'അധോലോക നേതാക്കളുടെ പാർട്ടിക്ക് പോയില്ല; ആമിർ ജീവൻ പണയപ്പെടുത്തി'; വെളിപ്പെടുത്തി നിർമാതാവ്
ബോളിവുഡിലെ സൂപ്പർസ്റ്റാറുകളിൽ വ്യത്യസ്തനാണ് ആമിർ ഖാൻ. സൂപ്പർതാര പദവി ഉപയോഗിച്ച് മികച്ച സിനിമകൾ പ്രേക്ഷകരിലേക്കെത്തിക്കാനാണ് ആമിർ എന്നും ശ്രമിച്ചത്. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ആരാധകരെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രം ചെയ്ത സിനിമകൾ ആമിറിനില്ലെന്ന് പറയാം. സിനിമകൾ തെരഞ്ഞെടുക്കുന്ന കാര്യത്തിലും നടൻ കർക്കശക്കാരനാണ്. ഒരു വർഷം ഒരു സിനിമ എന്ന രീതിയാണ് ആമിർ വർഷങ്ങളായി പിന്തുടരുന്നത്.
എന്നാൽ ഇടക്കാലത്ത് നടന്റെ കരിയറിൽ വലിയ ഇടവേള വന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 'ലാൽ സിംഗ് ഛദ്ദ' എന്ന സിനിമയിലൂടെ കഴിഞ്ഞ വർഷം ആമിർ തിരിച്ചെത്തിയത്. എന്നാൽ സിനിമ പരാജയപ്പെട്ടു. ഇതോടെ കുറച്ച് കാലം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെന്ന് ആമിർ പ്രഖ്യാപിക്കുകയും ചെയ്തു. സിനിമയിൽ അഭിനയിക്കുക എന്നതിനപ്പുറം തുടക്കം മുതൽ ഫിലിം മേക്കിംഗിന്റെ എല്ലാ കാര്യത്തിലും ഇടപെടുന്നതാണ് ആമിറിന്റെ രീതി. തിരക്കഥയിലും സംവിധാനത്തിലും കാസ്റ്റിംഗിലും നടൻ ഇടപെടാറുണ്ട്. ബി ടൗണിൽ 'പെർഫക്ഷനിസ്റ്റ്' എന്ന പേരും ആമിറിന് നേടാനായി.

ആമിറിനെക്കുറിച്ച് നിർമാതാവ് മഹാവീർ ജെയ്ൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കരിയറിൽ തന്റെ ആദർശങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയാണ് ആമിറെന്ന് ഇദ്ദേഹം പറയുന്നു. ബി ടൗണിലെ ഒത്തുചേരലുകളിലോ അവാർഡ് ഷോകളിലോ ആമിറിനെ കാണാറില്ല. അദ്ദേഹം വളരെ സ്വകാര്യത പുലർത്തുന്ന വ്യക്തിയാണ്. മാധ്യമങ്ങളോട് ആവശ്യത്തിൽ കൂടുതൽ സംസാരിക്കാറില്ലെന്നും നിർമാതാവ് ചൂണ്ടിക്കാട്ടി.
'90 കളിൽ ബോളിവുഡിനെ ഭരിച്ചിരുന്നത് അധോലോകമാണ്. മിഡിൽ ഈസ്റ്റിൽ അവർ നടത്തുന്ന പാർട്ടികളിലേക്കുള്ള ക്ഷണം എല്ലാ താരങ്ങളും സ്വീകരിക്കണമായിരുന്നു. എന്നാൽ ആമിർ ഭായ് തന്റെ ജീവൻ പണയപ്പെടുത്തി. അദ്ദേഹം ഒരിക്കലും ആ ക്ഷണം സ്വീകരിച്ചില്ല. അദ്ദേഹം ആദർശങ്ങളുള്ള വ്യക്തിയാണ്, മഹാവീർ ജെയ്ൻ പറഞ്ഞു.
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കാൻ 'സത്യമേവ ജയതേ' എന്ന ഷോ ആമിർ ചെയ്തിരുന്നു. ഈ ഷോ ചെയ്ത വർഷങ്ങളിൽ പരസ്യങ്ങളിൽ നിന്ന് നടൻ മാറി നിന്നെന്നും ഇദ്ദേഹം പറയുന്നു. അഞ്ചോളം ബ്രാൻഡുകളുടെ പരസ്യത്തിൽ നിന്ന് മൂന്ന് വർഷം നടൻ മാറി നിന്നു. സത്യമേവ ജയതേ എന്ന ഷോ ഗൗരവമുള്ളതാണ്. ഈ സമയത്ത് പരസ്യങ്ങളിൽ തന്നെ കാണുന്നത് ഷോ പ്രേക്ഷകരിലുണ്ടാക്കുന്ന സ്വാധീനം കുറയ്ക്കുമെന്നാണ് ആമിർ പറഞ്ഞത്.
അധോലോകത്തിന് ബോളിവുഡിലുള്ള സ്വാധീനം നേരത്തെ പല തവണ ചർച്ചയായിട്ടുണ്ട്. സൂപ്പർതാരങ്ങളെ വരെ അധോലോക നേതാക്കൾ നിയന്ത്രിക്കുന്നതായി മുമ്പ് സംസാരമുണ്ടായിരുന്നു. രവി പൂജാരി എന്ന അധോലോക നേതാവ് ഇത്തരത്തിൽ വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ്.

ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ എന്നീ സൂപ്പർസ്റ്റാറുകളെ രവി പൂജാരി ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഭീഷണിയെത്തുടർന്ന് ഇവരുടെ സുരക്ഷ ശക്തമാക്കുകയുമുണ്ടായി. 2014 ൽ 'ഹാപ്പി ന്യൂ ഇയർ' എന്ന സിനിമയുടെ റിലീസ് സമയത്താണ് ഷാരൂഖിന് ഭീഷണി വന്നത്. ഇതിന് മുമ്പും ഷാരൂഖിന് നേരെ ഭീഷണി വന്നിട്ടുണ്ട്.
അധോലോകത്തെയും ബോളിവുഡിനെയും ബന്ധപ്പെടുത്തി ചില 'കോൺസ്പിരസി തിയറി'കളും പ്രചരിച്ചിക്കാറുണ്ട്. നടി ദിവ്യ ഭാരതിയുടെ മരണമാണ് ഇതിലൊന്ന്. നടിയുടെ മരണത്തിൽ അധോലോകത്തിന് പങ്കുണ്ടെന്നാണ് അന്ന് വന്ന ആക്ഷേപം. 1993 ൽ തന്റെ 19ാം വയസ്സിലാണ് ദിവ്യ ഭാരതി മരിക്കുന്നത്. അഞ്ചാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണായിരുന്നു മരണം. അപകട മരണമാണെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. ഇന്നും ഈ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയപ്പെടുന്നു.


Click it and Unblock the Notifications











