മൂവായിരത്തിലേറെ മണിക്കൂറുകൾ; വിവാഹ വസ്ത്രത്തിന് ചെലവിട്ട പണം; നയൻസിന്റെ സാരിയുടെ പ്രത്യേകതകൾ
ഇന്ത്യൻ സിനിമാ രംഗത്ത് സിനിമകളേക്കാളും ജനശ്രദ്ധ പലപ്പോഴും താര വിവാഹങ്ങൾക്ക് ലഭിക്കാറുണ്ട്. ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസമായ വിവാഹ സുദിനം അവിസ്മരണീയമാക്കിയ താരങ്ങൾ ഏറെയാണ്. അടുത്ത കാലത്ത് സെലിബ്രിറ്റി വിവാഹങ്ങളുടെ പ്രദർശനാവകാശം ഒടിടി പ്ലാറ്റ്ഫോമുകൾ വൻ തുക നൽകി സ്വന്തമാക്കുന്ന ട്രെന്റും ഉണ്ടായി. നയൻതാര, കത്രീന കൈഫ്, ഹൻസിക മോട്വാണി തുടങ്ങിയവരുടെ വിവാഹം ഇതിനുദാഹരണമാണ്.
ബോളിവുഡിലെ മിക്ക താരങ്ങളും വിവാഹം വിദേശത്ത് വെച്ച് നടത്തുകയാണുണ്ടായത്. സ്വകാര്യത കണക്കിലെടുത്താണ് ഇവർ ഇറ്റലിയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പോയി വിവാഹിതരാകുന്നത്. വിവാഹത്തിന് നടിമാർ ധരിച്ച വസ്ത്രങ്ങളാണ് ആരാധകർക്കിടയിലെ ഇപ്പോഴത്തെ ചർച്ച. ഇന്ത്യൻ ജനതയൊന്നാകെ ഉറ്റ് നോക്കിയ വിവാഹമായിരുന്നു നടി അനുഷ്ക ശർമ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോലിയുടേതും.

2017 ലാണ് താരങ്ങൾ വിവാഹിതരായത്. ഇറ്റലിയിൽ വെച്ചായിരുന്നു വിവാഹം. സഭ്യസാചി ഡിസെെൻ ചെയ്ത ലെഹങ്കയാണ് വിവാഹത്തിന് അനുഷ്ക ധരിച്ചത്. 30 ലക്ഷമാണ് ഈ ഫ്ലോറൽ ലെഹങ്കയുടെ വില. 2018 ലാണ് നടി ദീപിക പദുകോൺ വിവാഹിതയായത്. ചുവന്ന ലെഹങ്കയാണ് വിവാഹത്തിന് ദീപിക ധരിച്ചത്. സഭ്യസാചി തന്നെയാണ് ഈ വസ്ത്രവും ഡിസൈൻ ചെയ്തത്. 12 ലക്ഷം രൂപയാണ് ലെഹങ്കയ്ക്ക് മാത്രമായി ദീപിക ചെലവിട്ടത്.
വിവാഹ ദിവസത്തിന് പുറമെ റിസപ്ഷനും മറ്റുമായി വില പിടിപ്പുള്ള വസ്ത്രങ്ങളാണ് ദീപിക ധരിച്ചത്. ദീപികയുടെ വിവാഹ വസ്ത്രങ്ങൾ ഇന്നും ജനപ്രിയമായി നിലനിൽക്കുന്നു. ബോളിവുഡിലും ഹോളിവുഡിലും ചർച്ചയായ വിവാഹമായിരുന്നു പ്രിയങ്ക ചോപ്രയുടേത്. ഇന്ത്യയിൽ വെച്ച് നടന്ന വിവാഹ ചടങ്ങിന് 18 ലക്ഷം രൂപ വിലവരുന്ന സഭ്യസാചി ലെഹങ്കയാണ് പ്രിയങ്ക ധരിച്ചത്.

3720 മണിക്കൂർ ചെലവഴിച്ചാണ് ഈ വസ്ത്രം ഡിസെെൻ ചെയ്തത്. ചുവന്ന ലെഹങ്കയിൽ അതി സുന്ദരിയായാണ് പ്രിയങ്ക വിവാഹവേദിയിലെത്തിയത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിനാണ് പ്രിയങ്ക ചുവന്ന ലെഹങ്ക ധരിച്ചത്. ക്രിസ്ത്യൻ ആചാരപ്രകാരം നടന്ന വിവാഹത്തിന് വെള്ള നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചത്. അമേരിക്കൻ ബ്രാൻഡായ റാൾഫ് ലോറന്റെ 2.5 മില്യൺ ഡോളർ വില വരുന്ന ഗൗണാണിത്.
തെന്നിന്ത്യൻ നടി നയൻതാരയുടെ വിവാഹമാണ് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ താര വിവാഹം. ചുവന്ന നിറത്തിലുള്ള സാരിയാണ് നയൻതാര ധരിച്ചത്. പ്രമുഖ കോസ്റ്റ്യൂം ഡിസൈനർമാരായ മോണികയും കരിഷ്മ ജെയ്റ്റും ചേർന്നാണ് ഈ സാരി ഡിസൈൻ ചെയ്തത്. ചുവന്ന നിറത്തിലുള്ള സാരിയിൽ ക്ഷേത്രങ്ങളുടെ ചിത്രവും നയൻതാരയുടെയും വിഘ്നേശിന്റെയും പേരും തുന്നിച്ചേർത്തിട്ടുണ്ട്. 25 ലക്ഷമാണ് സാരിയുടെ വില. വിലപിടിപ്പുള്ള ആഭരണങ്ങളും നയൻതാര വിവാഹത്തിന് ധരിച്ചു.
താരങ്ങളുടെ വിവാഹസാരിയിൽ എന്നും മുൻപന്തിയിലാണ് നടി ഐശ്വര്യ റായുടെ വിവാഹ വസ്ത്രം. നീത ലല്ലയാണ് ഈ സാരി ഡിസൈൻ ചെയ്തത്. തന്റെ തെന്നിന്ത്യൻ പാരമ്പര്യം ഉൾക്കൊള്ളുന്ന വിവാഹ സാരിയായിരിക്കണമെന്ന് ഐശ്വര്യ റായ്ക്ക് നിർബന്ധം ഉണ്ടായിരുന്നു. ഇതുപ്രകാരം കാഞ്ചീവരം സാരിയാണ് നീത ലല്ല ഡിസൈൻ ചെയ്തത്. 75 ലക്ഷം രൂപയാണ് വിവാഹ സാരിക്കായി ഐശ്വര്യ റായ് ചെലവാക്കിയത്. 2007 ലാണ് ഐശ്വര്യ റായ് വിവാഹിതയായത്. ഇന്നും ഐശ്വര്യ ധരിച്ച വിവാഹ സാരി ആരാധകരുടെ മനസിൽ നിലനിൽക്കുന്നു.


Click it and Unblock the Notifications











