സാരിക്കുള്ളിൽ ചൂട് വെള്ളമാെഴിച്ച ബക്കറ്റ് വെച്ചു; അത് മറക്കാൻ പറ്റില്ല; അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്ര ബോളിവുഡിൽ നിന്നും അകൽച്ച കാണിക്കുന്നത് ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയാകുന്നുണ്ട്. ഹിന്ദി സിനിമാ രംഗത്തെ വിലപിടിപ്പുള്ള താരമായി നിൽക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ചുവട് മാറുന്നത്. ബോളിവുഡിൽ തനിക്കെതിരെ നടന്ന നീക്കങ്ങളും ഒതുക്കാനുള്ള ശ്രമങ്ങളുമാണ് ഇതിന് കാരണമായതെന്ന് പ്രിയങ്ക അടുത്തിടെ തുറന്ന് പറയുകയുമുണ്ടായി. ഇന്ന് ഹിന്ദി സിനിമകൾക്ക് കൊടുക്കാൻ ഡേറ്റില്ലാത്ത വിധം ഹോളിവുഡിൽ നടിക്ക് തിരക്കാണ്.
ജീ ലേ സരാ എന്ന സിനിമ പ്രഖ്യാപിക്കപ്പെട്ടെങ്കിലും പ്രിയങ്കയുടെ ഡേറ്റ് ഇല്ലാത്തത് മൂലം സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല. ഒട്ടനവധി ഹിറ്റ് സിനിമകൾ നേരത്തെ പ്രിയങ്ക ബോളിവുഡിൽ സമ്മാനിച്ചിട്ടുണ്ട്. ലോക സുന്ദരി പട്ടം ചൂടിയ ശേഷം സിനിമാ രംഗത്തേക്ക് കടന്ന് വന്ന പ്രിയങ്കയ്ക്ക് അഭിനയത്തിൽ തുടക്കകാലം ക്ലേശകരമായിരുന്നു. ബോളിവുഡിൽ ഒരു സ്ഥാനം കണ്ടെത്താൻ നടത്തിയ ശ്രമങ്ങളെക്കുറിച്ച് പ്രിയങ്ക മുമ്പ് സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഗാനരഗത്തിൽ അഭിനയിക്കുമ്പോൾ താൻ നേരിട്ട ബുദ്ധിമുട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് താരം.

സ്വിറ്റ്സർലന്റിലെ മഞ്ഞ് വീഴുന്ന ലൊക്കേഷനിൽ ഷിഫോൺ സാരി ധരിച്ച് കൊടും തണുപ്പിൽ അഭിനയിച്ചതിനെക്കുറിച്ചാണ് പ്രിയങ്ക സംസാരിച്ചത്. ആദ്യമായാണ് അത്തരമൊരു ഗാനരംഗത്തിൽ അഭിനയിക്കുന്നത്. ഒരിക്കലും അത് മറക്കില്ല. ഷിഫോൺ സാരിയായിരുന്നു ധരിച്ചത്. നായകൻ മുഴുനും മൂടിയ വസ്ത്രമാണ് ധരിച്ചത്.ക്ലോസ് അപ്പ് ഷോട്ടിൽ ചൂടു വെള്ളം ഒഴിച്ച ബക്കറ്റ് സാരിക്കുള്ളിൽ വെച്ച് അതിൽ കയറി നിന്നാണ് താൻ അഭിനയിച്ചത്. വിറച്ച് കൊണ്ടാണ് ഡയലോഗ് പറഞ്ഞതെന്നും പ്രിയങ്ക ഓർത്തു.
സിനിമയിൽ കാണുന്നത് പോലെ അത്ര ഗ്ലാമറസായല്ല റൊമാന്റിക് ഗാനങ്ങൾ ചിത്രീകരിക്കുന്നതെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. മാധുരി ദീക്ഷിത്, ശ്രീദേവി തുടങ്ങിയ താരങ്ങളെ ചെറുപ്പം മുതൽ ആരാധിച്ചിരുന്നെങ്കിലും അവരെ പോലെ ഗാനരംഗങ്ങൾ ചെയ്യണമെന്ന് താനൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. സിതാെഡൽ ആണ് പ്രിയങ്കയുടെ ഒടുവിൽ പുറത്തിറങ്ങിയ സീരീസ്. ഇംഗ്ലീഷ് സീരാസ് കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഹോളിവുഡിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ റോളുകളും പ്രിയങ്ക ചെയ്യുന്നുണ്ട്.

ഈസ് ഇന്റ് ഇറ്റ് റൊമാന്റിക്, ദ മാട്രിക്സ് റിസറക്ഷൻ തുടങ്ങിയ ഹോളിവുഡ് സിനിമകളിൽ പ്രധാന വേഷമല്ല പ്രിയങ്ക ചോപ്ര ചെയ്തത്. ബോളിവുഡിലെ താരമാണെങ്കിലും ആ ഖ്യാതിയുമായി ഹോളിവുഡിൽ വളരാൻ സാധിക്കില്ലെന്ന് നടി നേരത്തെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വയം പരിചയപ്പെടുത്തി അവസരങ്ങൾ ചോദിക്കുകയാണ് താൻ ചെയ്തതെന്നും പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു. മ്യൂസിക് വീഡിയോകളിലൂടെയായിരുന്നു ഹോളിവുഡിലെ തുടക്കം.
ക്വാണ്ടികോ എന്ന അമേരിക്കൻ ടെലിവിഷൻ സീരീസിലൂടെ ജനപ്രീതിയാർജിച്ചു. പതിയെ ഹോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ പ്രിയങ്കയ്ക്ക് കഴിഞ്ഞു. പത്ത് വർഷത്തോളം നീണ്ട ശ്രമഫലമായാണ് തനിക്ക് ഹോളിവുഡിൽ വിജയിക്കാൻ കഴിഞ്ഞതെന്ന് താരം മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. കരിയറിനൊപ്പം പ്രിയങ്ക തന്റെ ജീവിതവും അമേരിക്കയിൽ കെട്ടിപ്പടുത്തു. പോപ് ഗായകനായ നിക് ജോനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. 2018 ലായിരുന്നു വിവാഹം.
മേരി മാലതി ചോപ്ര ജോനാസ് എന്ന മകളും ദമ്പതികൾക്ക് പിറന്നു. 39ാം വയസിൽ സറൊഗസി വഴിയാണ് പ്രിയങ്ക ചോപ്ര അമ്മയായത്. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രിയങ്ക ചോപ്ര ഇന്ന് പ്രാധാന്യം നൽകുന്നു. മകൾക്കൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications