വിറ്റിലൊഗൊയുണ്ട്, പാടുകൾ ഷൂട്ടിംഗിൽ മറയ്ക്കും; മംമ്തയ്ക്ക് പിന്നാലെ തുറന്ന് പറഞ്ഞ് വിജയ് വർമ
ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വരികയാണ് നടൻ വിജയ് വർമ. കരിയറിൽ അടുത്ത കാലത്താണ് വിജയ് വർമ്മയ്ക്ക് ശ്രദ്ധ ലഭിക്കുന്നത്. മികച്ച കഥാപാത്രങ്ങളുടെ ഒരു നിര തന്നെ നടനെ തേടി വന്നു. നടി തമന്ന ഭാട്ടിയയുമായുള്ള പ്രണയവും ഏറെ ചർച്ചയായി. ലസ്റ്റ് സ്റ്റോറീസ് എന്ന ആന്തോളജിയിൽ ഒരുമിച്ച് അഭിനയിക്കവെയാണ് ഇരുവരും പ്രണയത്തിലായത്. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെ തമന്ന ലൈം ലൈറ്റിലേക്ക് കൊണ്ട് വരാറില്ലായിരുന്നു. എന്നാൽ വിജയ് വർമയുമായുള്ള പ്രണയം നടി മറച്ച് വെച്ചില്ല.
ഇപ്പോഴിതാ തനിക്ക് വിറ്റിലിഗോ എന്ന കണ്ടീഷനുണ്ടെന്ന് തുറന്ന് പറയുകയാണ് വിജയ് വർമ. താനിപ്പോൾ ഇത് വലിയ കാര്യമാക്കുന്നില്ലെന്ന് നടൻ പറയുന്നു. ഞാനത് വലിയ കാര്യമാക്കുന്നില്ല. ഇത് ജീവിതത്തിലെ ഒന്നും മാറ്റുന്നില്ല. നമ്മൾ ഇത് കാര്യമാക്കുന്നതിന് കാരണം ഇത് പുറത്ത് കാണാവുന്നതാണ്. വർക്ക് ലഭിക്കാത്ത ആക്ടർ ആയിരുന്നപ്പോൾ ഈ കണ്ടീഷൻ എന്നെ ആശങ്കപ്പെടുത്തിയിരുന്നു.

ഇതൊരു തടസമാകുമോ എന്ന് ചിന്തിച്ചു. എന്നാൽ താൻ സിനിമാ രംഗത്ത് പ്രവർത്തിച്ച് തുടങ്ങിയ ശേഷവും വിജയങ്ങൾ കണ്ട ശേഷവും ഈ കണ്ടീഷൻ തന്നെ ആശങ്കപ്പെടുത്തുന്നില്ലെന്ന് വിജയ് വർമ വ്യക്തമാക്കി. അതേസമയം അഭിനയിക്കുമ്പോൾ വിറ്റിലിഗോ ബാധിച്ച ഭാഗങ്ങൾ താൻ മറയ്ക്കാറുണ്ടെന്ന് വിജയ് വർമ പറയുന്നു. സിനിമകൾക്ക് വേണ്ടി ഞാൻ മറയ്ക്കും. കാരണം അത് ശ്രദ്ധ തിരിക്കും. താൻ കാണിക്കാൻ ആഗ്രഹിക്കുന്നതിനപ്പുറം ഒന്നും എന്റെ പ്രേക്ഷകർ കാണേണ്ട.
അതേസമയം സിനിമകളില്ലാതെ പൊതുവിടങ്ങളിൽ വിറ്റിലിഗോ മറയ്ക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും വിജയ് വർമ പറയുന്നു. ഈ കാലഘട്ടത്തിൽ എല്ലാവരും ഇന്റലിജന്റാണ്. ആരും തന്റെ ഈ കണ്ടീഷനെ സംസാര വിഷയമാക്കിയിട്ടില്ലെന്നും വിജയ് വർമ വ്യക്തമാക്കി.

നേരത്തെ നടി മംമ്ത മോഹൻദാസും തനിക്ക് വിറ്റിലിഗോ എന്ന കണ്ടീഷൻ ബാധിച്ചതിനെക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടുണ്ട്. പുറത്തിറങ്ങുമ്പോൾ ശരീരത്തിലെ പാടുകളെക്കുറിച്ച് ചോദ്യങ്ങൾ വന്നു. ഇതുകൊണ്ടാണ് ഇതേക്കുറിച്ച് തുറന്ന് പറയുന്നതെന്ന് മംമ്ത വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴും ഇതിന്റെ ചികിത്സ നടന്ന് കൊണ്ടിരിക്കുകയാണ്.
ജീവിതത്തിൽ ഒന്നിലേറെ തവണ പ്രതിസന്ധി ഘട്ടങ്ങൾ മംമ്തയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. രണ്ട് തവണ കാൻസറിനെ നേരിട്ട നടിയാണ് മംമ്ത. അടുത്തിടെ നടിയെക്കുറിച്ച് പിതാവിന്റെ സഹോദരനായ നിർമാതാവ് എൻവി ഹരിദാസ് സംസാരിച്ചു. തുടരെയുള്ള ചികിത്സയാൽ ഇപ്പോൾ ചെറിയ മാനസിക വിഷമം മംമ്തയ്ക്കുണ്ടെന്ന് ഇദ്ദേഹം തുറന്ന് പറഞ്ഞു. ദൈവാനുഗ്രഹം കൊണ്ട് അത് മാറുമെന്ന് പ്രതീക്ഷിക്കുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.


Click it and Unblock the Notifications