വിദ്യ ബാലന് റോഡരികിലെ ഇന്നോവയിൽ നിന്നും വസ്ത്രം മാറേണ്ടി വന്നു; കോടികൾ വാരിയ കഹാനിക്ക് പിന്നിൽ
ബോളിവുഡിലെ നായിക നിരയിൽ എന്നും ശ്രദ്ധേയ കഥാപാത്രങ്ങളുമായി പ്രേക്ഷകർക്ക് മുമ്പിലെത്താൻ കഴിഞ്ഞ നടിയാണ് വിദ്യ ബാലൻ. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം രണ്ട് തവണ നേടി. ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്കാണ് ആദ്യം താരത്തിന് ദേശീയ പുരസ്കാരം ലഭിച്ചത്. കഹാനി എന്ന ത്രില്ലർ ചിത്രത്തിലൂടെ രണ്ടാമത്തെ തവണയും വിദ്യ പുരസ്കാരം നേടി. ഇന്നും വിദ്യയുടെ കരിയറിൽ പ്രേക്ഷകർ എടുത്ത് പറയുന്ന സിനിമയാണ് 2012 ൽ പുറത്തിറങ്ങിയ കഹാനി.
ബോളിവുഡിലെ ഫീമെയിൽ ഓറിയന്റഡ് സിനിമകളിൽ മുൻപന്തിയിൽ കഹാനിയുണ്ട്. നിരൂപക പ്രശംസയും ബോക്സ് ഓഫീസ് വിജയവും ഒരേ പോലെ ലഭിച്ച കഹാനിയുടെ രണ്ടാം ഭാഗം 2016 ൽ പുറത്തിറങ്ങി. എന്നാൽ ഈ ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കഹാനിയുടെ ആദ്യ ഭാഗം വൻ വിജയമായെങ്കിലും ഈ ചിത്രം ഷൂട്ട് ചെയ്യുക അണിയറ പ്രവർത്തകർക്ക് എളുപ്പമായിരുന്നില്ല.

വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമയാണ് കഹാനി. 15 കോടി രൂപയാണ് സിനിമയുടെ ആകെ നിർമാണ ചെലവ്. 79. 20 കോടി രൂപ ചിത്രം കലക്ട് ചെയ്തു. കഹാനിയുടെ ഷൂട്ടിംഗ് ഓർമകൾ പങ്കുവെക്കുകയാണ് സുജൊയ് ഘോഷിപ്പോൾ. ഒരു ബോളിവുഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. നായികയായ വിദ്യ ബാലന് ഒരു കാരവാൻ നൽകാൻ പോലും തങ്ങൾക്ക് കഴിഞ്ഞിരുന്നില്ലെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു.
റോഡരികിൽ നിർത്തിയിട്ട സ്വന്തം ഇന്നോവയിൽ വെച്ചാണ് വിദ്യ വസ്ത്രം മാറിയത് പോലുമെന്നും സുജോയ് ഘോഷ് ഓർത്തു. ഒരു വാനിറ്റി വാനിന് പോലുമുള്ള ബഡ്ജറ്റ് ഞങ്ങളുടെ കൈയിലില്ലായിരുന്നു. ഷൂട്ട് നിർത്തി വെക്കാനുള്ള ലക്ഷ്വറി ഇല്ല. വിദ്യക്ക് വസ്ത്രം മാറേണ്ടപ്പോൾ അവരുടെ ഇന്നോവ കാറിന് ചുറ്റും കറുപ്പ് വസ്ത്രം കൊണ്ട് മറയ്ക്കുകയായിരുന്നു, സുജൊയ് ഘോഷ് പറയുന്നു.

വിദ്യ ബാലൻ കഹാനിയിൽ നായികയായതിനെക്കുറിച്ചും സുജൊയ് ഘോഷ് സംസാരിച്ചു. ഐസിഐസിഐയുടെ പരസ്യത്തിൽ വിദ്യയെ കണ്ടിരുന്നു. ഒരു ദിവസം വിദ്യക്കൊപ്പം സിനിമ ചെയ്യണമെന്ന് മനസിൽ കരുതി. സഞ്ജയ് ഗുപ്തയുടെ ഓഫീസിൽ വെച്ചാണ് വിദ്യയെ കാണുന്നത്. മേഘ്ന ഗുൽസാറിന്റെ കഥ കേൾക്കാൻ വന്നതായിരുന്നു നടി.
അവിടെ വെച്ച് ഒരുമിച്ച് സിനിമ ചെയ്യുമെന്ന് പരസ്പരം വാക്ക് നൽകി. ഒരു രൂപ നാണയവും ഇതിന്റെ ഭാഗമായി കൈമാറി. തന്റെ മുൻ സിനിമകൾ പരാജയപ്പെട്ടതാണെങ്കിലും വിദ്യ തനിക്ക് തന്ന വാക്ക് പാലിച്ചെന്ന് സുജൊയ് ഘോഷ് വ്യക്തമാക്കി.
അലാദിൻ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് കഹാനി ചെയ്യുന്നത്. വിദ്യക്ക് വേണമെങ്കിൽ സിനിമ നിരസിക്കാമായിരുന്നു. പക്ഷെ അമിതാഭ് ബച്ചനെ പോലെയും ഷാരൂഖ് ഖാനെ പോലെയും ഒരു കാര്യം കമ്മിറ്റ് ചെയ്താൽ അതിലുറച്ച് നിൽക്കുന്ന നടിയാണ് വിദ്യ ബാലനെന്നും സുജൊയ് ഘോഷ് പറഞ്ഞു.


Click it and Unblock the Notifications