ശ്രീദേവിയെ ഏറ്റവും വിലപിടിപ്പുള്ള നായികയാക്കി; അവൾക്ക് വേണ്ടി മാത്രമല്ലായിരുന്നു അത്; ബോണി കപൂർ
ഇന്ത്യൻ സിനിമയിലെ വിസ്മയമായാണ് അന്തരിച്ച നടി ശ്രീദേവിയെ ആരാധകർ കണ്ടത്. എൺപതുകളിലും തൊണ്ണൂറുകളിലും ബോളിവുഡിലെ താരറാണിയായി മാറിയ ശ്രീദേവി ഹിറ്റുകളുടെ വലിയൊരു നിര തന്നെ സൃഷ്ടിച്ചു. അഭിനയമികവും വശ്യമായ സൗന്ദര്യവുമാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്. ഗ്ലാമറസ് നായികയായി അഭിനയിക്കാൻ തയ്യാറായ ശ്രീദേവിക്ക് അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങൾ തുടരെ ലഭിച്ചു. ചാന്ദ്നി, ലംഹേ, മിസ്റ്റർ ഇന്ത്യ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രീദേവിയുടെ ആരാധകർ ഇന്നും എടുത്ത് പറയുന്നു.
തെന്നിന്ത്യയിൽ നിന്നും ബോളിവുഡിലേക്ക് എത്തിയ ശേഷം ശ്രീദേവിക്ക് വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. സൂപ്പർസ്റ്റാറുകൾക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ പറ്റുന്ന താരമൂല്യം നടിക്ക് സമ്മാനിച്ചത് ഹിന്ദി സിനിമാലോകമാണ്. ശ്രീദേവിക്ക് ബോളിവുഡിൽ വിജയം കൈവരിക്കാൻ കഴിഞ്ഞതിൽ പ്രധാന പങ്കുവഹിച്ചത് നിർമാതാവ് ബോണി കപൂറാണ്. ബോണി കപൂർ നിർമ്മിച്ച സിനിമകളിലെ സ്ഥിരം സാന്നിധ്യമായി ശ്രീദേവി മാറി.

അമ്മയുടെ നിഴലിലായിരുന്ന ശ്രീദേവിക്ക് കരിയറിൽ മുന്നോട്ട് നീങ്ങാൻ ബോണി കപൂറിന്റെ ഉപദേശങ്ങളും ഇടപെടലും സഹായിച്ചു. പിൽക്കാലത്ത് ഇവർ തമ്മിൽ അടുക്കുകയും വിവാഹിതരാവുകയും ചെയ്തു. ശ്രീദേവിക്ക് കരിയറിൽ നൽകിയ ഉപദേശങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബോണി കപൂറിപ്പോൾ.
ശ്രീദേവിക്ക് മാർഗദർശിയാകേണ്ടത് തന്റെ ഉത്തരവാദിത്തമായിരുന്നെന്ന് ബോണി കപൂർ പറയുന്നു. തനിക്കും കൂടി വേണ്ടിയാണ് അങ്ങനെ ചെയ്തത്. സഹോദരൻ അനിൽ കപൂറിന് വഴികാട്ടിയത് അവന് വേണ്ടി മാത്രമല്ല, ഞങ്ങൾക്ക് വേണ്ടിയാണ്. അതേപോലെ ശ്രീദേവിക്ക് വഴികാട്ടിയതും ഞങ്ങൾക്ക് വേണ്ടിയാണെന്നും ബോണി കപൂർ വ്യക്തമാക്കി. ശ്രീദേവിയെ ബോളിവുഡിലെ ഏറ്റവും വിലപിടിപ്പുള്ള നായികനടിയാക്കിയതിന് പിന്നിലും ബോണി കപൂറിന്റെ നീക്കങ്ങളായിരുന്നു.

ഇതേക്കുറിച്ച് ഇദ്ദേഹം മുമ്പൊരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. തന്റെ സിനിമയിൽ ശ്രീദേവിയെ നായികയാക്കാൻ ബോണി കപൂർ ചെന്നെെയിലെത്തി. ശ്രീദേവിയുടെ അമ്മയെ കണ്ട് പ്രതിഫലക്കാര്യം സംസാരിച്ചു. 10 ലക്ഷം രൂപയാണ് പ്രതിഫലമായി അമ്മ ആവശ്യപ്പെട്ടത്. തൊട്ട് മുൻപത്തെ സിനിമയിൽ 8.5 ലക്ഷം രൂപയാണ് ശ്രീദേവിക്ക് വാങ്ങിയ പ്രതിഫലം. അതിനാൽ 9 ലക്ഷം രൂപ പ്രതിഫലം നൽകാനാണ് ബോണി കപൂർ കണക്ക് കൂട്ടിയത്.
എന്നാൽ നടിയെ കണ്ടപ്പോൾ 11 ലക്ഷം രൂപ പ്രതിഫലമായി തരാമെന്ന് ബോണി അമ്മയോട് പറഞ്ഞു. അടുത്ത സിനിമയിൽ 15 ലക്ഷം രൂപയിൽ കുറഞ്ഞ പ്രതിഫലം വാങ്ങരുതെന്ന കണ്ടീഷനും വെച്ചു. പക്ഷെ ഇത്രയും പ്രതിഫലം ആര് തരാനാണെന്നായിരുന്നു ശ്രീദേവിയുടെ അമ്മയുടെ ചോദ്യം. 15 ലക്ഷം താൻ തരുമെന്ന് പറഞ്ഞ ബോണി അടുത്ത സിനിമ ചാന്ദ്നിയിൽ നടിക്ക് ഈ പ്രതിഫലം നൽകി.
പിന്നീട് പ്രതിഫലം 25 ലക്ഷം രൂപയായി ഉയർത്താനും ബോണി കപൂർ നിർദ്ദേശിച്ചു. താരറാണിയായി മാറുന്ന ശ്രീദേവി ചെറിയ സിനിമകളുടെ ഭാഗമാകാതിരിക്കാനാണ് ബോണി കപൂർ ഇങ്ങനെ ചെയ്തത്. ഒരുമിച്ച് സിനിമകൾ ചെയ്യവെ പരസ്പരം അടുത്ത ബോണിയും ശ്രീദേവിയും പിന്നീട് വിവാഹിതരായി. ആദ്യ വിവാഹബന്ധം ഉപേക്ഷിച്ചാണ് ശ്രീദേവിയെ ബോണി വിവാഹം ചെയ്തത്. ജാൻവി കപൂർ, ഖുശി കപൂർ എന്നീ രണ്ട് മക്കളും ദമ്പതികൾക്ക് പിറന്നു.
2018 ലാണ് ശ്രീദേവി മരിച്ചത്. ദുബായിലെ ഹോട്ടൽ മുറിയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണം വന്നെങ്കിലും പിന്നീട് ഇത്തരം വാദങ്ങൾ കെട്ടടങ്ങി. ശ്രീദേവിയുടെ മകൾ ജാൻവി കപൂർ സിനിമാ രംഗത്ത് ഇപ്പോൾ സജീവമാണ്.


Click it and Unblock the Notifications