വിചാരിച്ചത് പോലെയല്ല, തളർന്ന് പോകുന്നു; അമ്മയായി ദിവസങ്ങൾക്ക് ശേഷം ഇല്യാന പങ്കുവെച്ച കുറിപ്പ്
തീർത്തും അപ്രതീക്ഷികമായാണ് നടി ഇല്യാന ഡിക്രൂസ് ഗർഭിണിയാണെന്ന വാർത്ത ആരാധകർ കേട്ടത്. നടിയുടെ പങ്കാളിയെക്കുറിച്ചോ വിവാഹത്തെക്കുറിച്ചോ ഒരു വിവരവും അതുവരെ പുറത്ത് വന്നിരുന്നില്ല. അതിനാൽ തന്നെ താരം ഗർഭിണിയായത് മിക്കവർക്കും ആശ്ചര്യകരമായി തോന്നി. കുഞ്ഞിന്റെ അച്ഛൻ ആരാണെന്ന ചോദ്യം കമന്റ് ബോക്സുകളിൽ വന്നു. നടി സിംഗിൾ മദറാകാൻ തീരുമാനിച്ചാണെന്ന അഭ്യൂഹങ്ങളും ഇതിനിടെ വന്നു.
എന്നാൽ ഗോസിപ്പുകൾക്ക് വിരാമമിട്ട് തന്റെ പങ്കാളിയുടെ ഫോട്ടോ ഇല്യാന പങ്കുവെച്ചു. മിഖായേൽ ഡോളൻ എന്നാണ് നടിയുടെ ഭർത്താവിന്റെ പേര്. ഗർഭിണിയായ ശേഷമാണ് ഇരുവരും വിവാഹിതരായതെന്നാണ് അടുത്തിടെ വന്ന റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് തനിക്ക് ആൺകുഞ്ഞ് പിറന്ന സന്തോഷവാർത്ത ഇല്യാന പങ്കുവെച്ചത്. കോ ഫൊനിക്സ് ഡോളൻ എന്നാണ് മകന് നൽകിയിരിക്കുന്ന പേര്. ഇപ്പോഴിതാ മകൻ പിറന്ന് ദിവസങ്ങൾക്ക് ശേഷം ഇല്യാന പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

മാതൃത്വം സന്തോഷകരമായ അനുഭവമാണെങ്കിലും വെല്ലുവിളികളും ഉണ്ടെന്ന് ഇല്യാന പങ്കുവെച്ച കുറിപ്പിൽ പറയുന്നു. ആദ്യമായി അമ്മയായതിനെക്കുറിച്ച് ജെസിക്ക എന്ന സ്ത്രീ എഴുതിയ കുറിപ്പാണ് ഇല്യാന പങ്കുവെച്ചത്.
അമ്മയായ ശേഷമുള്ള മാനസികാവസ്ഥയാണ് കുറിപ്പിൽ വിവരിക്കുന്നത്. ഞാൻ വിചാരിച്ചതിലും കഠിനമാണിത്. ചില സമയങ്ങളിൽ മാതൃത്വത്തിന്റെ ഭംഗിയിൽ മതിമറക്കും. പക്ഷെ ചില സമയത്ത് സ്വന്തം കാര്യങ്ങൾ നോക്കാനും വിശ്രമിക്കാനും പോലുമുള്ള സമയം ഉണ്ടാകില്ലെന്ന് കുറിപ്പിൽ ജെസിക എഴുതി.
മുമ്പത്തേക്കാളും ക്ഷീണം ഇപ്പോഴുണ്ട്. ചില സമയത്ത് സ്വയം നഷ്ടപ്പെട്ടതായി തോന്നും. പക്ഷെ ഇതിന് മുമ്പൊരിക്കലും ഇത്രയും നല്ല അനുഭൂതി ഉണ്ടായിട്ടില്ലെന്നും കുറിപ്പിൽ പറയുന്നു. ദീർഘമായ കുറിപ്പ് മുഴുവനായും തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഇല്യാന പങ്കുവെച്ചിട്ടുണ്ട്. അമ്മയായ ശേഷമുള്ള സ്വന്തം മാനസികാവസ്ഥയുമായി സാമ്യം തോന്നിയതിനാലാണ് ഇല്യാന ഈ വാക്കുകൾ പങ്കുവെച്ചതെന്ന് ആരാധകർ പറയുന്നു.

36ാം വയസിലാണ് ഇല്യാന കുഞ്ഞിന് ജന്മം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് ഇല്യാനയും മിഖായേൽ ഡോളനും വിവാഹിതരായത്. ഇല്യാനയുടെ മുൻ ബന്ധവും നേരത്തെ ചർച്ചയായിരുന്നു. ഓസ്ട്രേലിയക്കാരനായ ഫോട്ടോഗ്രാഫർ ആൻഡ്ര്യൂ നീബോണായിരുന്നു ഇല്യാനയുടെ മുൻ പങ്കാളി. ഇവർ വിവാഹിതരാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് നടി പ്രതികരിച്ചില്ല.
2019 ൽ രണ്ട് പേരും വേർപിരിഞ്ഞെന്ന വാർത്തയാണ് പിന്നീട് പുറത്ത് വന്നത്. തെലുങ്ക് സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായ നടിയാണ് ഇല്യാന. പിന്നീട് ബോളിവുഡിലും ശ്രദ്ധേയ സാന്നിധ്യമാകാൻ കഴിഞ്ഞു. 2012 ൽ ബർഫി എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. കൈ നിറയെ അവസരങ്ങൾ നടിയെ തേടി പിന്നീട് വന്നു. എന്നാൽ വലിയ മാറ്റങ്ങൾ ഇതിനിടെ ഇല്യാനയുടെ ജീവിതത്തിൽ നടന്നു.
വിഷാദരോഗം തന്നെ ബാധിച്ചിരുന്നെന്ന് നടി തുറന്ന് പറഞ്ഞു. സ്വന്തം ഭംഗിയെക്കുറിച്ച് അമിതമായി ആശങ്കപ്പെടുന്ന ബോഡി ഡിസ്മോർഫിക് ഡിസോർഡർ തന്നെ വലച്ചിരുന്നെന്നും നടി തുറന്ന് പറഞ്ഞു. പിന്നീട് ബോഡി പോസിറ്റിവിറ്റിയെക്കുറിച്ച് തുടരെ താരം സംസാരിക്കാൻ തുടങ്ങി.
തെലുങ്കിലെ ഹിറ്റ് നായികയായെങ്കിലും തമിഴിൽ നൻപൻ എന്ന സിനിമ മാത്രമാണ് ഇല്യാനയുടേതായി ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിലേക്ക് ശ്രദ്ധ കൊടുത്ത ശേഷം ടോളിവുഡിൽ പഴയ പോലെ ഇല്യാനയെ കണ്ടിട്ടില്ല. അൺഫെയർ ആന്റ് ലവ്ലി ഉൾപ്പെടെയുള്ള ഹിന്ദി ചിത്രങ്ങൾ നടിയുടേതായി പുറത്തിറങ്ങാനുണ്ട്.


Click it and Unblock the Notifications