അമിതാഭ് ബച്ചനോട് അസൂയ, സിനിമയിൽ നിന്ന് ഒളിച്ചോട്ടവും, സന്യാസവും: വിനോദ് ഖന്നയ്ക്ക് സംഭവിച്ചതെന്ത്?
സൗന്ദര്യത്തിനും അഭിനയ ശേഷിക്കും ഏറെ പേരുകേട്ട ബോളിവുഡ് താരമായിരുന്നു വിനോദ് ഖന്ന. ഹിന്ദി സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായിരുന്ന അദ്ദേഹം, 1970കളിൽ സിനിമകൾ ഉപേക്ഷിച്ച് ഓഷോയുടെ ഒറിഗോണിലെ കമ്മ്യൂണിൽ ചേർന്നപ്പോൾ ആരാധകരെ ആകെ ഞെട്ടി. ഇനി അഭിനയത്തിലേക്ക് ഒരു മടങ്ങി വരവ് ഇല്ല എന്ന് പ്രഖ്യാപിച്ചാണ് അന്ന് വിനോദ് ഖന്ന ഓഷോയുടെ ഒപ്പം ചേർന്നത്. വർഷങ്ങൾക്ക് ശേഷം, അമിതാഭ് ബച്ചനോട് പ്രശസ്ത നടന് തോന്നിയ അസൂയയെയും, മത്സരബുദ്ധിയെയും കുറിച്ചുള്ള വ്യക്തിപരമായ വെളിപ്പെടുത്തലുകൾ അടുത്തിടെ പുറത്തു വന്നു. ഇത് സൂപ്പർസ്റ്റാറിന്റെ സ്വകാര്യ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുകയാണ്.
ഓഷോയുടെ സഹോദരൻ സ്വാമി ശൈലേന്ദ്ര സരസ്വതി അടുത്തിടെ ഗലാട്ട ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ, വിനോദ് ഖന്നയുടെ രജനീഷ്പുരത്തെ വസതിക്ക് സമീപമാണ് താൻ താമസിച്ചിരുന്നതെന്നും അദ്ദേഹത്തോടൊപ്പം ധാരാളം സമയം ചെലവഴിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. ബാഹ്യ വിജയം എല്ലായ്പ്പോഴും ആന്തരിക സന്തോഷത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. പല പ്രശസ്ത വ്യക്തികൾ പോലും പലപ്പോഴും അവർക്ക് മാത്രം മനസ്സിലാകുന്ന വിധത്തിൽ സ്വകാര്യമായി ബുദ്ധിമുട്ടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ കണ്ട കാലത്ത്, വിനോദ് ഖന്ന പലപ്പോഴും വളരെ വികാരാധീനനായി കാണപ്പെടുകയും, ഇടയ്ക്കൊക്കെ കരയുകയും ചെയ്യുമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു. വിവാഹമോചിതനായ ശേഷം ഓഷോയോടൊപ്പം ചേർന്ന അദ്ദേഹം, ആദ്യമൊക്കെ ഭാര്യയെയും കുട്ടികളെയും നഷ്ടപ്പെട്ടതാണ് ഈ സങ്കടത്തിന് കാരണമെന്ന് പറഞ്ഞു. എന്നിരുന്നാലും, ഓഷോയ്ക്ക് ആഴമേറിയ മറ്റൊരു കാരണം പതുക്കെ മനസ്സിലായി: വിനോദ്, തന്റെ അഭാവത്തിൽ ഹിന്ദി സിനിമയിലും രാഷ്ട്രീയത്തിലും പുതിയ ഉയരങ്ങളിലെത്തിയ അമിതാഭ് ബച്ചനോടുള്ള അസൂയ അദ്ദേഹം അറിയാതെ തന്നെ ഉള്ളിന്റെയുള്ളിൽ നേരിടുന്നുണ്ടെന്ന് ഓഷോ വിശ്വസിച്ചു.

ആ കാലത്ത് ഓഷോ വിനോദ് ഖന്നയോട്, കഴിയുമെങ്കിൽ അമിതാഭ് ബച്ചനെതിരെ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, ആ ആശയം വിനോദിനെ ആകെ ഉലച്ചു കളഞ്ഞു. അദ്ദേഹത്തിന് ഓഷോ പറഞ്ഞത് ഉൾക്കൊള്ളാനായിരുന്നില്ല. അപ്പോഴും, തന്റെ കുടുംബത്തെ നഷ്ടപ്പെട്ടതിൽ നിന്നാണ് ഈ ദുഃഖം ഉടലെടുത്തതെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പക്ഷെ വിനോദ് ഖന്നയുടെ ആഴത്തിലുള്ള വികാരങ്ങൾ അടുത്തറിയുകയും, നിരീക്ഷിക്കുകയും ചെയ്ത ഓഷോ, അദ്ദേഹത്തിന്റെ ദുഃഖം തന്നെക്കാൾ ജൂനിയർ ആയ ബച്ചന്റെ സിനിമയിലും ജീവിതത്തിലും ഉള്ള വിജയം കണ്ടാണ് ഏറെ അസ്വസ്ഥമാകുന്നത് എന്ന് വിശ്വസിച്ചു.
ഓഷോയോട് വിട പറഞ്ഞ് ഏറെ കാലത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിനോദ് ഖന്ന, നഷ്ടപ്പെട്ട കുടുംബവുമായി വീണ്ടും ഒന്നിച്ചില്ലെന്ന് ശൈലേന്ദ്ര സരസ്വതി ചൂണ്ടിക്കാണിച്ചു. എന്നും കുടുംബത്തെ ഓർത്താണ് തന്റെ ദുഃഖമെന്ന് വാദിച്ച അദ്ദേഹം, മക്കളും നടൻമാറുമായ രാഹുൽ ഖന്നയേയും, അക്ഷയ് ഖന്നയേയും പോലും അധികം കാണുവാനോ, ബന്ധം പുനഃസ്ഥാപിക്കാനോ ശ്രമിച്ചതേയില്ല. പക്ഷെ, അദ്ദേഹം വീണ്ടും പ്രണയത്തിലാവുകയും, അവരെ വിവാഹം കഴിക്കുകയും, മറ്റൊരു കുടുംബജീവിതം ആരംഭിക്കുകയും ചെയ്തു. ഭാര്യയുമായും കുട്ടികളുമായും വൈകാരിക ബന്ധം ഉണ്ടായിരുന്നില്ലെന്ന് ഓഷോ പറഞ്ഞത് ശരിയാണെന്ന് വിനോദ് പിന്നീട് സമ്മതിച്ചു.


Click it and Unblock the Notifications











