11 വയസ്സിൽ ആരാധ്യയുടെ സമ്പാദ്യങ്ങൾ; ഒരു വയസായപ്പോൾ മകൾക്ക് നൽകിയത് 54 കോടിയുടെ ബംഗ്ലാവ്
ബോളിവുഡും താരങ്ങളുടെ മക്കളും സിനിമാ ലോകത്ത് എന്നും ചർച്ചാ വിഷയമാണ്. തമിഴ്, തെലുങ്ക്, മലയാള സിനിമകളിലെല്ലാം നെപ്പോട്ടിസം ഉണ്ടെങ്കിലും ബോളിവുഡിനാണ് ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ വിമർശനം കേൾക്കേണ്ടി വന്നത്. മറ്റ് ഭാഷകളേക്കാൾ താരങ്ങളുടെ മക്കൾക്ക് ജനശ്രദ്ധ ലഭിക്കുന്നത് ബ ടൗണിലാണ്. വളരെ പെട്ടെന്ന് ഇവർക്ക് താരങ്ങളാകാൻ സാധിക്കുന്നു.
സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാൻ, ഷാരൂഖിന്റെ മകൾ സുഹാന ഖാൻ, കജോളിന്റെ മകൾ നൈസ തുടങ്ങിയവരുടെ ഒരു സിനിമയും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എന്നാൽ ഇവർ വർഷങ്ങളായി സിനിമാ രംഗത്തുള്ളവരേക്കാൾ വാർത്താ പ്രാധാന്യം നേടുന്നു. പിആർ വർക്കുകളിലൂടെ മക്കളെ ചെറുപ്പകാലം മുതൽ ജനശ്രദ്ധയിലേക്ക് കൊണ്ട് വരികയാണ് പ്രമുഖർ ചെയ്യുന്നതെന്ന വിമർശനവും ഉണ്ട്. ജനിച്ച നാൾ മുതൽ വാർത്താ പ്രാധാന്യം നേടുന്ന താരപുത്രിയാണ് ആരാധ്യ ബച്ചൻ.

അമ്മ ഐശ്വര്യ റായും അച്ഛൻ അഭിഷേക് ബച്ചനും ലാളിച്ച് വളർത്തുന്ന ആരാധ്യ പൊതുവേദികളിൽ മിക്കപ്പോഴും അമ്മയ്ക്കൊപ്പം എത്താറുണ്ട്. മകളെ പിരിഞ്ഞിരിക്കുന്നത് ഇഷ്ടമല്ലാത്ത ഐശ്വര്യ ആരാധ്യയെ മിക്കയിടങ്ങളിലും ഒപ്പം കൂട്ടുന്നു. മകളെ രാജകീയമാണ് അഭിഷേകും ഐശ്വര്യയും വളർത്തുന്നത്. ഏക മകളായതിനാൽ അച്ഛന്റെയും അമ്മയുടെയും മുഴുവൻ സ്നേഹവും ലഭിക്കുന്നത് ആരാധ്യക്കാണ്. 11 വയസുകാരിയായ ആരാധ്യക്ക് ഇതിനകമുള്ള സമ്പാദ്യങ്ങളുടെ കണക്കെടുത്താൽ മിക്കവരും അമ്പരക്കും.
മകൾക്ക് ഒരു വയസായപ്പോൾ തന്നെ ബിഎംഡബ്ല്യു മിനി കൂപ്പർ എസ് അഭിഷേകും ഐശ്വര്യയും സമ്മാനമായി നൽകി. ഒപ്പം ദുബായിൽ ഒരു ലക്ഷ്വറി വീടും. 54 കോടി രൂപയാണ് ഈ വീടിന്റെ വില. മകളുടെ നാലാം പിറന്നാളിന് ഓഡി എ8 കാർ പിറന്നാൾ സമ്മാനമായി നൽകി. ചെറിയ പ്രായത്തിൽ തന്നെ ഇത്രയും വിലപിടിപ്പുള്ള സമ്മാനങ്ങളാണ് അഭിഷേകും ഐശ്വര്യയും മകൾക്ക് നൽകിയത്.

അടുത്തിടെ അമ്മൂമ്മ ബ്രിന്ദ്യയുടെ പിറന്നാൾ ദിനത്തിന് 90,000 രൂപ വിലയുള്ള ഗുച്ചിയുടെ ബാഗ് ധരിച്ചാണ് ആരാധ്യ എത്തിയത്. മകളെക്കുറിച്ച് അടുത്തിടെ അഭിഷേക് സംസാരിച്ചിട്ടുണ്ട്. ബച്ചൻ കുടുംബത്തിന്റെ പാരമ്പര്യം ഐശ്വര്യ മകൾക്ക് പറഞ്ഞ് കൊടുക്കുന്നുണ്ടെന്നും കുടുംബ മഹിമയ്ക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും ആരാധ്യ ചെയ്യരുതെന്നും അഭിഷേക് വ്യക്തമാക്കി. കൂട്ടുകുടുംബ അന്തരീക്ഷത്തിലാണ് ആരാധ്യ വളരുന്നത്.
അഭിഷേകും ഐശ്വര്യയും മാതാപിതാക്കളായ അമിതാഭ് ബച്ചനും ജയ ബച്ചനും ഒരു വീട്ടിലാണ് കഴിയുന്നത്. അച്ഛനെയും അമ്മയെയും വിട്ട് മറ്റൊരു വീട്ടിൽ താമസിക്കാൻ താൽപര്യമില്ലെന്ന് അഭിഷേക് ബച്ചൻ അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഐശ്വര്യയും കുടുംബ ബന്ധങ്ങൾക്ക് വലിയ പ്രാധാന്യം നൽകുന്നു. ആരാധ്യ പിറന്ന ശേഷമാണ് നടി സിനിമകൾ ചെയ്യുന്നത് കുറച്ചത്.
പൂർണ ശ്രദ്ധയും മകൾക്ക് നൽകിയ താരം നിരവധി സിനിമകൾ വേണ്ടെന്ന് വെച്ചു. അതേസമയം ഐശ്വര്യയും അഭിഷേകും മകളെ വളർത്തുന്ന രീതി പലപ്പോഴും വിമർശിക്കപ്പെടാറുണ്ട്. ചെറിയ പ്രായത്തിൽ തന്നെ ലൈം ലൈറ്റിലേക്ക് വരുന്നത് മകളുടെ ചിന്താഗതികളെ ഭാവിയിൽ ബാധിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനം.
അനുഷ്ക ശർമ്മ, റാണി മുഖർജി, നയൻതാര തുടങ്ങിയ താരങ്ങളെല്ലാം മക്കളുടെ മുഖം പോലും പാപ്പരാസി മാധ്യമങ്ങൾക്ക് മുമ്പിൽ കാണിക്കാറില്ല. മകളുടെ ഫോട്ടോ എടുക്കരുതെന്ന് അനുഷ്ക ശർമ്മ മാധ്യമങ്ങൾക്ക് പ്രത്യേക നിർദ്ദേശവും വെച്ചിട്ടുണ്ട്. എന്നാൽ ഐശ്വര്യ മകളെ പാപ്പരാസി മാധ്യമങ്ങളിൽ നിന്നും അകറ്റി നിർത്താറില്ല.


Click it and Unblock the Notifications