'ജയപ്രദ അതിന് തയ്യാറായില്ല, ശ്രീദേവി പക്ഷെ മടിച്ചില്ല; അവരുടെ ജീവിതവും ഒരുപോലെ'; ശ്രദ്ധ നേടി വാക്കുകൾ
ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നായികയായിരുന്നു ശ്രീദേവി. ഇന്നും ആരാധകരുടെ മനസ്സിൽ അനശ്വര നായികയായി ശ്രീദേവി തുടരുന്നു. മരിച്ചിട്ട് അഞ്ച് വർഷങ്ങൾ പിന്നിട്ടിട്ടും ശ്രീദേവി സിനിമാ ലോകത്ത് ചർച്ചയാണ്. താരത്തിളക്കവും അഭിനയ മികവും കൊണ്ട് ആഘോഷിക്കപ്പെട്ട ശ്രീദേവിയുടെ വ്യക്തി ജീവിതം അവിചാരിതമായ പല ഘട്ടങ്ങളിലൂടെയും കടന്ന് പോയി. ഗോസിപ്പുകൾ നടിയെ എപ്പോഴും തേടി വന്നു.
നിർമാതാവ് ബോണി കപൂറുമായുള്ള വിവാഹം ബോളിവുഡിൽ കോളിളക്കം സൃഷ്ടിച്ചു. ബോണി കപൂറിന്റെ ആദ്യ വിവാഹബന്ധം തകർത്തെന്ന പഴി നടിക്ക് കേൾക്കേണ്ടി വന്നു. ബോണിയുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറാൻ പലരും നിർദ്ദേശിച്ചെങ്കിലും ശ്രീദേവി തന്റെ തീരുമാനത്തിൽ ഉറച്ച് നിന്നു.

ശ്രീദേവിയുടെ കരിയറിന് വലിയ പിന്തുണ ബോണി കപൂർ നൽകിയിരുന്നു. തെന്നിന്ത്യയിൽ നിന്നും ഹിന്ദി സിനിമാ രംഗത്തേക്ക് വന്ന ശ്രീദേവി ബോണി കപൂർ നിർമ്മിച്ച ഒരുപിടി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ശ്രീദേവിയോടൊപ്പം കരിയറിൽ തിളങ്ങിയ താരമാണ് ജയ പ്രദ. ഇരുവരും ഒരുപിടി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. അക്കാലത്ത് ഇവർ തമ്മിൽ കടുത്ത മത്സരമുണ്ടെന്നും സംസാരമുണ്ടായിരുന്നു.
ശ്രീദേവിയെയും ജയപ്രദയെയും കുറിച്ച് സംസാരിക്കുകയാണ് തമിഴകത്തെ പ്രമുഖ വ്യക്തിത്വമായ ഡോ. കാന്തരാജ്. ശ്രീദേവിയുടെ കുടുംബവുമായി തനിക്ക് നല്ല സൗഹൃദം ഉണ്ടായിരുന്നെന്ന് ഇദ്ദേഹം പറയുന്നു. ശ്രീദേവിയുടെ കരിയറിന് ഗുണം ചെയ്ത ഘടകങ്ങളെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു. ആഗായം തമിഴ് ചാനലിനോടാണ് പ്രതികരണം.
കണ്ടയുടനെ ഏവർക്കും ഇഷ്ടപ്പെടുന്ന ആകർഷകത്വം ശ്രീദേവിക്കുണ്ടായിരുന്നു. ജയപ്രദയും ശ്രീദേവിയുമാണ് അന്ന് മുൻനിരയിലുണ്ടായിരുന്നത്. ജയപ്രദ സുന്ദരിയാണ്. പക്ഷെ ശ്രീദേവിയായിരുന്നു ആകർഷണം തോന്നുന്ന നടി. ഒപ്പം അവർക്ക് നല്ല അഭിനയ മികവും ഉണ്ടായിരുന്നു. ഇന്ത്യയിലൊട്ടുക്കും അവർ ശ്രദ്ധ നേടി. എല്ലാ ഭാഷയിലും അവരായിരുന്നു നമ്പർ വൺ.
ഗ്ലാമറസായി അഭിനയിക്കാൻ ശ്രീദേവി മടിച്ചില്ല. അതാണ് നടിയെ വ്യത്യസ്തയാക്കിയത്. അക്കാലത്ത് ഒരു നായിക ഇത്ര ഗ്ലാമറസായി അഭിനയിക്കുന്നത് വലിയ വിഷയമാണ്. ഒരു തെലുങ്ക് സിനിമയിൽ അതീവ ഗ്ലാമറസായി ശ്രീദേവി അഭിനയിച്ചു. തമിഴിൽ കണ്ട ശ്രീദേവിയാണോ ഇതെന്ന വിമർശനങ്ങൾ വന്നു. ശ്രീദേവിയുടെ ഗ്ലാമർ കണ്ടാണ് ചെറുപ്പക്കാർ വന്നത്, അഭിനിക്കാൻ അറിയാവുന്നത് മധ്യവയസ്കരും നടിയുടെ സിനിമകൾ കണ്ടു. പടം കാണാൻ വരുന്ന എല്ലാവരെയും ശ്രീദേവി സന്തോഷിപ്പിച്ചു.

പക്ഷെ അങ്ങനെ അഭിനയിക്കാൻ ജയപ്രദ തയ്യാറായില്ല. അവർ തമ്മിൽ മത്സരം നടന്നു.സൂപ്പർസ്റ്റാറുകൾ ഇരട്ട വേഷങ്ങളിൽ അഭിനയിക്കുമ്പോൾ ശ്രീദേവിയും ജയപ്രദയുമാണ് രണ്ട് കഥാപാത്രങ്ങൾക്ക് നായികയായി വന്നത്. പക്ഷെ കരിയറിൽ ശ്രീദേവി ഒരുപടി മുകളിലായിരുന്നു. മിസ്റ്റർ ഇന്ത്യ എന്ന സിനിമയ്ക്ക് യഥാർത്ഥത്തിൽ മിസ് ഇന്ത്യ എന്ന് പേരിടണം. കാരണം സിനിമ മുഴുവൻ ശ്രീദേവിയാണെന്ന് കാന്തരാജ് ചൂണ്ടിക്കാട്ടി.
ശ്രീദേവി മാത്രമല്ല അക്കാലത്തെ മിക്ക നടിമാരും രണ്ടാം ഭാര്യയായോ ഭർത്താവിന്റെ ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷമോ ആണ് കുടുംബ ജീവിതം തുടങ്ങിയതെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടി. വൈജയന്തിമാല, ജയപ്രദ, ശ്രീദേവി തുടങ്ങിയവർക്കെല്ലാം ഒരേ ജീവിത കഥയാണ്.
ശ്രീദേവിയുടെ ബന്ധങ്ങളെല്ലാം സിനിമാ ലോകത്തായിരുന്നു. പൊതുവെ നടിമാർക്ക് പുറം ലോകവുമായി വലിയ ബന്ധം ഉണ്ടാകില്ല. സിനിമയ്ക്ക് പുറത്ത് എന്റെ കുടുംബവുമായി അവർക്ക് അടുപ്പമുണ്ടായിരുന്നു. അവരുടെ അച്ഛൻ എന്റെ സുഹൃത്തായിരുന്നു. അച്ഛൻ മരിച്ച ശേഷം അവർക്ക് വഴികാട്ടാൻ ആരുമില്ലായിരുന്നെന്നും കാന്തരാജ് ഓർത്തു.


Click it and Unblock the Notifications