മക്കൾ പിൻമുറക്കാരാകുമോ എന്നറിയില്ല; 1700 കോടിയുടെ സ്വത്തുക്കളുമായി കരൺ ജോഹർ; താരത്തിന്റെ ജീവിതം
ബോളിവുഡിലെ നെടും തൂണായാണ് ഫിലിം മേക്കർ കരൺ ജോഹർ അറിയപ്പെടുന്നത്. ബി ടൗണിൽ ഒരാളെ വളർത്താനും തളർത്താനുമുള്ള കെൽപ്പ് കരണിനുണ്ട്. ധർമ്മ പ്രൊഡക്ഷൻസിന്റെ അമരക്കാരനായ കരൺ ജോഹർ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾ ചെറുതല്ല. ബോളിവുഡിനെ ഇന്നത്തെ നിറപ്പകിട്ടിലെത്തിച്ചതിൽ കരണിന് വലിയ പങ്കുണ്ട്. ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ബോളിവുഡ് ഇപ്പോൾ കടന്ന് പോകുന്നത്.
ഈ അവസ്ഥയിൽ ഇൻഡസ്ട്രിക്ക് ആശ്വാസം പകരാൻ കരൺ സംവിധാനം ചെയ്ത റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയ്ക്ക് കഴിഞ്ഞു. അടുത്തിടെയാണ് ചിത്രം പുറത്തിറങ്ങിയത്. സിനിമാ നിർമാണത്തിലേക്ക് ശ്രദ്ധ കൊടുത്തിരുന്ന കരൺ ഏറെ നാളുകൾക്ക് ശേഷം സംവിധാനം ചെയ്ത സിനിമയാണ് റോക്കി ഓർ റാണി കീ പ്രേം കഹാനി. തന്റെ സംവിധാന മികവിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ചിത്രത്തിലൂടെ കരൺ തെളിയിച്ചു.

കരിയറിനൊപ്പം കരണിന്റെ വ്യക്തി ജീവിതവും ഇടയ്ക്ക് ചർച്ചയാകാറുണ്ട്. 51 കാരനായ കരൺ ജോഹർ അവിവാഹിതനാണ്. അതേസമയം സറൊഗസി വഴി ഇരട്ടക്കുട്ടികളുടെ അച്ഛനാകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. 2017 ലാണ് കരണിന് കുഞ്ഞുങ്ങൾ പിറന്നത്. യാഷ്, റൂഹി എന്നിങ്ങനെയാണ് മക്കളുടെ പേര്.
കുട്ടികളുടെ അച്ഛനും അമ്മയുമെല്ലാം കരൺ തന്നെയാണ്. അച്ഛനെന്നതിലുപരി ഒരു അമ്മയുടെ വാത്സല്യത്തോടെയാണ് താൻ മക്കളെ നോക്കുന്നതെന്ന് മുമ്പൊരിക്കൽ കരൺ ജോഹർ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മക്കളെക്കുറിച്ച് ഒരു അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് കരൺ. ആറര വയസായ തന്റെ മക്കൾ ഇതുവരെയും ഒരു ഹിന്ദി സിനിമ പോലും കണ്ടിട്ടില്ലെന്ന് കരൺ പറയുന്നു.

കുട്ടികളെ അമിതമായി സംരക്ഷിച്ചല്ല വളർത്തുന്നതെന്നും കരൺ വ്യക്തമാക്കി. മക്കൾ ആളുകളോട് ഇടപഴകാറുണ്ട്. അത് ഞങ്ങളുടെ കുടുംബത്തിന്റെ സംസ്കാരമാണ്. ഞങ്ങളെ സംബന്ധിച്ച് സുഹൃത്തുക്കൾ കുടുംബത്തിന്റെ ഭാഗമാണ്. ഞാനൊന്നും തടയാറില്ല. അവരെ പാർട്ടികൾക്ക് കൊണ്ട് പോകാറുണ്ട്. അവരുടെ ഫോട്ടോകൾ പാപ്പരാസികൾ എടുക്കാറുണ്ടെന്നും കരൺ ജോഹർ ചൂണ്ടിക്കാട്ടി.
ഫിലിം മേക്കർ, ധർമ്മ സ്റ്റുഡിയോസിന്റെ ഉടമ എന്നീ നിലയിൽ മക്കൾ തന്റെ പിൻമുറക്കാരായി മാറാനും മാറാതിരിക്കാനുമുള്ള സാധ്യതയുണ്ടെന്നും കരൺ വ്യക്തമാക്കി. അവരുടെ ഭാവി സംരക്ഷിക്കാൻ വേണ്ടിയാണ് ഞാനീ കമ്പനി വളർത്തുന്നത്. പക്ഷെ ഭാവിയിൽ അവർ ധർമ്മ പ്രൊഡക്ഷൻസിന്റെ ഭാഗമാകുമോ എന്ന് അറിയില്ല. ഒരു പ്രായത്തിലെത്തിയ ശേഷം അവർക്ക് സിനിമാ ബിസിനസിനോട് താൽപര്യമില്ലെങ്കിൽ യഥാർത്ഥ ഫിലിം മേക്കേർസിന് കമ്പനിയിലെ സ്ഥാനം നൽകേണ്ടി വരുമെന്നും കരൺ അഭിപ്രായപ്പെട്ടു.
കരൺ ജോഹറിന്റെ കോടിക്കണക്കിന് സ്വത്തുക്കളുടെ ഏക അവകാശികളാണ് മക്കളായ യാഷും റൂഹിയും. റിപ്പോർട്ടുകൾ പ്രകാരം 1700 കോടി രൂപയുടെ ആസ്തി കരണിനുണ്ട്. സിനിമാ നിർമാണത്തിന് പുറമെ പരസ്യം, ഷോകൾ എന്നിവയും ഇദ്ദേഹത്തിന്റെ വരുമാന ശ്രോതസ്സാണ്. 32 കോടിയുടെ ബംഗ്ലാവാണ് നടന് മുംബൈയിലുള്ളത്. 20 കോടി വിലമതിക്കുന്ന മറ്റൊരു ബംഗ്ലാവും ഫിലിം മേക്കർക്കുണ്ട്. ഇതിന് പുറമെ ഹോസ്പിറ്റാലിറ്റി ഉൾപ്പെടെയുള്ള മേഖലകളിലും കരണിന്റെ സാന്നിധ്യമുണ്ട്.
2017 ൽ കരൺ സറൊഗസി വഴി അച്ഛനായപ്പോൾ സിനിമാ രംഗത്ത് മിക്കവരും ഇദ്ദേഹത്തെ അഭിനന്ദിച്ചു. എന്നാൽ സോഷ്യൽ മീഡിയയിൽ ചില കുറ്റപ്പെടുത്തലുകളും വന്നു. എന്നാൽ ഇവയൊന്നും കരൺ ജോഹർ കാര്യമാക്കിയില്ല. മക്കളുടെ ഫോട്ടോകൾ ഇടയ്ക്ക് താരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.


Click it and Unblock the Notifications