എട്ട് വർഷത്തെ വിവാഹ ജീവിതം അവസാനിക്കുന്നു, പിരിയാൻ ഊർമിള മതോണ്ട്ക്കർ; പരസ്പര സമ്മതമില്ലെന്ന് റിപ്പോർട്ട്
ബോളിവുഡിൽ ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് ഊർമിള മതോണ്ട്ക്കർ. നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ച ഊർമിള പിൽക്കാലത്ത് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിച്ചു. ഇപ്പോഴിതാ നടിയുടെ വിവാഹ മോചന വാർത്തയാണ് പുറത്ത് വരുന്നത്. എട്ട് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഊർമിളയും ഭർത്താവ് മുഹ്സിൻ അക്തർ മിറും വേർപിരിയുന്നത്. 2016 മാർച്ച് മൂന്നിനാണ് ഇരുവരും വിവാഹിതരായത്.
മുംബൈയിൽ വെച്ച് നടന്ന വിവാഹത്തിന് ബോളിവുഡിലെ പ്രമുഖരിൽ നിന്നും ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയപ്പോഴാണ് ഊർമിളയും മുഹ്സിനും പരിചയപ്പെടുന്നത്. രണ്ട് വർഷത്തെ പ്രണയത്തിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടന്നു. ലൈം ലൈറ്റിൽ നിന്നും കുറച്ച് കാലമായി മാറി നിൽക്കുകയായിരുന്നു ഊർമിള.

വിവാഹ മോചനത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ നാല് മാസം മുമ്പേ ഊർമിള ഡിവോഴ്സ് കേസ് ഫയൽ ചെയ്തു എന്നാണ് വിവരം. പരസ്പര സമ്മതത്തോടെയല്ല തീരുമാനമെന്നു റിപ്പോർട്ടുണ്ട്. വിവാഹ സമയത്ത് ഇരുവരുടെയും പ്രായ വ്യത്യാസം വലിയ തോതിൽ ചർച്ചയായിരുന്നു.
മുഹ്സിനേക്കാൾ പത്ത് വയസ് കൂടുതലാണ് ഊർമിളയ്ക്ക്. 50 കാരിയാണ് നടി. മുഹ്സിന്റെ പ്രായം 40. വൈകാതെ തന്നെ വേർപിരിയലിനെക്കുറിച്ച് ഊർമിള മാധ്യമങ്ങളോട് പ്രതികരിച്ചേക്കും. മുസ്ലിം മതസ്ഥനായ മുഹ്സിനുമായുള്ള വിവാഹ ശേഷം ഊർമിള മതം മാറിയെന്ന് നേരത്തെ അഭ്യൂഹം വന്നിരുന്നു.

എന്നാൽ താരം ഇത് നിഷേധിച്ചു. ഹിന്ദു മതസ്ഥയായ താൻ തന്റെ മതത്തിന്റെ സംസ്കാരം തുറന്ന കാഴ്ചപ്പാടോടെയാണ് കാണുന്നത്. മുസ്ലിം മതത്തിലേക്ക് മാറിയിരുന്നെങ്കിൽ അഭിമാനത്തോടെ അക്കാര്യം അറിയിച്ചേനെയെന്നും ഊർമിള മതോണ്ട്ക്കർ പറഞ്ഞു.കശ്മീരിൽ നിന്നുള്ള മുഹ്സിൻ അക്തർ മിർ ബിസിനസുകാരനാണ്. സിനിമാ രംഗത്ത് ഊർമിള ഇന്ന് സജീവമല്ല. 2018 ൽ ബ്ലാക്ക്മെയിൽ എന്ന സിനിമയിലെ ഗാന രംഗത്തിലാണ് ഊർമിളയെ പ്രേക്ഷകർ സ്ക്രീനിൽ കണ്ടത്.
2019 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ഭാഗമായ ഊർമിള രാഷ്ട്രീയത്തിൽ സജീവമായി. 2020 ൽ കോൺഗ്രസിൽ നിന്നും ശിവസേനയിലേക്ക് മാറി. സിനിമാ രംഗത്ത് നിന്ന് മാറിയെങ്കിലും റിയാലിറ്റി ഷോകളിൽ വിധി കർത്താവായി ഊർമിള സാന്നിധ്യം അറിയിച്ചു. അടുത്തിടെയാണ് തമിഴ് നടൻ ജയം രവിയും വിവാഹ മോചനം നേടുകയാണെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഭാര്യ ആരതി രവി നടനെതിരെ രംഗത്ത് വന്നു.
വിവാഹ മോചനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ആരതി ആരോപിച്ചു. ജയം രവിയുമായി നേരിട്ട് സംസാരിക്കാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നും ആരതി സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ജയം രവി ഈ വാദത്തെ എതിർക്കുന്നു. പിരിയുന്നതിനെക്കുറിച്ചും ആരതിയുമായും ഞങ്ങളുടെ കുടുംബവുമായും ചർച്ച ചെയ്തതാണെന്ന് ജയം രവി പറയുന്നു. 2009 ലാണ് ഇരുവരും വിവാഹിതരായത്. രണ്ട് മക്കളുമുണ്ട്.


Click it and Unblock the Notifications











