രണ്ടാം ഷെഡ്യൂളോടെ ദീപിക രൺവീറിന്റെ മടിയിൽ; പ്രണയം തുടങ്ങിയതിനെക്കുറിച്ച് നടൻ ഗുൽഷൺ
ബോളിവുഡിലെ ജനപ്രിയ താര ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിംഗും. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർക്കത് ആഘോഷമായി. ദീപിക-രൺവീർ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും ബോക്സ് ഓഫീസിൽ വിജയം കൊയ്തു. രാം ലീല, പദ്മാവത്, ബാജിരാവോ മസ്താനി എന്നീ സിനിമകളെല്ലാം ഇതിന് ഉദാഹരണമാണ്. കരിയർ പരിശോധിച്ചാൽ രൺവീറിനേക്കാൾ സീനിയറാണ് ദീപിക. പക്ഷെ രണ്ട് പേരുടെയും കരിയറിൽ വഴിത്തിരിവുണ്ടാകുന്നത് ഒരേ കാലഘട്ടത്തിലാണ്.
2013 ൽ പുറത്തിറങ്ങിയ രാം ലീല എന്ന സിനിമയ്ക്ക് ശേഷം ദീപികയെ തേടി ഒട്ടനവധി അവസരങ്ങൾ വന്നു. ഈ സിനിമയിലെ നായകനായ രൺവീറും പ്രശംസ നേടി. കരിയറിനപ്പുറത്ത് ഇവരുടെ ജീവിതത്തിലും രാം ലീല നിർണായക പങ്കുവഹിച്ചു. സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപികയും രൺവീറും പ്രണയത്തിലാവുന്നത്. 2018 ൽ ഇരുവരും വിവാഹിതരുമായി.

രൺവീർ-ദീപിക പ്രണയ കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ നടൻ ഗുൽഷൺ ദേവയ. രാം ലീലയിൽ ഗുൽഷണും ഒരു വേഷം ചെയ്തിട്ടുണ്ട്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ മുതലാണ് ദീപികയും രൺവീറും പ്രണയത്തിലായതെന്ന് ഗുൽഷൺ ഓർക്കുന്നു. ആദ്യ ഷെഡ്യൂളിൽ ഒന്നും ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സെക്കന്റ് ഷെഡ്യൂൾ ഉദയ്പൂരിൽ വെച്ചായിരുന്നു. പെട്ടെന്നൊരു ദിവസം അവൾ രൺവീറിന്റെ മടിയിൽ ഇരിക്കുന്നത് ഞാൻ കണ്ടു. ഇതൊക്കെ എപ്പോൾ സംഭവിച്ചെന്നാണ് അന്ന് താൻ ആലോചിച്ചതെന്നും ഗുൽഷൺ തുറന്ന് പറഞ്ഞു.
വളരെ നിശബ്ദമായി വന്ന് അഭിനയിച്ച് തിരിച്ച് പോവുന്നതായിരുന്നു ദീപികയുടെ രീതി. രണ്ട് മൂന്ന് ഗാനരംഗങ്ങളും ഷൂട്ട് ചെയ്തു. അന്നൊന്നും ഇതേക്കുറിച്ച് താനറിഞ്ഞില്ല. എന്നാൽ ഷൂട്ടിംഗിന്റെ തുടക്കം മുതലേ ദീപികയോട് രൺവീറിന് ഇഷ്ടമുണ്ടായിരുന്നതായി തനിക്ക് തോന്നിയിട്ടുണ്ടെന്നും ഗുൽഷൺ പറയുന്നു. ദീപികയെ കാമുകിയാക്കാൻ രൺവീർ നന്നായി ശ്രമിച്ചിട്ടുണ്ടാവുമെന്നും ഗുൽഷൺ അഭിപ്രായപ്പെട്ടു.

രൺവീറുമായുള്ള പ്രണയം തുടക്കത്തിൽ ഗൗരവമായെടുത്തിരുന്നില്ലെന്ന് ദീപിക നേരത്തെ പറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായ പ്രണയത്തകർച്ചയായിരുന്നു ഇതിന് കാരണമെന്നും നടി വ്യക്തമാക്കി. രൺവീർ സിംഗിന് മുമ്പ് നടൻ രൺവീർ കപൂറുമായി പ്രണയത്തിലായിരുന്നു ദീപിക. എന്നാൽ ഈ പ്രണയ ബന്ധം തകർന്നു. നടി കത്രീന കൈഫിനെ പരിചയപ്പെട്ട ശേഷമാണ് രൺബീർ ദീപികയെ ഉപേക്ഷിച്ചത്.
ഈ സംഭവം ദീപികയെ ഏറെ ബാധിച്ചു. രൺബീറിനെതിരെ പരസ്യ പ്രസ്താവനകളും ദീപിക നടത്തി. രൺബീറിന് ഒരു പെട്ടി കോണ്ടം നൽകുമെന്നാണ് മുമ്പൊരിക്കൽ ദീപിക തുറന്നടിച്ചത്. എന്നാൽ പിന്നീട് ഇവർക്കിടയിലെ അസ്വാരസ്യം മാറി. വീണ്ടും സുഹൃത്തുക്കളായ ശേഷം തമാശ, യഹ് ജവാനി ഹെ ദിവാനി എന്നീ സിനിമകളിലും ഇവർ ഒരുമിച്ച് അഭിനയിച്ചു.
കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ദീപിക പദുകോണിപ്പോൾ. പഥാനാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഷാരൂഖ് ഖാൻ നായകനായ ചിത്രത്തിൽ ശ്രദ്ധേയ വേഷമാണ് ദീപികയ്ക്ക് ലഭിച്ചത്. നടിയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. പ്രൊജക്ട് കെയാണ് ഇതിലൊന്ന്. പ്രഭാസ് നായകനാവുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടില്ല.
ഫൈറ്റർ ആണ് മറ്റൊരു സിനിമ. ഹൃതിക് റോഷനാണ് സിനിമയിലെ നായകൻ. ദീപികയും ഹൃതിക്കും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമയാണിത്. പ്രതിഫലക്കാര്യത്തിലും ദീപിക മുൻപന്തിയിലാണ്. മറുവശത്ത് രൺവീർ സിംഗും കരിയറിന്റെ തിരക്കുകളിലാണ്. സർക്കസ് എന്ന സിനിമയാണ് നടന്റേതായി പുറത്തിറങ്ങാനുള്ളത്.


Click it and Unblock the Notifications