35 വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ കരീനയുടെ മാതാപിതാക്കൾ വീണ്ടും ഒന്നിച്ചു; സന്തോഷത്തിൽ താര കുടുംബം
അകന്ന് കഴിയുകയായിരുന്നെങ്കിലും ഇരുവരും വിവാഹ ബന്ധം വേർപെടുത്തിയിരുന്നില്ല.
ബോളിവുഡിലെ താര കുടുംബമാണ് കപൂർ ഫാമിലി. ഇതിൽ അന്തരിച്ച രാജ് കപൂറിന്റെ പിൻതലമുറക്കാരാണ് ഇന്ന് സിനിമാ രംഗത്ത് പ്രമുഖർ. ഈ കുടുംബത്തിൽ പെട്ടവരാണ് നടി കരീന കപൂർ, സഹോദരി കരിഷ്മ കപൂർ, കസിൻ രൺബീർ കപൂർ തുടങ്ങിയവർ.
കരീനയുടെ കുടുംബത്തിൽ നിന്നും സന്തോഷകരമായ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. 35 വർഷമായി വേർപിരിഞ്ഞ് താമസിക്കുന്ന കരീനയുടെ അമ്മ ബബിതയും അച്ഛൻ രൺധീർ കപൂറും വീണ്ടും ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
വിവാഹം കഴിഞ്ഞ് 17 വർഷത്തിന് ശേഷം വേർപിരിഞ്ഞതായിരുന്നു ബബിതയും രൺധീറും. പരസ്പരം അകന്ന് കഴിഞ്ഞെങ്കിലും ഇരുവരും വിവാഹ മോചനം നിയമപരമായി നടത്തിയിരുന്നില്ല. മാതാപിതാക്കളുടെ തീരുമാനത്തിൽ ഏറെ സന്തോഷത്തിലാണത്രെ കരീനയും കരിഷ്മയും. രൺധീറിന്റെ പുതിയ വീട്ടിലേക്ക് ബബിത താമസം മാറിയെന്നാണ് വിവരം.

2008 ൽ വീണ്ടും ഒന്നിക്കാൻ ഇരുവരും ശ്രമം നടത്തിയിരുന്നെങ്കിലും ഇത് നടന്നില്ല. രൺധീറിന്റെ കുത്തഴിഞ്ഞ ജീവിതമാണത്രെ ബബിതയുടെ അകൽച്ചയ്ക്ക് കാരണമായത്. കപിൽ ശർമ്മ ഷോ എന്ന ടെലിവിഷൻ പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ ബന്ധത്തിൽ സംഭവിച്ചതെന്തെന്ന് രൺധീർ തുറന്ന് പറഞ്ഞിരുന്നു.
ബബിതയുമായി സീരിയസായ ഒരു ബന്ധമായിരുന്നില്ല ഡേറ്റിംഗ് സമയത്ത്. തനിക്കൊരു നേരം പോക്കായിരുന്നു. എന്നാൽ തന്റെ അച്ഛൻ രാജ് കപൂറും അമ്മ കൃഷ്ണ രാജ് കപൂറും ഇടപെട്ട് തങ്ങളുടെ വിവാഹം നടത്തുകയുമായിരുന്നെന്നാണ് രൺധീർ പറഞ്ഞത്.

ബബിത തന്നിൽ നിന്നകന്നതിന് കാരണവും മറ്റൊരു അഭിമുഖത്തിൽ രൺധീർ വ്യക്തമാക്കിയിരുന്നു. തന്റെ ജീവിത ശൈലി ബബിതയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. അവളെ സംബന്ധിച്ച് താൻ മദ്യപാനിയും രാത്രി വൈകി വീട്ടിൽ വന്ന് കയറുന്ന ആളുമായിരുന്നു. അവൾക്കിഷ്ടമുള്ള പോലെ ജീവിക്കാൻ എനിക്ക് താൽപര്യമില്ലായിരുന്നു.
എന്നെ ഞാനായി അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞുമില്ല. ഇതോടെയാണ് പിരിയുന്നത്. ഞങ്ങൾക്ക് രണ്ട് നല്ല മക്കളുണ്ട്. അവരെ നല്ല രീതിയിൽ അവൾ വളർത്തി. അവരുടെ കരിയറിൽ വിജയിച്ചു. ഇതിൽപരം എന്താണ് ഒരു അച്ഛനെന്ന നിലയിൽ തനിക്ക് വേണ്ടതെന്നും രൺധീർ അന്ന് അഭിപ്രായപ്പെട്ടു.
രൺധീറിന്റെ രണ്ട് മക്കളായ കരീനയും കരിഷ്മയും ബോളിവുഡിലെ പ്രമുഖ താരങ്ങളാണ്. മൂത്ത മകൾ കരിഷ്മ ഒരു കാലത്ത് മുൻനിര നായിക നടിയായിരുന്നു. എന്നാലിപ്പോൾ ആ താരമൂല്യം സിനിമാ ലോകത്ത് നഷ്ടപ്പെട്ടു. എന്നാൽ ഇളയ മകൾ കരീന നാൽപതാം വയസ്സിലും ബോളിവുഡിലെ അറിയപ്പെടുന്ന നായിക നടിയാണ്.

വിവാഹ ശേഷവും അമ്മയായ ശേഷവും കരിയറിൽ തുടർന്ന കരീനയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. നടൻ സെയ്ഫ് അലി ഖാനാണ് കരീനയെ വിവാഹം കഴിച്ചത്. ഇരുവർക്കും തൈമീർ, ജഹാംഗീർ എന്നീ രണ്ട് മക്കളുമുണ്ട്.
ബിസിനസ്കാരൻ സജ്ഞയ് കപൂറിനെയാണ് കരിഷ്മ വിവാഹം കഴിച്ചത്. 2003 ലായിരുന്നു വിവാഹം. 2016 ഓടെ ഇരുവരും വേർപിരിഞ്ഞു. സമൈറ കപൂർ, കിയാൻ രാജ് കപൂർ എന്നീ രണ്ട് മക്കളും കരിഷ്മയ്ക്കുണ്ട്.
സിനിമാ കുടുബത്തിൽ പിറന്നതിനാൽ തന്നെ കരീനയ്ക്കും കരിഷ്മയ്ക്കും നിരവധി അവസരങ്ങൾ തുടക്ക കാലത്ത് ലഭിച്ചു. 2000 ൽ റെഫ്യൂജി എന്ന സിനിമയിലൂടെയാണ് കരീന ബോളിവുഡിലേക്കെത്തുന്നത്. അപ്പോഴേക്കും കരിഷ്മ കരിയറിൽ നിന്ന് മാറിത്തുടങ്ങിയിരുന്നു.


Click it and Unblock the Notifications