മുഖത്തെ മാറ്റത്തിന് കാരണം; ഇത് ദുഖകരമാണ്; വിമർശനങ്ങളോട് പ്രതികരിച്ച് എമി ജാക്സൺ; നടിയുടെ വാക്കുകൾ
ബ്രിട്ടീഷുകാരിയാണെങ്കിലും ഇന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി എമി ജാക്സൺ. ചുരുക്കം സിനിമകളിലൂടെ വലിയ സ്വീകാര്യത എമി ജാക്സന് ലഭിച്ചു. മദിരാശി പട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്സൺ ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ ആദ്യമായെത്തുന്നത്. ആര്യയാണ് ചിത്രത്തിലെ നായക വേഷം ചെയ്തത്. സിനിമ മികച്ച വിജയം നേടി. എമി ജാക്സന്റെ പ്രകടനവും ശ്രദ്ധ നേടി. ഭാഷ വശമില്ലാതിരുന്നിട്ടും കഥാപാത്രത്തെ ഉൾക്കൊണ്ട് അഭിനയിച്ച എമിയെ തമിഴ് സിനിമാ ലോകം ഏറ്റെടുത്തു.
സംവിധായകൻ ഗൗതം വാസുദേവ് മേനോന്റെ ഏക് ദീവാന ഥാ എന്ന സിനിമയിലാണ് നടി പിന്നീട് അഭിനയിച്ചത്. വിണ്ണെെത്താണ്ടി വരുവായ എന്ന സിനിമയുടെ ഹിന്ദി റീമേക്കായിരുന്നു ഏക് ദീവാന ഥാ. 2015 ൽ പുറത്തിറങ്ങിയ ഐയാണ് എമിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സിനിമ. വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്ത സിനിമ എമിയുടെ കരിയറിൽ ഇന്നും എടുത്ത് പറയുന്ന സിനിമയാണ്.കരിയറിലെ ഉയർച്ച പോലെ തന്നെ പിന്നീട് ചില വീഴ്ചകളും എമി ജാക്സന് സംഭവിച്ചു.

കരിയറിലെ തിരക്കേറിയ സമയത്ത് കുറച്ച് വർഷം ഇന്ത്യയിൽ താമസിച്ചെങ്കിലും 2015 ന് ശേഷം ഇംഗ്ലണ്ടിലേക്ക് നടി തിരിച്ച് പോയി. ഇതിനിടെ എമി ജാക്സന്റെ വ്യക്തി ജീവിതവും വലിയ തോതിൽ ചർച്ചയായി. ഹോട്ടൽ ബിസിനസുകാരനായ ജോർജ് എന്ന വ്യക്തിയുമായി ഏറെ നാൾ പ്രണയത്തിലായിരുന്നു എമി. ഈ ബന്ധത്തിൽ ഒരു മകളും ജനിച്ചു. 2019 ലാണ് മകൾ ജനിച്ചത്. എന്നാൽ 2022 ൽ ഇരുവരും പിരിഞ്ഞു.
എഡ് വെസ്റ്റ്വിക് എന്നാണ് എമിയുടെ ഇപ്പോഴത്തെ കാമുകന്റെ പേര്. കഴിഞ്ഞ ദിവസമാണ് എമി ജാക്സന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ട് മിക്കവരും അമ്പരന്നു. പഴയ എമി ജാക്സണാണെന്ന് തിരിച്ചറിയാൻ പോലും പറ്റുന്നില്ലെന്നാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ. നടിയുടെ മുഖത്ത് മുഖത്ത് വലിയ വ്യത്യാസം തോന്നുന്നുണ്ട്. ഇതിന്റെ പേരിൽ പരിഹാസങ്ങളും താരത്തിന് നേരെ വന്നു. ഇപ്പോഴിതാ ഫോട്ടോയ്ക്ക് വന്ന കമന്റുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് എമി ജാക്സൺ.

ഇന്ത്യയിൽ നിന്നും തന്റെ പുതില ലുക്കിന് വന്ന കുറ്റപ്പെടുത്തലുകൾ ദുഖകരമാണ്. പ്രത്യേകിച്ചും പുരുഷൻമാരാണ് ഇത്തരം കമന്റുകളിടുന്നതെന്നും എമി ജാക്സൺ ചൂണ്ടിക്കാട്ടി. തന്റെ പുതിയ പ്രൊജക്ടിന് വേണ്ടിയാണ് മേക്ക് ഓവർ നടത്തിയത്. തന്റെയൊപ്പം പ്രവർത്തിച്ച നിരവധി നടൻമാർ സിനിമയ്ക്ക് വേണ്ടി ലുക്കിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. അവർക്ക് പ്രശംസകളാണ് ലഭിച്ചത്. എന്നാൽ ഒരു നടി അങ്ങനെ ചെയ്യുമ്പോൾ ആളുകൾ വിമർശിക്കുന്നെന്നും എമി ജാക്സൺ ചൂണ്ടിക്കാട്ടി.
തങ്ങളുടെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ഒരു സ്ത്രീ രൂപത്തിൽ മാറ്റം വരുത്തിയാൽ അവരെ ട്രോളാനുള്ള അവകാശമുണ്ടെന്ന് പുരുഷൻമാർ കരുതുന്നെന്നും എമി ജാക്സൺ തുറന്നടിച്ചു. എമിയുടെ ഐ എന്ന സിനിമയിൽ നായകൻ വിക്രം കഥാപാത്രത്തിന് വേണ്ടി ഏവരെയും ഞെട്ടിച്ച രൂപമാറ്റമാണ് വരുത്തിയത്. 30 കിലോയോളം ശരീരഭാരമാണ് വിക്രം കുറച്ചത്. സമാനമായി ആടുജീവിതം എന്ന ചിത്രത്തിന് വേണ്ടി നടൻ പൃഥിരാജും വലിയ തോതിൽ വണ്ണം കുറച്ചു.


Click it and Unblock the Notifications











