ശരദ് പാണ്ഡെയുടെ കരിയറിലെ നേട്ടങ്ങൾ നിരവധിയാണ്. ഇന്ത്യയിൽ നടന്ന ആദ്യത്തെ ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ടീമിന്റെ ഭാഗമായിരുന്നു ശരദ് പാണ്ഡെ എന്നതാണ് അവയിൽ പ്രധാനപ്പെട്ട ഒരു നേട്ടം. കൂടാതെ രക്തരഹിത ഹൃദയ ശസ്ത്രക്രിയകൾ നടത്തുന്നതിലും അദ്ദേഹം പ്രശസ്തനായിരുന്നു. ശരദ് പാണ്ഡെയുടെ ജീവിതവും കരിയറും പ്രചോദനമായി എടുത്തിട്ടുള്ള നിരവധിപേർ മെഡിക്കൽ മേഖലയിലുണ്ട്.
ചങ്കിയുടെ അമ്മ ഡോ.സ്നേഹലത പാണ്ഡെയും നിരനധി നേട്ടങ്ങൾ സ്വന്തം പ്രൊഫഷണലിൽ നേടിയിട്ടുള്ള വ്യക്തിയാണ്. പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കുടിയേറുമ്പോൾ വെറും ആറ് വയസായിരുന്നു സ്നേഹലത പാണ്ഡെയുടെ പ്രായം. സ്‌നേഹലത ഗൈനക്കോളജിയിലാണ് സ്പെഷ്യലൈസേഷൻ ചെയ്തിരിക്കുന്നത്.

കൂടാതെ ഇന്ത്യയിലെ ആദ്യത്തെ ഒബീസിറ്റി ഡോക്ടറായും സ്നേഹലത അംഗീകരിക്കപ്പെട്ടിരുന്നു. എഴുപതുകളിൽ സ്വന്തമായി ഒരു ക്ലിനിക്കും സ്നേഹലതയ്ക്കുണ്ടായിരുന്നു. ബോളിവുഡ് നടി രേഖ ഉൾപ്പെടെയുള്ള താരങ്ങൾ സ്നേഹലതയുടെ പക്കലാണ് ചികിത്സ തേടിയിരുന്നത്. മൂത്തമകൾ അനന്യ സിനിമയിൽ ക്ലിക്കായതോടെ ചങ്കി വളരെ വിരളമായി മാത്രമാണ് അഭിനയിക്കുന്നത്.
ചില വെബ് സീരിസുകളിലും അടുത്തിടെ ചങ്കി അഭിനയിച്ചിരുന്നു. വിജയ് ദേവരകൊണ്ട നായകനായ ലൈഗറിലാണ് അനന്യ അവസാനമായി അഭിനയിച്ചത്. സിനിമ പക്ഷെ പരാജയമായിരുന്നു. ഡ്രീം ഗേൾ 2 അടക്കം മൂന്നോളം സിനിമകൾ അനന്യയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.


Click it and Unblock the Notifications