'അടുത്ത റൂമിൽ അച്ഛനുണ്ടായിട്ടും കാണാത്ത ദിവസങ്ങൾ; എന്തൊക്കെ പറഞ്ഞാലും ആരാധ്യക്കും അമ്മ വേണം'
ബച്ചൻ കുടുംബത്തിലെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് എന്നും കൗതുകമുണ്ട്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക്, ഐശ്വര്യ റായ് തുടങ്ങി വൻ ജനശ്രദ്ധ നേടുന്നവരാണ് ഈ താരകുടുംബത്തിലെ അംഗങ്ങൾ. കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന ഇവർ ഒരു വീട്ടിൽ ഒരുമിച്ചാണ് ഇപ്പോഴും കഴിയുന്നത്. സിനിമയ്ക്കപ്പുറത്തേക്ക് കുടുംബത്തിന് പ്രാധാന്യം നൽകുന്നവരാണ് ബച്ചൻ കുടുംബത്തിലെ സ്ത്രീകൾ. അമിതാഭ് ബച്ചനുമായുള്ള വിവാഹത്തിന് ശേഷം ജയ ബച്ചൻ അഭിനയ രംഗത്ത് സജീവമല്ലാതായി.
മകൾ ആരാധ്യ പിറന്ന ശേഷം കരിയറിലെ താരത്തിളക്കമെല്ലാം മാറ്റി വെച്ച് മകൾക്ക് വേണ്ടി ഐശ്വര്യ സമയം കണ്ടെത്തി. ആരാധ്യ പിറന്ന ശേഷം വിരലിൽ എണ്ണാവുന്നത്ര സിനിമകൾ മാത്രമേ ഐശ്വര്യ ചെയ്തിട്ടുള്ളൂ. നാല് വർഷം സിനിമകളിൽ നിന്ന് പൂർണമായും മാറി നിന്ന ഐശ്വര്യ അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ശക്തമായ തിരിച്ച് വരവ് നടത്തിയത്.

ഏറെക്കാലത്തിന് ശേഷം റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലൂടെ ജയ ബച്ചനും അഭിനയ രംഗത്തേക്ക് തിരിച്ചെത്തി. സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം ശക്തമായ സാന്നിധ്യമായി മാറിയെങ്കിലും ജയ ബച്ചനെ വിമർശിക്കുന്നവർ നിരവധിയാണ്. ദേഷ്യക്കാരിയെന്ന പ്രതിച്ഛായയാണ് ജയക്ക് ഇന്ന് പൊതുജനങ്ങൾക്കിടയിൽ ഉള്ളത്. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമാണ് താരപത്നിക്ക്. അതാണ് പലപ്പോഴും വിനയാകുന്നത്.
പാപ്പരാസി മാധ്യമങ്ങളോട് കയർക്കുന്ന ജയയുടെ ഒന്നിലേറെ വീഡിയോകൾ ഇതിനകം പുറത്ത് വന്നിട്ടുണ്ട്. സ്വയം തെരഞ്ഞെടുത്ത ലൈം ലൈറ്റ് ജീവിതത്തിൽ മാധ്യമ ശ്രദ്ധ സ്വാഭാവികമാണ്, ഇതിൽ ദേഷ്യപ്പെടുന്നത് എന്തിനാണെന്ന ചോദ്യമാണ് ജയയുടെ വിമർശകർക്കുള്ളത്.
ഇപ്പോഴിതാ ജയ ബച്ചനെക്കുറിച്ച് സംസാരിക്കുകയാണ് മകൻ അഭിഷേക് ബച്ചൻ. ആളുകൾ പറയുന്നതിന് വിരുദ്ധമാണ് തന്റെ അമ്മയുടെ പെരുമാറ്റമെന്ന് അഭിഷേക് പറയുന്നു. അമ്മ കണിശക്കാരിയല്ല. കുട്ടിയായിരിക്കുമ്പോൾ വേദനിച്ചാൽ ആദ്യം ഓടിപ്പോകുന്നത് അമ്മയുടെ അടുത്തേക്കാണ്. അമ്മയെന്ന വാക്ക് എപ്പോഴും ശുദ്ധമായ സ്നേഹത്തെ ഉൾക്കൊള്ളുന്നതാണ്.
കുട്ടിയായിരുന്നപ്പോൾ എന്റെ അച്ഛന്റെ സാമീപ്യം വല്ലപ്പോഴുമേ ലഭിച്ചിട്ടുള്ളൂ. അദ്ദേഹം ജോലിയുടെ തിരക്കിലായിരുന്നു. അദ്ദേഹത്തെ കാണാതെ ആഴ്ചകളോളം കടന്ന് പോയിട്ടുണ്ട്. പക്ഷെ അദ്ദേഹം അടുത്ത റൂമിൽ ഉണ്ടാകും. ഞങ്ങൾ ഉറങ്ങിയ ശേഷമായിരിക്കും അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞ് വരുന്നത്. ഞങ്ങൾ ഉണരുമ്പോഴേക്കും പോകും. എനിക്കും സഹോദരിക്കും ആ വിടവ് ഒരിക്കലും തോന്നാതിരാക്കാൻ കാരണം അമ്മയാണ്. സ്നേഹത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.

ഇന്ന് ഞാനൊരു അച്ഛനാണ്. മകൾ എന്റെ സുഹൃത്താണ്. പക്ഷെ എന്തെങ്കിലും പ്രശ്നം വന്നാൽ അവൾ ആദ്യം അന്വേഷിക്കുക അവളുടെ അമ്മയെയാണെന്നും അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി. ഒരു അഭിമുഖത്തിൽ സംസാരിക്കവെയാണ് അഭിഷേക് ബച്ചൻ ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അഭിഷേകിന് അമ്മയോടുള്ള സ്നേഹം പോലെ മകൾ ആരാധ്യക്ക് ഐശ്വര്യയോടുള്ള സ്നേഹവും പ്രകടമാണ്. എപ്പോഴും അമ്മയ്ക്കൊപ്പമാണ് ആരാധ്യയെ പൊതുവിടങ്ങളിൽ കാണാറ്. മകളെ പിരിഞ്ഞിരിക്കാൻ ഐശ്വര്യക്കും ഇഷ്ടമല്ല.
കാൻ ഫിലിം ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലേക്ക് പോയപ്പോഴും ഐശ്വര്യക്കൊപ്പം മകളും ഉണ്ടായിരുന്നു. അതേസമയം ഐശ്വര്യ ലൈം ലൈറ്റിൽ നിന്നും മകളെ മാറ്റി നിർത്താത്തതിൽ വിമർശനവും ഉയരാറുണ്ട്. ചെറിയ പ്രായത്തിലേ മാധ്യമ ശ്രദ്ധ ലഭിക്കുന്നതിനാൽ താൻ താരമാണെന്ന ചിന്തയിലാണ് ആരാധ്യ വളരുകയെന്ന് പലരും ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ ഇതേക്കുറിച്ചൊന്നും ഐശ്വര്യ റായ് ആശങ്കപ്പെടുന്നില്ല.


Click it and Unblock the Notifications











