ചുംബനരംഗങ്ങൾ ഭാര്യക്ക് പ്രശ്നമായി; എന്നെ അവർ മുതലെടുക്കുകയാണ് ചെയ്തത്; തുറന്ന് പറഞ്ഞ് ഇമ്രാൻ ഹാഷ്മി
സൂപ്പർതാരങ്ങൾ വാഴുന്ന ബോളിവുഡിൽ ഇമ്രാൻ ഹാഷ്മി ഒരു കാലത്തുണ്ടാക്കിയ തരംഗം ചെറുതല്ല. നടന്റെ സിനിമകളിലെ ഇറോട്ടിക്, ചുംബന രംഗങ്ങൾ വലിയ തോതിൽ ചർച്ചയായി. വിവാദമായ പല ചുംബന സീനുകളും ബോളിവുഡിലുണ്ടെങ്കിലും ഇത്തരം രംഗങ്ങളുടെ പേരിൽ ഒരു മുൻനിര നായക നടൻ അറിയപ്പെടുന്നത് അപൂർവമായിരുന്നു. 2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ ഇമ്രാൻ ഹാഷ്മി സിനിമകൾ പുതിയൊരു ട്രെന്റ് തന്നെ ഇത്തരത്തിൽ ബോളിവുഡിൽ കൊണ്ട് വന്നു.
സിനിമകൾ പരാജയപ്പെട്ടാൽ പോലും ചിത്രത്തിലെ ഗാന രംഗങ്ങൾ ശ്രദ്ധയാകർഷിച്ചു. എന്നാൽ ലിപ് ലോക്ക് നായകനായി മാത്രം അറിയപ്പെട്ടത് ഇമ്രാൻ ഹാഷ്മിയുടെ കരിയറിനെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സ്റ്റീരിയോടൈപ്പ് ചെയ്യപ്പെട്ട നടനെ തേടി പിന്നീട് ഇത്തരം സിനിമകൾ മാത്രമാണ് വന്നത്. പതിയെ ഇമ്രാൻ ഹാഷ്മിയുടെ സിനിമകളോടുള്ള പ്രേക്ഷകരുടെ താൽപര്യം കുറഞ്ഞു. ഒരു ഘട്ടത്തിൽ നടനെ സിനിമകളിൽ കാണാതായി.

പുതുമുഖങ്ങളുടെ വരവും ബോളിവുഡിലെ മാറിയ ട്രെൻഡുമെല്ലാം ഇമ്രാൻ ഹാഷ്മിക്ക് പ്രതികൂലമായി ബാധിച്ചു. എന്നാൽ നടന് ഇന്നും പ്രേക്ഷകരുടെ മനസിൽ സ്ഥാനമുണ്ട്. കരിയറിൽ ശക്തമായ തിരിച്ച് വരവിന്റെ പാതയിലാണ് ഇമ്രാൻ ഹാഷ്മിയിപ്പോൾ. സൽമാൻ ഖാൻ ചിത്രം ടൈഗർ ത്രീയിൽ ഇമ്രാൻ ഹാഷ്മി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഷോ ടെെം എന്ന സീരീസാണ് നടന്റെ പുതിയ പ്രൊജക്ട്. സീരിസിന്റെ പ്രൊമോഷന്റെ തിരക്കിലാണ് ഇമ്രാനിപ്പോൾ.
ഒരു അഭിമുഖത്തിൽ തന്റെ കരിയർ ഗ്രാഫിനെക്കുറിച്ചും ബോളിവുഡിൽ വന്ന പ്രതിച്ഛായയെക്കുറിച്ച് ഇദ്ദേഹം തുറന്ന് സംസാരിച്ചിട്ടുണ്ട്. ഈ വാക്കുകൾ ശ്രദ്ധ നേടുകയാണ്. പഴയത് പോലെ ഇപ്പോൾ ചുംബന രംഗങ്ങളിൽ അഭിനയിക്കാത്തതിനെക്കുറിച്ച് ഇമ്രാൻ ഹാഷ്മി സംസാരിച്ചു. എന്റെ ഭാര്യയുടെ വാക്കുകൾക്കാണ് ഞാൻ ശ്രദ്ധ നൽകുന്നത്. എന്റെ സിനിമകളിൽ ഒരു ചുംബന രംഗം പോലും ഞാൻ ഉൾപ്പെടുത്തിയിട്ടില്ല.

ഇത്തരം രംഗങ്ങൾ കുറയ്ക്കാൻ ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ എനിക്ക് ഒരു ഇമേജ് ഉണ്ടാക്കപ്പെട്ടിരുന്നു. ഒരുപാട് നിർമാതാക്കൾ അത് മുതലെടുത്തു. പ്രേക്ഷകരെ പ്രീതിപ്പെടുത്താനുള്ള പ്രധാന ഘടകമായത് മാറി. എന്റെ സിനിമകൾ കാണുമ്പോൾ ചില സ്ഥലത്ത് അത്തരം സീനുകൾ ആവശ്യമായിരുന്നില്ലെന്ന് തോന്നും. സിനിമകളുടെ കഥയങ്ങനെയായിരുന്നു. പക്ഷെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നത് തനിക്കാണെന്നും ഇമ്രാൻ ഹഷ്മി വ്യക്തമാക്കി.
തന്റെ ഇന്റിമേറ്റ് രംഗങ്ങൾ കണ്ട് ഭാര്യക്ക് ഇൻസെക്യൂരിറ്റി തോന്നിയിട്ടുണ്ടെന്നും നടൻ തുറന്ന് സമ്മതിച്ചു. ഇനി അത്തരം സീനുകൾ ചെയ്യില്ല, അതിനാൽ ഭാര്യക്ക് പ്രശ്നമില്ലെന്നും ഇമ്രാൻ പറഞ്ഞു. അതേസമയം ഇമ്രാന്റെ പുതിയ സീരീസിൽ ചുംബന രംഗങ്ങളുണ്ട്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സീരിസ് ഭാര്യ ഇതുവരെ കണ്ടിട്ടില്ല, കണ്ടാൽ ചിലപ്പോൾ ഭാര്യക്ക് ആശങ്ക തോന്നുമെന്നും ഇമ്രാൻ ഹാഷ്മി പറഞ്ഞു.
പർവീൺ ഷഹനി എന്നാണ് ഇമ്രാന്റെ ഭാര്യയുടെ പേര്. 2006 ലായിരുന്നു വിവാഹം. ആറര വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്. അയാൻ ഹാഷ്മി എന്ന മകനും ദമ്പതികൾക്കുണ്ട്. നാലാം വയസിൽ അയാൻ ഹാഷ്മിക്ക് കാൻസർ ബാധിച്ചു. അഞ്ച് വർഷത്തെ ചികിത്സയക്കൊടുവിലാണ് താരപുത്രൻ രോഗമുക്തി നേടിയത്.


Click it and Unblock the Notifications











