കജോളിനെയും ഷാരൂഖിനെയും ആഘോഷിക്കുന്നു; ഇഷ്ടപ്പെടാതെ ഭർത്താവ് അജയ്; വിവാഹ ശേഷം നടന്നത്
ബോളിവുഡിൽ എത്രയൊക്കെ താര ജോഡികൾ വന്നാലും പ്രേക്ഷകരുടെ മനസിൽ മാറ്റി നിർത്താൻ പറ്റാത്ത സ്ഥാനമുള്ള നായകനും നായികയുമാണ് കജോളും ഷാരൂഖ് ഖാനും. ഇവർ ഒരുമിച്ചെത്തിയപ്പോഴേല്ലാം ആരാധകരുടെ ആഘോഷമായിരുന്നു. ഒരു കാലഘട്ടത്തിൽ ഷാരൂഖിന്റെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായികയായി കജോൾ അറിയപ്പെട്ടു. രണ്ട് പേർക്കും തുല്യ പ്രാധാന്യമുള്ള സിനിമകളാണ് ഇവർ ചെയ്തതതിൽ ഭൂരിഭാഗവും. ദിൽവാലെ ദുൽഹനിയ ലെ ജായേംഗെ, കഭി ഖുശി കഭി ഗം, കുച്ച് കുച്ച് ഹോതാ ഹേ, കൽ ഹോ നാ ഹോ, മൈ നേം ഈസ് ഖാൻ എന്നീ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്.
കരിയറിലെ തിരക്കേറിയ സമയത്താണ് കജോൾ വിവാഹിതയാകുന്നതും കുടുംബ ജീവിതത്തിലേക്ക് ശ്രദ്ധ തിരിക്കുന്നതും. പിന്നീട് ചുരുക്കം സിനിമകളിലേ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ. ഷാരൂഖിന് പിന്നീട് വന്ന നായികമാരെല്ലാം കജോളുമായി താരതമ്യം ചെയ്യപ്പെട്ടു. ഇത്തരമൊരു ഹിറ്റ് കൂട്ട് കെട്ട് ഷാരൂഖിന് നായിക നിരയിൽ പിന്നീട് ഉണ്ടായിട്ടില്ല. കുറച്ചെങ്കിലും ഈ ജോഡിയുമായി ഒപ്പത്തിനൊപ്പം വരാൻ കഴിഞ്ഞത് ദീപിക പദുകോൺ-ഷാരൂഖ് ഖാൻ ജോഡിക്കാണ്.

റിപ്പോർട്ടുകൾ പ്രകാരം കജോളിനെയും ഷാരൂഖിനെയും ആരാധകർ ആഘോഷിക്കുന്നത് കജോളിന്റെ ഭർത്താവ് അജയ് ദേവ്ഗണിനെ അലോസരപ്പെടുത്തിയിട്ടുണ്ട്. അജയ് ദേവ്ഗണിനൊപ്പം കജോൾ അഭിനയിച്ച സിനിമകളൊന്നും അക്കാലത്ത് ശ്രദ്ധ നേടിയിരുന്നില്ല. ഒരു ഘട്ടത്തിൽ ഷാരൂഖിനൊപ്പം അഭിനയിക്കുന്നത് കജോൾ നിർത്തി. ഇതേക്കുറിച്ച് അന്ന് ചില അഭ്യൂഹങ്ങളും വന്നു.
അജയ് ദേവ്ഗണിന്റെ നിർബന്ധം കാരണമാണ് കജോൾ ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. കജോളിനെ ഒരു സിനിമയ്ക്ക് വേണ്ടി ഷാരൂഖ് ഖാൻ സമീപിക്കുകയുണ്ടായി. അജയ് ദേവ്ഗൺ മുഖേനയാണ് സിനിമയുടെ കാര്യം ഷാരൂഖ് സംസാരിച്ചത്. എന്നാൽ തന്റെ ഭാര്യ ഈ സിനിമ ചെയ്യില്ലെന്ന് അജയ് ദേവ്ഗൺ പറഞ്ഞു. ഇതിന് കാരണവും ഇദ്ദേഹം ചൂണ്ടിക്കാട്ടി. കജോളിനെ വിവാഹം ചെയ്തതോടെ ഷാരൂഖ്-കജോൾ ആരാധകർ അജയ് ദേവ്ഗണിനെതിരെ തിരിഞ്ഞു.

കജോളും അജയും പിരിയണമെന്നും കജോൾ ഷാരൂഖിന്റേത് മാത്രമാണെന്നും പറഞ്ഞ് വിദ്വേഷ ഇമെയിലുകൾ അജയ് ദേവ്ഗണിന് വരാൻ തുടങ്ങി. ഇതേക്കുറിച്ച് ഷാരൂഖിനോട് അജയ് ദേവ്ഗൺ സംസാരിച്ചു. സമാനമായി തന്റെ ഭാര്യ ഗൗരി ഖാനും ഭീഷണികൾ വരുന്നുണ്ടെന്ന് ഷാരൂഖും പറഞ്ഞു. ഇതോടെ കജോൾ നായികയായി വേണ്ടെന്ന് ഷാരൂഖ് തീരുമാനിച്ചെന്നാണ് അന്ന് പുറത്ത് വന്ന വാർത്ത.
അതേസമയം വർഷങ്ങൾക്കിപ്പുറം ദിൽവാലെ എന്ന സിനിമയിൽ ഷാരൂഖും കജോളും ഒരുമിച്ച് അഭിനയിച്ചു. പക്ഷെ ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. അഭിനയ രംഗത്ത് വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് കജോൾ. മറുവശത്ത് ഷാരൂഖ് തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ്. പഠാൻ, ജവാൻ, ഡങ്കി എന്നീ സിനിമകൾ മികച്ച വിജയം നേടി. കജോളും ഷാരൂഖും വീണ്ടും ഒരുമിച്ചെത്തുന്ന സിനിമ ആരാധകർ ആഗ്രഹിക്കുന്നുണ്ട്.


Click it and Unblock the Notifications











