പരസ്യമായി മാപ്പ് പറഞ്ഞ് ധർമ്മേന്ദ്ര; ആദ്യ ഭാര്യയിലെ മക്കൾ ഹേമ മാലിനിയെ അവഗണിച്ചെന്ന് സൂചന
ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് ധർമ്മേന്ദ്രയും ഹേമ മാലിനിയും. 1980 ൽ വിവാഹിതരായ ഇരുവരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. അന്ന് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ധർമ്മേന്ദ്ര-ഹേമ മാലിനി വിവാഹം. ഹേമ മാലിനിയുമായി പ്രണയത്തിലാകുമ്പോൾ മറ്റൊരു സ്ത്രീയുടെ ഭർത്താവും നാല് കുട്ടികളുടെ അച്ഛനുമാണ് ധർമ്മേന്ദ്ര. എന്നാൽ ഹേമയുമായുള്ള പ്രണയബന്ധം ഇദ്ദേഹം തുടർന്നു. ആദ്യ ഭാര്യ പ്രകാശ് കൗർ വിവാഹമോചനത്തിന് തയ്യാറായില്ല. ഇതോടെ ധർമ്മേന്ദ്രയുടെ രണ്ടാം ഭാര്യയാകാൻ ഹേമ മാലിനി സമ്മതിച്ചു.
കുടുംബം ശക്തമായി എതിർത്തിട്ടും ഹേമ മാലിനി തന്റെ തീരുമാനവുമായി മുന്നോട്ട് പോയി. ഇഷ ഡിയോൾ, അഹാന ഡിയോൾ എന്നീ മക്കളും താരദമ്പതികൾക്ക് പിറന്നു. ധർമ്മേന്ദ്രയുടെ രണ്ടാം വിവാഹത്തിൽ ആദ്യ ഭാര്യ പ്രകാശ് കൗറിന് എതിർപ്പുണ്ടായിരുന്നെങ്കിലും ബന്ധം ഉപേക്ഷിക്കാൻ തയ്യാറായില്ല.

കഴിഞ്ഞ ദിവസമായിരുന്നു ധർമ്മേന്ദ്രയുടെ കൊച്ചുമകൻ കരൺ ഡിയോളിന്റെ വിവാഹം. ധർമ്മേന്ദ്ര-പ്രകാശ് കൗർ ദമ്പതികളുടെ മകൻ സണ്ണി ഡിയോളിന്റെ പുത്രനാണ് കരൺ ഡിയോൾ. വിവാഹത്തിന് ബോളിവുഡിലെ പ്രമുഖർ എത്തിയെങ്കിലും ഹേമ മാലിനിയുടെയും മക്കളുടെയും അസാന്നിധ്യം ചർച്ചയായി. പ്രകാശ് കൗറുമായോ ഇവരുടെ മക്കളുമായോ ഹേമ മാലിനിക്കും കുടുംബത്തിനും പ്രശ്നങ്ങളില്ല.
പിന്നെ എന്തുകൊണ്ടാണ് നടി മാറിനിന്നതെന്നായിരുന്നു ആരാധകരുടെ ചോദ്യം. പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം വിവാഹത്തിന് ഹേമ മാലിനിയെ ക്ഷണിച്ചിരുന്നില്ല. എന്നാൽ ഹേമയുടെ മകൾ ഇഷയെ സണ്ണി ഡിയോൾ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. അമ്മയെ ക്ഷണിക്കാത്തത് മൂലം ഇഷ ഡിയോൾ വിവാഹത്തിന് പോയതുമില്ല.

തന്നെ മാറ്റിനിർത്തിയതിൽ ഹേമ മാലിനിക്ക് വളരെ വിഷമമുണ്ടെന്നാണ് സൂചനകൾ. ഇതിനിടെ ധർമ്മേന്ദ്ര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. 'ഇഷ, അഹാന, ഹേമ നിങ്ങളെല്ലാവരെയും ഞാൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എനിക്ക് നിങ്ങളോട് നേരിട്ട് പറയാമായിരുന്നു പക്ഷെ...' എന്ന് കുറിച്ച് കൂപ്പുകൈയുടെ ഇമോജിയും ധർമ്മേന്ദ്ര പങ്കുവെച്ചിരിക്കുന്നു. ഹേമ മാലിനിയെ മാറ്റി നിർത്തിയതിലുള്ള ക്ഷമാപണമാണിതെന്നാണ് സോഷ്യൽ മീഡിയിൽ വരുന്ന അഭിപ്രായം.
അതേസമയം കരൺ ഡിയോളിന്റെ വിവാഹത്തിന് ഇഷ ഡിയോൾ സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിച്ചിരുന്നു. 2012 ലായിരുന്നു ഇഷ ഡിയോളിന്റെ വിവാഹം. അന്ന് അർധ സഹോദരൻമാരായ ബോബി ഡിയോളും സണ്ണി ഡിയോളും എത്തുമെന്ന് കരുതിയെങ്കിലും ഇവർ വന്നില്ല. അമ്മ പ്രകാശ് കൗറിനെ വിഷമിപ്പിക്കേണ്ടെന്ന് കരുതിയാണ് ഇവർ മാറി നിന്നത്. അർധസഹോദരിക്ക് വിവാഹദിനത്തിൽ സമ്മാനങ്ങൾ അയക്കുകയും ചെയ്തു.
ഹേമ മാലിനിയും പ്രകാശ് കൗറും തമ്മിൽ അസ്വാരസ്യങ്ങൾ ഇല്ലെങ്കിലും ഇവർ തമ്മിൽ പരസ്പരം കാണാറില്ല. പ്രകാശ് കൗറിനെ താൻ ഒരുപാട് ബഹുമാനിക്കുന്നു എന്ന് മുമ്പൊരിക്കൽ ഹേമ മാലിനി പറഞ്ഞിട്ടുണ്ട്. അതേസമയം ധർമ്മേന്ദ്ര-ഹേമ വിവാഹം വിവാദമായ കാലത്ത് നടിക്കെതിരെ പ്രകാശ് കൗർ സംസാരിച്ചിട്ടുണ്ട്. ഹേമ മാലിനിയെ ഒരു സ്ത്രീയെന്ന നിലയിൽ മനസിലാക്കാൻ പറ്റും.
പക്ഷെ ഭാര്യയെന്ന നിലയിൽ തനിക്കവർ ചെയ്തത് അംഗീകരിക്കാൻ പറ്റില്ല. താനായിരുന്നു ഹേമയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു എന്നും പ്രകാശ് കൗർ അന്ന് പറഞ്ഞു. എന്നാൽ ഭർത്താവ് ധർമ്മേന്ദ്രയെ കുറ്റപ്പെടുത്താൻ പ്രകാശ് കൗർ തയ്യാറായില്ല. ധർമ്മേന്ദ്രയുടെ സ്ഥാനത്ത് മറ്റാരായിരുന്നെങ്കിലും തനിക്ക് പകരം ഹേമയെ ഭാര്യയായി തെരഞ്ഞെടുത്തേനെയെന്നാണ് പ്രകാശ് കൗർ പറഞ്ഞത്.


Click it and Unblock the Notifications