സുശാന്തിനൊപ്പം ജീവിക്കാനാണ് അങ്ങനെ ചെയ്തത്; എല്ലാം വേണ്ടെന്ന് വെച്ച മുൻ കാമുകി; പക്ഷെ...
സിനിമാ ലോകത്ത് ഏറെ ചർച്ചയായതാണ് അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്പുതും അങ്കിത ലോഖണ്ഡെയും തമ്മിലുള്ള പ്രണയം. ടെലിവിഷൻ രംഗത്ത് നിന്നുമാണ് രണ്ട് പേരും സിനിമാ രംഗത്തേക്ക് കടന്ന് വന്നത്. പവിത്ര റിഷ്ത എന്ന സീരിയലിൽ അഭിനയിക്കവെയാണ് സുശാന്തും അങ്കിതയും പ്രണയത്തിലായത്. രണ്ട് പേരുടെയും കരിയറിന്റെ തുടക്കം ഈ സീരിയലിലൂടെയായിരുന്നു. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായി മാറിയ ഇരുവരും ഓഫ്സ്ക്രീനിലും അടുത്തു.
കടുത്ത പ്രണയത്തിലായ ഇവരും ഒരുമിച്ച് ജീവിക്കാനാഗ്രഹിച്ചു. ആറ് വർഷമാണ് ഈ പ്രണയ ബന്ധം നീണ്ട് നിന്നത്. ഇതിനിടെ താരങ്ങളുടെ കരിയറിലും വളർച്ചകളുണ്ടായി. സുശാന്തിനെ തേടി സിനിമകളിൽ നിന്നും അവസരങ്ങളെത്തി. അങ്കിതയും സിനിമാ രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. പക്ഷെ സുശാന്തുമായി വിവാഹ ജീവിതത്തിലേക്ക് കടക്കാനാഗ്രഹിച്ച അങ്കിത തനിക്ക് വന്ന പല വലിയ സിനിമകളുടെ ഓഫറും വേണ്ടെന്ന് വെച്ചു. ഇതിലൊന്നാണ് ബാജിരാവോ മസ്താനി.

ദീപിക പദുകോൺ, രൺവീർ സിംഗ്, പ്രിയങ്ക ചോപ്ര എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ വൻ ഹിറ്റായിരുന്നു. ചിത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് അങ്കിതയെ ആണ്. എന്നാൽ നടി ഈ അവസരം വേണ്ടെന്ന് വെക്കുകയാണുണ്ടായത്. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് അങ്കിതയിപ്പോൾ. സുശാന്തുമായി വിവാഹിതയാകാൻ ആഗ്രഹിച്ചതിനാൽ ബാജിരാവോ മസ്താനി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നെന്ന് അങ്കിത പറയുന്നു. തെറ്റായ തീരുമാനമാണ് എടുത്തത്. അതിൽ ദുഖമുണ്ട്. പക്ഷെ കുറ്റബോധമില്ലെന്നും അങ്കിത വ്യക്തമാക്കി.
നിലവിൽ ഭർത്താവ് വിക്കി ജെയ്നൊപ്പം സന്തോഷകരമായി ജീവിക്കുകയാണ്. നല്ല അവസരങ്ങൾ തേടി വന്നിരുന്ന സ്ഥാനത്തേക്ക് തന്റെ കരിയറിനെ വീണ്ടും എത്തിക്കാൻ അധ്വാനിക്കുമെന്നും അങ്കിത തുറന്ന് പറഞ്ഞു. നേരത്തെയും ബാജിരാവോ മസ്താനി വേണ്ടെന്ന് വെച്ചതിനെക്കുറിച്ച് അങ്കിത സംസാരിച്ചിട്ടുണ്ട്. ഈ സിനിമ ചെയ്തില്ലെങ്കിൽ പിന്നീട് പശ്ചാത്തപിക്കുമെന്ന് സഞ്ജയ് ലീല ബൻസാലി പറഞ്ഞതാണ്. പക്ഷെ താൻ വിവാഹം കഴിക്കാൻ പോകുകയാണെന്നാണ് അദ്ദേഹത്തിന് നൽകിയ മറുപടിയെന്ന് അങ്കിത അന്ന് തുറന്ന് പറഞ്ഞു.

എന്നാൽ അങ്കിത ആഗ്രഹിച്ചത് പോലെ സുശാന്തുമായുള്ള വിവാഹം നടന്നില്ല. ഇരുവരും ഇടയ്ക്ക് അകന്നു. ബ്രേക്കപ്പിനെക്കുറിച്ചും നടി പിന്നീട് സംസാരിച്ചിട്ടുണ്ട്. സുശാന്ത് കരിയറിലേക്ക് ശ്രദ്ധ നൽകി. പക്ഷെ തനിക്ക് എല്ലാം മറക്കാൻ കഴിഞ്ഞില്ല. രണ്ടര വർഷത്തോളം താനേറെ ബുദ്ധിമുട്ടിയെന്നും അങ്കിത തുറന്ന് പറഞ്ഞു. ബിസിനസുകാരനായ വിക്കി ജെയ്നാണ് പിന്നീട് നടിയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. 2021 ലാണ് ഇവർ വിവാഹിതരായത്.
മറുവശത്ത് സുശാന്ത് പല പ്രതിസന്ധി ഘട്ടങ്ങളും നേരിട്ടു. 2020 ലാണ് നടൻ ആത്മഹത്യ ചെയ്തത്. വിഷാദ രോഗം നടനെ അലട്ടിയിരുന്നു. സുശാന്തിന്റെ മരണത്തിൽ തകർന്ന് പോയ കുടുംബത്തെ ആശ്വസിപ്പിക്കാൻ അങ്കിത എത്തി. നടന്റെ കുടുംബവുമായി അടുത്ത ബന്ധം അങ്കിതയ്ക്കുണ്ടായിരുന്നു. ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണത്തിന് പിന്നാലെ ബോളിവുഡിൽ വലിയ വിവാദങ്ങൾ ഉടലെടുത്തു.
സിനിമാ രംഗത്ത് തഴയപ്പെട്ടതാണ് സുശാന്തിനെ ബാധിച്ചതെന്ന് ആരോപണം വന്നു. ബോളിവുഡിലെ നെപ്പോട്ടിസവും ഇതിനിടെ ചർച്ചയായി. ഏറെനാൾ ഈ വിവാദം നീണ്ടു നിന്നു. സുശാന്തിന്റെ കുടുംബം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. 34ാം വയസിലാണ് സുശാന്ത് ലോകത്തോട് വിട പറഞ്ഞത്. ഇന്നും സുശാന്തിനെ സിനിമാ പ്രേക്ഷകർ ഓർക്കുന്നു. നടന്റെ ഫാൻ പേജുകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.


Click it and Unblock the Notifications