ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന് അവളുടെ അമ്മ ആവശ്യപ്പെട്ടു; താനത് നിഷേധിക്കുകയായിരുന്നുവെന്ന് കമല്‍ ഹാസന്‍
ഉലകനായകന്‍ എന്നാണ് നടന്‍ കമല്‍ ഹാസന്‍ അറിയപ്പെടുന്നത് തന്നെ. സിനിമയിലെ പ്രകടനം അത്രത്തോളം അഭിനന്ദനങ്ങള്‍ നേടിയതിന് പിന്നാലെയാണ് കമലിന് അങ്ങനൊരു വിളിപ്പേര് ലഭിച്ചത്. എന്നാല്‍ വ്യക്തി ജീവിതത്തില്‍ വലിയ പരാജയങ്ങളാണ് താരത്തിന് നേരിടേണ്ടതായി വന്നത്. മൂന്ന് ദാമ്പത്യ ജീവിതവും തകര്‍ന്ന നടന്‍ ഇപ്പോള്‍ സിംഗിളായി ജീവിക്കുകയാണ്.
അതേ സമയം കമല്‍ ഹാസന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അന്തരിച്ച നടി ശ്രീദേവി. ഇരുവരും ഒരുമിച്ച് നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചു. ഒടുവില്‍ ശ്രീദേവിയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി അവരുടെ അമ്മ തന്നെ വന്നിരുന്നുവെന്ന് പറയുകയാണ് കമല്‍ ഹാസന്‍.

ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാറായിരുന്ന നടി ശ്രീദേവി അന്തരിച്ചിട്ട് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. 2018 ഫെബ്രുവരി 25-നാണ് ദുബായിലെ ഹോട്ടല്‍ മുറിയില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. നടിയുടെ ഓര്‍മ്മദിവസം സോഷ്യല്‍ മീഡിയയിലും അല്ലാതെയുമായി ശ്രീദേവിയെ കുറിച്ചുള്ള എഴുത്തുകള്‍ നിറയുകയാണ്. ഇതിനിടയിലാണ് നടന്‍ കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളും വൈറലാവുന്നത്.

ശ്രീവേദിയ്ക്ക് പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് കമല്‍ ഹാസനുമായി പരിചയത്തിലാവുന്നത്. പിന്നീട് ഇരുവരും നായിക,നായകന്മാരായിട്ടും പ്രണയജോഡികളായിട്ടുമൊക്കെ അഭിനയിച്ചു. ഗുരു, വാഴ്‌വേ മായം, മൂന്ത്രാം പിറൈ, എന്നിങ്ങനെ ഏകദേശം ഇരുപത്തിയേഴൊളം സിനിമകളില്‍ ശ്രീദേവിയും കമല്‍ ഹാസനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതോടെ താരങ്ങള്‍ പ്രണയത്തിലാണെന്നും യഥാര്‍ഥ ജീവിതത്തിലും ഒരുമിക്കുകയാണെന്നുമുള്ള കഥകള്‍ പുറത്ത് വന്നു.

ആരാധകര്‍ പടച്ച് വിട്ട കഥയ്ക്ക് പുറമേ ശ്രീദേവിയുടെ അമ്മയ്ക്കും അങ്ങനൊരു ആഗ്രഹം ഉണ്ടായിരുന്നു. മകളെ കമല്‍ ഹാസനെ കൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹിച്ച ശ്രീദേവിയുടെ അമ്മ നേരിട്ട് കമലിനോട് വന്ന് ചോദിക്കുകയായിരുന്നു. എന്നാല്‍ നടനത് നിഷേധിക്കുകയും അതിന്റെ കാരണമെന്താണെന്ന് അമ്മയെ ബോധിപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇതിനെ കുറിച്ച് കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളിങ്ങനെയാണ്...

'ശ്രീദേവിയുടെ അമ്മയും ഞാനും പലപ്പോഴായി അവളുടെ വിവാഹത്തെ കുറിച്ച് ചര്‍ച്ച ചെയ്യുമായിരുന്നു. ഇടയ്ക്ക് എന്റെ മകളെ നീ തന്നെ വിവാഹം കഴിക്കണമെന്ന് അമ്മ തമാശരൂപേണ എന്നോട് പറയുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ എനിക്കും ശ്രീയ്ക്കും പരസ്പരം ഭ്രാന്തായി പോകും. അടുത്ത ദിവസം തന്നെ ഞാന്‍ അവളെ നിങ്ങളുടെ വീട്ടിലേക്ക് തിരിച്ച് കൊണ്ട് വിടേണ്ടി വരുമെന്നും തമാശയായി ഞാന്‍ പറയുമായിരുന്നു',. എന്നാണ് കമല്‍ ഹാസന്‍ ഇതിന് മറുപടിയായി പറഞ്ഞത്.

ശരിക്കും ശ്രീദേവിയും താനും സഹോദരി, സഹോദരന്മാരെ പോലെ വളര്‍ന്ന് വന്നവരാണ്. ഒത്തിരി സിനിമകളില്‍ കമിതാക്കളായി ഞങ്ങള്‍ക്ക് അഭിനയിക്കേണ്ടി വന്നിരുന്നു. ചില സിനിമകളില്‍ പ്രണയം അഭിനയിക്കുമ്പോള്‍ പരസ്പരം ചിരി വരുമായിരുന്നു. എങ്കിലും അതൊക്കെ ഒരു തമാശയായി കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നാണ് കമല്‍ ഹാസന്‍ വ്യക്തമാക്കുന്നത്.


Click it and Unblock the Notifications











