മകൾക്ക് കോടികളുടെ ബംഗ്ലാവ് നൽകി അമിതാഭ് ബച്ചൻ; മരുമകൾ നീരസത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെ പുതിയ വിവരം
ബോളിവുഡിൽ ഏറ്റവും ജനശ്രദ്ധ നേടുന്ന താര കുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റേത്. ജയ, അഭിഷേക്, ഐശ്വര്യ റായ്, അഗസ്ത്യ നന്ദ തുടങ്ങി ബച്ചൻ കുടുംബത്തിലെ അംഗങ്ങളിൽ മിക്കവരും താരങ്ങളാണ്. എന്നാൽ സിനിമാ രംഗത്തേക്ക് കടന്ന് വരാൻ അമിതാഭിന്റെ മകൾ ശ്വേത ബച്ചൻ തയ്യാറായില്ല. മോഡലിംഗിലും എഴുത്തിലും ശ്വേത സാന്നിധ്യം അറിയിച്ചു. മാതാപിതാക്കളും സഹോദരങ്ങളും നാത്തൂനുമെല്ലാം ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരങ്ങളാണെങ്കിലും ശ്വേത തന്റേതായ വഴിയാണ് തെരഞ്ഞെടുത്തത്.
അതേസമയം താരപുത്രിയുടേതായ എല്ലാ സുഖ സൗകര്യങ്ങളോടെയുമാണ് ശ്വേത ജീവിക്കുന്നത്. ഇപ്പോഴിതാ ശ്വേതയെക്കുറിച്ചുള്ള പുതിയൊരു വാർത്തയാണ് പുറത്ത് വരുന്നത്. മാതാപിതാക്കൾ 50 കോടി രൂപയുടെ സമ്മാനം നൽകിയിരിക്കുകയാണ് ശ്വേതയ്ക്ക്. അമിതാഭ് ബച്ചന് വൈകാരികമായ ഏറെ അടുപ്പമുള്ള പ്രതീക്ഷ എന്ന വീടാണ് മകളുടെ പേരിലേക്ക് മാറ്റിയിരിക്കുന്നത്. 50 കോടി വില വരുന്ന വീടാണ് ഇദ്ദേഹം. അമിതാഭ് ബച്ചൻ മുംബൈയിൽ വാങ്ങിയ ആദ്യത്തെ വീടാണിത്.

മുമ്പൊരിക്കൽ ഈ വീടുമായുള്ള അടുപ്പത്തെക്കുറിച്ച് അമിതാഭ് ബച്ചൻ സംസാരിച്ചിട്ടുണ്ട്. 1976 ലാണ് അമിതാഭ് ബച്ചൻ ഈ വീട്ടിലേക്ക് താമസം മാറുന്നത്. ഇദ്ദേഹത്തിന്റെ പിതാവ് ഹരിവംശ് റായ് ബച്ചനാണ് പ്രതീക്ഷ എന്ന പേര് ഈ വീടിനിട്ടത്. ശ്വേത ബച്ചനും അഭിഷേക് ബച്ചനും കുട്ടിക്കാലത്ത് വീട്ടിനടുത്തുള്ള ഗുൽമോഹർ മരത്തിനടുത്തിരുന്ന് കളിക്കുമായിരുന്നു. മക്കൾ വിവാഹിതരായതും ഇവിടെ വെച്ചാണെന്നും അമിതാഭ് ബച്ചൻ ഓർത്തു.
നിലവിൽ ജൽസ എന്ന വീട്ടിലാണ് അമിതാഭ് ബച്ചനും കുടുംബവും താമസിക്കുന്നത്. നൂറ് കോടി വിലമതിപ്പുള്ള ഈ വീട്ടിൽ തന്നെയാണ് അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായും കഴിയുന്നത്. മറ്റ് വീടുകൾ ഉണ്ടെങ്കിലും അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ അഭിഷേകിന് ഇഷ്ടമല്ല. ഈ വീടിന്റെ അനന്തരാവകാശിയും അഭിഷേക് തന്നെയായിരിക്കുമെന്നാണ് സൂചന.

അടുത്ത കാലത്ത് ബച്ചൻ കുടുംബത്തെക്കുറിച്ച് നിരവധി ഗോസിപ്പുകൾ വന്നിട്ടുണ്ട്. ഐശ്വര്യ റായും ഭർത്താവിന്റെ വീട്ടുകാരും സ്വര ചേർച്ചയിൽ അല്ലെന്നാണ് വിവരം. പ്രത്യേകിച്ചും ശ്വേത ബച്ചനുമായും ജയ ബച്ചനുമായാണ് ഐശ്വര്യ അകലം കാണിക്കുന്നത്. സോഷ്യൽ ഒരുമിച്ചുള്ള ഫോട്ടോകൾ ഇവർ പങ്കുവെക്കാറില്ല. പൊതുവേദികളിലും ഒരുമിച്ചെത്താറില്ല. അടുത്തിടെ ഐശ്വര്യ റായുടെ പിറന്നാൾ ദിനം ആഘോഷിച്ചപ്പോൾ അഭിഷേകിന്റെ വീട്ടുകാരിൽ ആരും പങ്കെടുത്തില്ല. പിറന്നാൾ ആശംസകളും അറിയിച്ചില്ല.
ഇതിന് മുമ്പ് അമിതാഭ് ബച്ചന്റെ പിറന്നാൾ ആഘോഷത്തിൽ ഐശ്വര്യ പങ്കെടുത്തിരുന്നു. വീട്ടിൽ വെച്ച് നടന്ന ആഘോഷത്തിന്റെ ഫോട്ടോകളും പുറത്ത് വന്നു. ഐശ്വര്യ ഈ ഫോട്ടോകൾ പങ്കുവെച്ചെങ്കിലും ഫോട്ടോയിൽ നിന്നും തന്റെ മകളുടെയും അമിതാഭ് ബച്ചന്റെയും മുഖമാെഴിച്ച് ബാക്കിയുള്ളവരുടെ മുഖങ്ങൾ ക്രോപ് ചെയ്ത് മാറ്റി. ഇതോടെയാണ് അഭ്യൂഹങ്ങൾ കടുത്തത്. എന്നാൽ ഗോസിപ്പുകൾ കടുത്തെങ്കിലും താര കുടുംബം പ്രതികരിക്കാൻ തയ്യാറായില്ല. എല്ലാവരും അവരുടേതായ കരിയറിലെ തിരക്കുകളിലാണ്.
അമിതാഭ് ബച്ചൻ 81ാം വയസിലും സിനിമാ രംഗത്ത് സജീവമാണ്. അഭിഷേകും തുടരെ സിനിമകൾ ചെയ്യുന്നു. അടുത്തിടെയാണ് ഐശ്വര്യ റായും ജയ ബച്ചനും അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ റായ് തിരിച്ചെത്തിയത്. റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെയാണ് ജയ ബച്ചൻ തിരിച്ച് വരവ് നടത്തിയത്.


Click it and Unblock the Notifications