'ചെറുപ്പക്കാരികൾക്കയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പ്രചരിച്ചു; ഇന്ന് ശ്രദ്ധാലുവാണ്, തെറ്റിദ്ധരിക്കപ്പെട്ടു'
റൊമാന്റിക് നായകനായി തിളങ്ങിയ നടൻ മാധവന് ഇന്നും സ്ത്രീ ആരാധകർ ഏറെയാണ്. തമിഴിലും ഹിന്ദിയിലുമായി സിനിമകളുടെ തിരക്കുകലിലാണ് മാധവനിന്ന്. സോഷ്യൽ മീഡിയയിൽ സാന്നിധ്യമറിയിക്കുന്ന മാധവന്റെ പേരിൽ ചില റീലുകൾ അടുത്തുടെ പ്രചരിച്ചിരുന്നു. ആരാധികമാരായ പെൺകുട്ടികളുടെ മെസേജുകൾക്ക് മാധവൻ നൽകിയ മറുപടിയാണ് ചർച്ചയായത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് മാധവനിപ്പോൾ. താൻ മറുപടി നൽകുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ടെന്ന് മാധവൻ പറയുന്നു.
എന്റെ വർക്കുകൾ കണ്ട് സ്ത്രീ ആരാധകർ മെസേജ് അയക്കും. ലൗ, കിസ് ഇമോജികൾ മെസേജിലുണ്ടാകും. ആരാധകരായതിനാൽ നന്ദി പറഞ്ഞ് കൊണ്ട് മറുപടി നൽകും. ആവേശഭരിതരാകുന്ന ഫാൻസ് ഇതിന്റെ സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.

ഇത് ചെറുപ്പക്കാരികൾക്ക് താൻ മറുപടി നൽകുന്നു എന്ന തെറ്റിദ്ധാരണ ആളുകളിലുണ്ടാക്കുന്നെന്നും മാധവൻ പറയുന്നു. പെൺകുട്ടികൾക്ക് മറുപടി നൽകുകയല്ല തന്റെ ഉദ്ദേശ്യം. തന്റെ സിനിമയെക്കുറിച്ചുള്ള മെസേജിന് മറുപടി നൽകുകയാണ്. എന്നാൽ തെറ്റിദ്ധാരണ വരുന്നത് കാരണം താനിപ്പോൾ ശ്രദ്ധാലുവാണെന്നും മാധവൻ പറയുന്നു. ടെസ്റ്റ് ആണ് തമിഴിൽ മാധവന്റെ റിലീസ് ചെയ്യാനുള്ള സിനിമ.
2000 ത്തിന്റെ തുടക്ക വർഷങ്ങളിൽ മാധവൻ തെന്നിന്ത്യൻ സിനിമാ രംഗത്തുണ്ടാക്കിയ തരംഗം ചെറുതല്ല. അലെെ പായുതേ മിന്നലേ തുടങ്ങിയ സിനിമകൾ ഏറെ ജനപ്രീതി നേടി. റൊമാന്റിക് ഹീറോ ഇമേജായിരുന്നു അക്കാലത്ത് മാധവന്. എന്നാൽ ഇന്ന് അത്തരം വേഷങ്ങൾ ചെയ്യാൻ നടൻ തയ്യാറല്ല. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങൾ ചെയ്യനാണ് താൽപര്യപ്പെടുന്നത്. യുവ നായികയെ പ്രണയിക്കുന്ന സിനിമകൾ ചെയ്യാൻ ഇഷ്‌ടപ്പെടുന്നില്ല. ഇന്ന് റൊമാന്റിക് സിനിമകളിൽ റോൾ ലഭിച്ചാൽ അത് തന്റെ പ്രായത്തിനനുസരിച്ചുള്ളതായിരിക്കണമെന്നും മാധവൻ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്.

തനിക്ക് ഒരുപാട് ആരാധികമാരുള്ളത് ഭാര്യയെ ആശങ്കപ്പെടുത്താറില്ലെന്നും മാധവൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഭാര്യ ഷാരൂഖ് ഖാന്റെ വലിയ ആരാധികയാണ്. അവൾക്കത് മനസിലാക്കാനാകും. അവൾക്ക് അസൂയയില്ല. അതേസമയം പ്രായത്തിനനുസരിച്ച് പെരുമാറാൻ ഭാര്യ തന്നോട് പറയാറുണ്ടെന്ന് മാധവൻ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത് നിർത്താനും അവൾ പറഞ്ഞിട്ടുണ്ട്.
എന്നാൽ അത് അസൂയ കൊണ്ടാണെന്ന് കരുതുന്നില്ല. പ്രായത്തിനനുസരിച്ച് പെരുമാറണമെന്നാണ് ഭാര്യ ആഗ്രഹിക്കുന്നതെന്നും മാധവൻ അന്ന് വ്യക്തമാക്കി. തെന്നിന്ത്യയിൽ തുടരെ ഹിറ്റുകൾ സൃഷ്ടിച്ച മാധവന് പിന്നീട് കരിയറിൽ പരാജയങ്ങളും വന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ നടൻ സഹനായക വേഷങ്ങളിലേക്ക് ചുരുങ്ങിയിരുന്നു.
എന്നാൽ പിന്നീട് വ്യത്യസ്ത സിനിമകളിലൂടെ തിരിച്ച് വരാൻ മാധവന് കഴിഞ്ഞു. ഇന്ന് നടനെന്നതിനൊപ്പം ഫിലിം മേക്കറുമാണ് മാധവൻ. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. റിലീസിനൊരുങ്ങുന്ന ടെസ്റ്റിൽ നയൻതാരയാണ് മാധവനൊപ്പം അഭിനയിക്കുന്നത്. സിദ്ധാർത്ഥ്, മീര ജാസ്മിൻ എന്നിവരും പ്രധാന വേഷം ചെയ്യുന്നു. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പ്രേക്ഷകർക്ക് മുമ്പിലെത്തും.


Click it and Unblock the Notifications











