അമ്മയുടെ സാന്നിധ്യം ഇപ്പോഴും ഇവിടെയുണ്ട്; ശ്രീദേവിയുടെ സ്വപ്നമായിരുന്ന ചെന്നെെയിലെ വീടിനെക്കുറിച്ച് മകൾ
ഇന്ത്യൻ സിനിമയിൽ ഇപ്പോഴും ഓർമ്മിക്കപ്പെടുന്ന നടിയാണ് ശ്രീദേവി. താരമൂല്യത്തിൽ സൂപ്പർ സ്റ്റാറുകൾക്കൊപ്പത്തിനൊപ്പം നിന്ന നടിയെന്ന ഖ്യാതി സ്വന്തമാക്കിയ ചുരുക്കം നടമാരിലൊരാളാണ് ശ്രീദേവി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെല്ലാം ശ്രീദേവി തന്റെ ശക്തമായ സാന്നിധ്യമറിയിച്ചു. ശ്രീദേവിക്കായ സിനിമകൾ ഒരുക്കാൻ ഫിലിം മേക്കേർസ് മുന്നോട്ട് വരുന്ന കാലവുമായിരുന്നു അത്.
സൂപ്പർ ഹിറ്റായ വാണിജ്യ സിനിമകൾ, നിരൂപക പ്രശംസ നേടിക്കൊടുത്ത അഭിനയ മികവ് എന്നിവയാണ് ശ്രീദേവിയെ വ്യത്യസ്തയാക്കിയത്. ശ്രീദേവിക്ക് ശേഷം ഇതുപോലെ ഒരു കരിയർ ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടുണ്ടോയെന്ന് സംശയമാണ്.

കജോൾ, ദീപിക, ആലിയ തുടങ്ങിയ നടിമാർ വന്നെങ്കിലും ഇവർക്ക് ശ്രീദേവിയെ പോലെ തുടരെ ഹിറ്റുകൾ ലഭിച്ചില്ല. റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാത്തരത്തിലുമുള്ള കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കാൻ ശ്രീദേവിക്ക് കഴിഞ്ഞു.
ശ്രീദേവിയുടെ വശ്യഭംഗിയെ അന്ന് നിരവധി പേർ പുകഴ്ത്തി. ഹിന്ദി സിനിമളിലെ താര റാണിയായപ്പോഴും ശ്രീദേവിയുടെ പ്രിയപ്പെട്ട സ്ഥലം എന്നും ജനിച്ച് വളർന്ന തമിഴ്നാട് തന്നെയായിരുന്നു.

മുംബൈ തന്റെ ജോലി സ്ഥലമായാണ് ശ്രീദേവി കണ്ടിരുന്നത്. അതേസമയം പിന്നീട് തന്റെ കുടുംബ ജീവിതം നടി കെട്ടിപ്പടുക്കുന്നത് മുംബൈയിലാണ്. ബോണി കപൂറിനെ വിവാഹം കഴിച്ച് ഹിന്ദി സിനിമാ രംഗത്തെ പ്രബല കുടുംബത്തിലെ അംഗമായി ശ്രീദേവി മാറി. മക്കളായ ജാൻവിയും ഖുശി കപൂറും മുംബൈയിലാണ് ജനിച്ചതും വളർന്നതും.

ശ്രീദേവി ആദ്യമായി വാങ്ങിയ ചെന്നെെയിലെ വീട് മകൾ ജാൻവി കപൂർ ആരാധകരെ പരിചയപ്പെടുത്തിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ശ്രീദേവി ഡിസൈൻ ചെയ്തെടുത്ത ഈ വീട് ഇപ്പോൾ സംരക്ഷിക്കുന്നത് ബോണി കപൂറാണ്. ശ്രീദേവി ചെന്നെെയിലെത്തുമ്പോൾ ഇവിടെയായിരുന്നു താമസിക്കാറ്.
വോഗ് ഇന്ത്യക്കാണ് ജാൻവി കപൂർ ശ്രീദേവിയുടെ വീട് പരിചയപ്പെടുത്തിയത്. വീട്ടിൽ ഇപ്പോഴും അമ്മയുടെ സാന്നിധ്യമുള്ളതായി തോന്നാറുണ്ടെന്ന് ജാൻവി പറയുന്നു. വീട്ടിലങ്ങിങ്ങായി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും ഫോട്ടോകൾ കാണാം.

വാസ്തുവിൽ വിശ്വസിച്ചിരുന്ന അമ്മ വീടിന്റെ കാര്യത്തിൽ ഇതിനാൽ ചില രീതികൾ പിന്തുടർന്നിരുന്നെന്നും ജാൻവി പറഞ്ഞു. വീട്ടിലേക്കുള്ള വഴി മറ്റൊന്നായിരുന്നു. എന്നാൽ വാസ്തുശാസ്ത്ര പ്രകാരം പിന്നീട് ഈ വഴി മാറ്റുകയായിരുന്നെന്നും ജാൻവി വ്യക്തമാക്കി.
വീടിനകത്ത് പല തരത്തിൽ അലങ്കാരങ്ങൾ ചെയ്തിട്ടുണ്ട്. ബോണി കപൂറിന്റെ ഓഫീസും വീട്ടിനുള്ളിലുണ്ട്. ഓഫീസിനുള്ളിൽ കുടുംബത്തോടൊപ്പമുള്ള ഫോട്ടോകളുമുണ്ട്. അച്ഛന് അടുത്ത് ഈ ഫോട്ടോകൾ ഉള്ളത് ഇഷ്ടമാണെന്ന് ജാൻവി പറയുന്നു.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണായിരുന്നു മരണം. മരണ ശേഷം ഇത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഇന്നും പറയപ്പെടുന്നു.
മം ആണ് അവസാനമായി ശ്രീദേവി അഭിനയിച്ച സിനിമ. മകൾ ജാൻവി കപൂർ ഇന്ന് ബോളിവഡിലെ മുൻ നിര നായിക നടിയാണ്. ഇളയ മകൾ ഖുശി കപൂറും സിനിമാ രംഗത്തേക്ക് വരാനിരിക്കുന്നു. മരിച്ചിട്ട് വർഷങ്ങൾ പിന്നിട്ടും ശ്രീദേവി ഇന്നും ഓർമ്മിക്കപ്പെടുന്നു.


Click it and Unblock the Notifications