അമിതാഭ് ബച്ചന്റെ അമ്മയുടെ വേഷം ചെയ്യാൻ ക്ഷണം: ഭയന്നു പോയ വിദ്യ ബാലൻ
2009ൽ പുറത്തിറങ്ങിയ പാ എന്ന ചിത്രത്തിൽ അമിതാഭ് ബച്ചന്റെ അമ്മയുടെ വേഷം അവതരിപ്പിച്ചത് ബോളിവുഡ് നടി വിദ്യാ ബാലനാണ്. അന്ന് ഹിന്ദി സിനിമയിൽ ഏറെ തിരക്കുള്ള നായികയായ താരം ആ തീരുമാനം എടുത്തപ്പോൾ, പലരും ശക്തമായി എതിർത്തിരുന്നു. ബോളിവുഡിൽ 20 വർഷം പൂർത്തിയാക്കുന്ന വേളയിൽ, അന്നത്തെ ആ അനിശ്ചിതത്വത്തിന്റെ നിമിഷത്തെക്കുറിച്ച് ഓർത്തെടുക്കുകയും, ആർ ബാൽക്കി സംവിധാനം ചെയ്ത ചിത്രത്തിലെ വേഷം ഒടുവിൽ എങ്ങനെ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുകയും ചെയ്തു.
അടുത്തിടെ, പ്രശസ്ത സിനിമ മാഗസിനായ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ, പാ എന്ന സിനിമയിൽ അമിതാഭ് ബച്ചന്റെ അമ്മയുടെ വേഷത്തിലേക്ക് ആർ ബാൽക്കി തന്നെയാണ് പരിഗണിക്കുന്നത് എന്ന് കേട്ടപ്പോഴുള്ള തന്റെ ആദ്യ പ്രതികരണം വിദ്യ ഓർത്തു. "അന്ന് ബാൽക്കിക്ക് ഇതെന്തു പറ്റി എന്നാണ് ഞാൻ ആദ്യം കരുതിയത്. ഞാനും അഭിഷേകും, മിസ്റ്റർ ബച്ചന്റെ (അമിതാഭ് ബച്ചൻ) മാതാപിതാക്കളായി അഭിനയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. എന്തൊരു അസംബന്ധമാണെന്ന് ഇത് എന്ന് തോന്നിപ്പോയി," ദേശീയ അവാർഡ് ജേതാവായ താരം വെളിപ്പെടുത്തി.

"പക്ഷേ പിന്നീട് ബാൽകി 'പാ'യുടെ തിരക്കഥ എനിക്ക് വായിച്ചു തന്നു. അപ്പോൾ എന്തോ ഒന്ന് എന്റെ ഉള്ളിൽ മാറിപ്പോയി. ഞാൻ അത് വീണ്ടും വീണ്ടും വായിച്ചു നോക്കി. ആ സമയത്ത് ഒക്കെയും, എന്നിലെ ആർട്ടിസ്റ്റ്, "ഈ സിനിമ ചെയ്യണം, ചെയ്യണം" എന്ന് പറഞ്ഞു കൊണ്ടേയിരുന്നു. പക്ഷേ സത്യസന്ധയാമായി പറഞ്ഞാൽ ഞാൻ ആകെ ഭയന്ന് പോയി, എനിക്ക് വല്ലാത്ത പരിഭ്രമമായിരുന്നു," വിദ്യ ബാലൻ വെളിപ്പെടുത്തി. അതിനിടെ, കരിയറിന്റെ ആ ഘട്ടത്തിൽ തന്നെക്കാൾ ഏറെ പ്രായമുള്ള കഥാപാത്രം അവതരിപ്പിക്കരുത് എന്നും പലരും തന്നോട് പറഞ്ഞിരുന്നു, എന്നും നടി പറയുന്നു.
"എല്ലാവരും എനിക്ക് മുന്നറിയിപ്പ് നൽകിയത്, എന്നേക്കാൾ പ്രായമായ, ഒരു മുതിർന്ന കുട്ടിയുടെ അമ്മയായ ഒരു സ്ത്രീയുടെ കഥാപാത്രം ചെയ്താൽ അതെന്റെ കരിയർ അവസാനിപ്പിക്കുമെന്നാണ്. പക്ഷേ ഒരു എഴുത്തുകാരിയെയും, പരസ്യ സംവിധായകയായ എന്റെ ഒരു സുഹൃത്തിനെയും, ആ തിരക്കഥ വായിക്കാൻ ഞാൻ നിർബന്ധിച്ചു, ഇരുവരും അത് ചെയ്യാൻ നിർബന്ധിച്ചു. അപ്പോഴാണ് ഞാൻ മറ്റുള്ളവർ പറയുന്നത് കേൾക്കുന്നത് പൂർണ്ണമായും നിർത്തി, എന്നെത്തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്," പ്രശസ്ത ബോളിവുഡ് താരം തുറന്നു പറഞ്ഞു.

"എന്നോട് സംസാരിക്കാത്ത, എനിക്ക് കണക്ട് ആവാത്ത കുറെ സിനിമകൾ ഞാൻ ആ സമയത്ത് ചെയ്തു കഴിഞ്ഞിരുന്നു. അവയൊക്കെ വിജയിച്ചുവെങ്കിലും, എനിക്ക് ആ സിനിമകൾ ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ആ അവസ്ഥ വീണ്ടും അനുഭവിക്കാൻ ഞാൻ ആഗ്രഹിച്ചില്ല," വിദ്യ ബാലൻ വിശദീകരിച്ചു. എന്തായാലും, പാ എന്ന ചിത്രത്തിൽ പ്രശസ്ത താരം അവതരിപ്പിച്ച വിദ്യ ഭരദ്വാജ് എന്ന കഥാപാത്രം, അവരുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലുകളിൽ ഒന്നായി മാറി.
ആർ ബാൽക്കി ചിത്രത്തിൽ അമിതാഭ് ബച്ചൻ 12 വയസ്സുള്ള ഒരു ഓറോ എന്ന കുട്ടിയായിട്ടാണ് അഭിനയിച്ചത്. പ്രോജീരിയ എന്ന അപൂർവ ജനിതക വൈകല്യത്താൽ ബുദ്ധിമുട്ടുന്ന, അകാല വാർദ്ധക്യം ബാധിച്ച കുട്ടിയാണ് ഓറോ. ഏറ്റവും രസകരമായ കാര്യം എന്താണെന്നു വച്ചാൽ, സൂപ്പർതാരത്തിന്റെ മകനായ അഭിഷേക് ബച്ചൻ ഔറോയുടെ അച്ഛനായി സിനിമയിൽ അഭിനയിച്ചു എന്നതാണ്. വിദ്യ ബാലൻ അദ്ദേഹത്തിന്റെ അമ്മയായി എത്തി. മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് - അമിതാഭ് ബച്ചൻ, മികച്ച ഹിന്ദി ഫീച്ചർ ഫിലിം എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ഈ ചിത്രം വലിയ വിജയമായിരുന്നു.


Click it and Unblock the Notifications











