വീട്ടിൽ നിന്ന് പുറത്തിറങ്ങാതായി; ചേച്ചിയുടെ ഭർത്താവ് തന്ന ഉപദേശം; സാരികളിലേക്ക് മാറിയതിനെക്കുറിച്ച് വിദ്യ
ബോളിവുഡിലെ മറ്റ് നടിമാരിൽ നിന്നും എപ്പോഴും വ്യത്യസ്തത പുലർത്തിയ നടിയാണ് വിദ്യ ബാലൻ. തെരഞ്ഞെടുക്കുന്ന സിനിമകളിൽ വിദ്യ എപ്പോഴും ശ്രദ്ധാലുവാണ്. വർഷങ്ങൾ നീണ്ട കരിയറിൽ ഒരിക്കൽ പോലും ഒരു സൂപ്പർസ്റ്റാർ ചിത്രത്തിൽ വിദ്യ ബാലൻ അഭിനയിച്ചിട്ടില്ല. നടിയുടെ കരിയർ ഗ്രാഫിനെ ഇത് ബാധിച്ചില്ലെന്നതും ശ്രദ്ധേയമാണ്. നായകൻമാരുടെ നിഴലിലല്ലാതെ സ്വന്തമായൊരു സ്ഥാനം കണ്ടെത്താൻ വിദ്യക്ക് കഴിഞ്ഞു. ഡേർട്ടി പിക്ചർ എന് സിനിമയ്ക്ക് ശേഷമാണ് നടിയുടെ കരിയർ ഗ്രാഫ് മാറി മറിയുന്നത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ വിദ്യ കഹാനി ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുമായി കരിയറിൽ മുന്നേറി. കരിയറിൽ തുടർന്നും വീഴ്ചകളുണ്ടായെങ്കിലും ഇന്ന് മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനം ബോളിവുഡിൽ വിദ്യക്കുണ്ട്. തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ച് വിദ്യ ബാലൻ മിക്ക അഭിമുഖങ്ങളിലും സംസാരിക്കാറുണ്ട്. സൈസ് സീറോ നായികമാർ അരങ്ങ് വാഴുന്ന ബോളിവുഡിൽ പലപ്പോഴും അവസരങ്ങൾ ലഭിക്കാതിരുന്നിട്ടുണ്ടെന്നും പലരും വണ്ണം കുറയ്ക്കാൻ നിർദ്ദേശിച്ചെന്നും വിദ്യ ബാലൻ ഒരിക്കൽ തുറന്ന് പറയുകയുണ്ടായി.

ഇപ്പോഴിതാ ബി ടൗണിലെ ഫാഷൻ സങ്കൽപ്പങ്ങളും മുൻ വിധികളും തന്നെ മാനസികമായി ബാധിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വിദ്യ ബാലൻ. ഒരു ഫിലിം അവാർഡ് ഫംങ്ഷനിൽ മോശമായി ഡ്രസ് ചെയ്തതിനുള്ള അവാർഡ് എനിക്കായിരുന്നു. ഞാനന്ന് തകർന്ന് പോയി. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പേടിച്ചു. അന്ന് സോഷ്യൽ മീഡിയയുണ്ടായിരുന്നില്ല. പക്ഷെ പത്രങ്ങളും ആളുകളും തന്നെ പരിഹസിച്ചെന്നും വിദ്യ ബാലൻ തുറന്ന് പറഞ്ഞു.
തന്റെ ആത്മവിശ്വാസത്തെ ഈ വിമർശനങ്ങൾ ബാധിച്ചെന്നും നടി വ്യക്തമാക്കി. വീട്ടിൽ നിന്നും പുറത്തിറങ്ങാൻ തോന്നിയില്ല. കിസ്മത് കണക്ഷൻ എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് കാനഡയിൽ നിന്ന് വന്ന ശേഷം ബെഡിൽ തന്നെ കിടന്നു. ഒന്നും ചെയ്യാൻ തോന്നിയില്ല. സഹോദരിയും സഹോദരിയുടെ ഭർത്താവുമാണ് തന്നെ ആശ്വസിപ്പിച്ചതെന്നും വിദ്യ ബാലൻ ഓർത്തു. ഡ്രസിന്റെ പേരിലാണ് പ്രശ്നമെങ്കിൽ ഡിസൈനർമാർ എന്തിനാണ്.

നന്നായി വസ്ത്രം ധരിപ്പിക്കാൻ അറിയാവുന്ന ഡിസൈനർമാരെ സമീപിക്കാൻ സഹോദരി പറഞ്ഞു. എന്തിനാണ് ഇങ്ങോട്ട് വന്നതെന്നാണ് സഹോദരിയുടെ ഭർത്താവ് ചോദിച്ചത്. നടിയാകാനാണെന്ന് പറഞ്ഞപ്പോൾ എങ്കിൽ അതിലേക്ക് ശ്രദ്ധ നൽകാൻ അദ്ദേഹം പറഞ്ഞു. പതിയെ താൻ ശുഭാപ്തി വിശ്വാസം തിരികെ പിടിച്ചെന്നും വണ്ണം കുറയ്ക്കാൻ തീരുമാനിച്ചെന്നും വിദ്യ ബാലൻ ഓർത്തു.
ഇതിനിടെയാണ് ഡിസൈനർ സഭ്യസാചിയെ പരിചയപ്പെടുന്നത്. തനിക്കിഷ്ടമുള്ള സാരി ധരിക്കാൻ ആത്മവിശ്വാസം തന്നത് അദ്ദേഹമാണെന്നും വിദ്യ വ്യക്തമാക്കി. പിന്നീട് സാരിയിലാണ് വിദ്യ തുടരെ പൊതുവേദികളിൽ എത്തിയത്. സാരിയിൽ ഫാഷൻ രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ വിദ്യ ബാലന് കഴിഞ്ഞു. പ്രിയ ബാലൻ എന്നാണ് വിദ്യാ ബാലന്റെ സഹോദരിയുടെ പേര്.
പ്രിയ ബാലന്റെ മകൾക്കൊപ്പം നിൽക്കുന്ന വിദ്യ ബാലന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിദ്യയുടെ മകളാണിതെന്ന് പാപ്പരാസികൾ തെറ്റിദ്ധരിക്കുകയും ചെയ്തു. കരിയറിലെ തിരക്കുകളിലാണിപ്പോൾ വിദ്യ ബാലൻ. നീയത് ആണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഡിറ്റക്ടീവായാണ് നീയത്തിൽ വിദ്യ അഭിനയിച്ചത്.


Click it and Unblock the Notifications