വേർപിരിഞ്ഞിട്ട് 20 വർഷങ്ങൾ പിന്നിട്ടിട്ടും ഒന്നിച്ച്; മകൾക്ക് വേണ്ടി ഒരുമിച്ചെത്തി ആമിർ ഖാനും റീന ദത്തയും
ബോളിവുഡിലെ താരപുത്രിമാരിൽ നിന്നും വ്യത്യസ്തയാണ് ഇറ ഖാൻ. സൂപ്പർതാരം ആമിർ ഖാന്റെ മകളാണെങ്കിലും ബോളിവുഡിലെ ലൈം ലൈറ്റ് ജീവിതത്തോടെ ഇറ ഖാന് താൽപര്യമില്ല. സിനിമാ ലോകത്ത് നിന്നും മാറി ജീവിക്കുന്ന ഇറ ഖാൻ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. അടുത്ത വർഷമാണ് ഇറ ഖാനും കാമുകൻ നുപുർ ശിഖാരെയും തമ്മിലുള്ള വിവാഹം. അടുത്തിടെയാണ് ആഘോഷപൂർവം ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വിവാഹത്തിന്റെ ഒരുക്കങ്ങൾ ഇതിനകം തുടങ്ങിയിട്ടുണ്ട്. സുഹൃത്തുക്കളെ ഇറ വിവാഹത്തിന് ക്ഷണിച്ച വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
ഇപ്പോഴിതാ മറ്റൊരു സന്തോഷവാർത്ത പങ്കുവെച്ചിരിക്കുകയാണ് ഇറ ഖാൻ. സിഎസ്ആർ ജേർണൽ എക്സലൻസ് അവാർഡ്സിൽ ഇൻസ്പൈരിംഗ് യൂത്തിനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് ഇറ ഖാൻ. അച്ഛനും അമ്മയ്ക്കും ഭാവി വരനുമൊപ്പമാണ് പുരസ്കാരം ഏറ്റുവാങ്ങാൻ ഇറ ഖാൻ എത്തിയത്. ആമിർ ഖാനും മുൻ ഭാര്യ റാന ദത്തയും ഒരുമിച്ചെത്തിയതാണ് ഇപ്പോൾ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. കുടുംബ സമേതമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വേർപിരിഞ്ഞിട്ട് വർഷങ്ങളായെങ്കിലും ഇന്നും ആവശ്യ ഘട്ടങ്ങളിൽ ആമിറും റീനയും ഒരുമിച്ചെത്താറുണ്ട്. മകളുടെ നേട്ടത്തിൽ അഭിമാനിക്കുന്ന റീനയെയും ആമിറിനെയും ആരാധകർ അഭിനന്ദിച്ചു. വേർപിരിഞ്ഞ ശേഷവും വഴക്കിടുന്നവർക്ക് ഇരുവരും മാതൃകയാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. അടുത്തിടെ മാതാപിതാക്കളുടെ വേർപിരിയലിനെക്കുറിച്ച് ഇറ ഖാൻ നടത്തിയ പരാമർശം ചർച്ചയായിരുന്നു. ഇരുവരും വിവാഹമോചിതരായത് തന്നെ വിഷാദരോഗത്തിന് ഒരു പരിധിവരെ കാരണമായിരിക്കാം എന്നാണ് ഇറ ഖാൻ പറഞ്ഞത്.
അതേസമയം ഇതിന് മാതാപിതാക്കളെ കുറ്റപ്പെടുത്തുന്നില്ലെന്നും രണ്ട് പേരും രമ്യമായാണ് വേർപിരിഞ്ഞതെന്നും ഇറ ഖാൻ അന്ന് വ്യക്തമാക്കി. മാനസികാരോഗ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന അഗസ്തു ഫൗണ്ടേഷന്റെ സ്ഥാപകയാണ് ഇറ ഖാൻ. ഈ ഓർഗൈനസേഷന്റെ പ്രവർത്തനങ്ങളുടെ പേരിലാണ് ഇറ ഖാന് ഇപ്പോൾ പുരസ്കാരം ലഭിച്ചിരിക്കുന്നത്. ആറ് വർഷത്തോളം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു ഇറ ഖാൻ. താൻ കടന്ന് പോയ വിഷമഘട്ടങ്ങളെക്കുറിച്ച് തുറന്ന് പറയാൻ ഇറ ഖാൻ മടിച്ചിട്ടില്ല.

ഇന്ന് വിഷമഘട്ടങ്ങളെയെല്ലാം അതിജീവിച്ച് സന്തോഷകരമായ കാലഘട്ടത്തിലൂടെ കടന്ന് പോകുകയാണ് ഇറ. ഇറ ഖാന് പിന്തുണയുമായി മാതാപിതാക്കളും പങ്കാളിയും സുഹൃത്തുക്കളും ഒപ്പമുണ്ട്. വേർപിരിഞ്ഞ രണ്ട് ഭാര്യമാരുമായും അടുത്ത സൗഹൃദം ആമിർ ഖാനുണ്ട്. 1986 ലായിരുന്നു റീന ദത്തയും ആമിർ ഖാനും തമ്മിലുള്ള വിവാഹം. വീട്ടുകാർ എതിർത്തത് മൂലം ഒളിച്ചോടി പോയി വിവാഹം ചെയ്യുകയായിരുന്നു. ഇറ ഖാനെക്കൂടാതെ ജുനൈദ് ഖാൻ എന്ന മകനും ഇവർക്കുണ്ട്. സിനിമാ രംഗത്തേക്ക് കടന്ന് വരാനൊരുങ്ങുകയാണ് ജുനൈദ് ഖാൻ.
2002 ൽ റീനയുമായി വേർപിരിഞ്ഞ ശേഷം സംവിധായിക കിരൺ റാവുവാണ് ആമിറിന്റെ ജീവിതത്തിലേക്ക് കടന്ന് വന്നത്. ആസാദ് എന്ന മകനും ഇവർക്ക് ജനിച്ചു. എന്നാൽ 15 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ആമിറും കിരൺ റാവുവും വേർപിരിഞ്ഞു. സിനിമാ ലോകത്ത് നിന്നും കഴിഞ്ഞ കുറച്ച് നാളുകളായി മാറി നിൽക്കുകയായിരുന്നു ആമിർ.
ലാൽ സിംഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷമായിരുന്നു തീരുമാനം. ഇടവേളയിൽ കുടുംബത്തോടൊപ്പമുളള സമയത്തിന് ആമിർ പ്രാധാന്യം നൽകി. സിതാരെ സമീൻ പർ എന്ന സിനിമയിലൂടെ തിരിച്ച് വരാനാണ് ആമിറിന്റെ തീരുമാനം.


Click it and Unblock the Notifications