ആ പെൺകുട്ടിയെ ഇഷ്ടപ്പെട്ടതായി അഭിനയിച്ചു; പക്ഷെ അവൾ കണ്ടുപിടിച്ചു; തുറന്ന് പറഞ്ഞ് കരൺ ജോഹർ
ബോളിവുഡ് സിനിമാ മേഖലയുടെ നെടും തൂണായാണ് ഫിലം മേക്കർ കരൺ ജോഹർ അറിയപ്പെടുന്നത്. അനശ്വരമായ ഒരുപിടി സിനിമകൾ കരൺ പ്രേക്ഷകർക്ക് മുമ്പിലെത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ നിർമാണ കമ്പനികളിലൊന്നായ ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനാണ് കരൺ ജോഹർ. സംവിധായകനെന്ന നിലയിൽ പേരെടുത്ത ശേഷം കരൺ പിന്നീട് സിനിമാ നിർമാണത്തിലേക്ക് ശ്രദ്ധ തിരിച്ചു. വർഷങ്ങൾക്ക് ശേഷം അടുത്തിടെയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലുടെ ഇദ്ദേഹം വീണ്ടും സംവിധായകനായി.
മികച്ച വിജയം നേടിയ ചിത്രം കരണിന്റെ ജനപ്രീതിക്ക് വീണ്ടും മാറ്റ് കൂട്ടി. 51 കാരനായ കരൺ ജോഹറിന്റെ സ്വകാര്യ ജീവിതം മിക്കപ്പോഴും ചർച്ചയാകാറുണ്ട്. യാഷ്, രൂഹി എന്നീ രണ്ട് മക്കളാണ് കരണിനുള്ളത്. സറൊഗസി വഴിയാണ് താരം മക്കളെ സ്വീകരിച്ചത്. ഇപ്പോഴും കരൺ അവിവാഹിതനാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ താനൊരു പെൺകുട്ടിയെ ഇഷ്ടപ്പെടുന്നതായി അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കരൺ ഇപ്പോൾ.

എല്ലാ ആൺകുട്ടികൾക്കും അവളോട് ഇഷ്‌ടമായിരുന്നു. ഞാനും അക്കൂട്ടത്തിൽ ചേരാൻ തീരുമാനിച്ചു. റോസ് ഡേക്ക് അവൾക്ക് കാർഡ് നൽകി. കാർഡിൽ റോസ് ഇല്ലായിരുന്നു. കാർഡ് വാങ്ങിയ അവൾ എന്നെ വിളിച്ചു. നിനക്ക് ഈ കാർഡ് തരണമെന്നില്ല അല്ലേ എന്ന് ചോദിച്ചു. അങ്ങനെയല്ല, നീ നല്ലയാളാണ് എനിക്ക് നിന്നെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു.
ആയിരിക്കാം, പക്ഷെ നീ എനിക്കീ കാർഡ് തരാൻ ആഗ്രഹിച്ചിട്ടില്ലല്ലോ എന്ന് അവൾ. ഒരു പക്ഷെ അതെന്റെ ആദ്യ റിയാലിറ്റി ചെക്ക് ആയിരുന്നിരിക്കാം. യഥാർത്ഥത്തിൽ താൻ വാലൈന്റെെൻസ് കാർഡ് ആ പെൺകുട്ടിക്ക് നൽകാൻ ആഗ്രഹിച്ചിരുന്നില്ലെന്നും കരൺ ജോഹർ തുറന്ന് പറഞ്ഞു.

അൺസ്യൂട്ടബിൾ ബോയ് എന്ന തന്റെ ആത്മകഥയിൽ തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കരൺ ജോഹർ തുറന്നെഴുതിയിട്ടുണ്ട്. ആദ്യമായും അവസാനമായും തനിക്കൊരു പെൺകുട്ടിയോട് ക്രഷ് തോന്നിയത് ബോർഡിംഗ് സ്കൂളിൽ പഠിക്കുമ്പോഴാണെന്ന് കരൺ ആത്മകഥയിൽ വ്യക്തമാക്കി. നടി ട്വിങ്കിൾ ഖന്നയോടാണ് കരണിന് ഇഷ്ടം തോന്നിയത്.
ഇരുവരും കുട്ടിക്കാലത്തേ സുഹൃത്തുക്കളായിരുന്നു. അക്ഷയ് കുമാറിനെയാണ് ട്വിങ്കിൾ ഖന്ന വിവാഹം ചെയ്തത്. പ്രണയങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും താനിപ്പോൾ സിംഗിളാണെന്ന് അടുത്തിടെ കരൺ തുറന്ന് പറയുകയുണ്ടായി. ഒരു പ്രണയം ഉണ്ടായിരുന്നു. എന്നാൽ ആ ബന്ധം പരാജയപ്പെട്ടെന്നും കരൺ വ്യക്തമാക്കി.കരണിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.
ബോളിവുഡിലെ പ്രബലനാണെങ്കിലും കരണിന് നേരെ സോഷ്യൽമീഡിയയിൽ പലപ്പോഴും വിമർശനങ്ങളും വരാറുണ്ട്. കരൺ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നു എന്നാണ് പൊതുവെ വരുന്ന കുറ്റപ്പെടുത്തൽ. ബി ടൗണിലെ താരകുടുംബങ്ങളിലെ അഭിനേതാക്കൾക്ക് മാത്രം കരൺ അവസരങ്ങൾ നൽകുന്നെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടാറുണ്ട്. ജാൻവി കപൂർ, സാറ അലി ഖാൻ, അനന്യ പാണ്ഡെ തുടങ്ങിയ നടിമാർക്ക് ബോളിവുഡിൽ തുടരെ അവസരങ്ങൾ ലഭിക്കുന്നതിന് കാരണം കരൺ ജോഹറിന്റെ സ്വാധീനമാണെന്നും വിമർശനം വരുന്നു.
നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ആത്മഹത്യക്ക് ശേഷമാണ് കരൺ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ വിമർശനം കടുത്തത്. ബോളിവുഡിലെ കുടുംബാധിപത്യം സുശാന്തിന്റെ കരിയറിനെ ബാധിച്ചെന്ന് ആരോപണം ഉണ്ടായിരുന്നു. അതേസമയം താരങ്ങളുടെ മക്കൾക്കാണ് കരണിന്റെ സിനിമകളിൽ ഇന്നും പ്രാധാന്യം ലഭിക്കുന്നത്.


Click it and Unblock the Notifications











