23 വയസ്സിൽ വിവാഹം, മകൻ പിറന്നതിന് പിന്നാലെ പ്രശ്നങ്ങളും വേർപിരിയലും; മഹീറ രണ്ടാം വിവാഹത്തിലേക്ക്?
പാകിസ്താനിൽ നിന്നുമെത്തി ബോളിവുഡ് പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് മഹീറ ഖാൻ. ആദ്യ ബോളിവുഡ് ചിത്രം തന്നെ സൂപ്പർസ്റ്റാർ ഷാരൂഖിനാെപ്പമായതിനാൽ മഹീറ ബോളിവുഡിൽ ശ്രദ്ധേയ സാന്നിധ്യമായി മാറുമെന്ന് ഏവരും കരുതി. എന്നാൽ പിന്നീട് ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ പ്രശ്നങ്ങൾക്കിടെ പാക് താരങ്ങൾ ബോളിവുഡ് വിടേണ്ടി വന്ന സാഹചര്യമുണ്ടായി.
മഹീറയെക്കൂടാതെ പാക് നടൻ ഫവദ് ഖാനും ഇക്കാലഘട്ടത്തിൽ ബോളിവുഡിൽ ജനപ്രീതിയാർജിച്ച് വരികയാണ്. എന്നാൽ പിന്നീട് ഇവരെ രണ്ട് പേരെയും ബോളിവുഡ് സിനിമകളിൽ കണ്ടിട്ടില്ല. പാക് സിനിമാ രംഗത്ത് മഹീറ ഇന്നും സജീവ സാന്നിധ്യമാണ്. അവതാരകയായി കരിയർ തുടങ്ങിയ മഹീറ ഹംസഫർ എന്ന സീരിയലിലൂടെയാണ് ജനപ്രീതിയാർജിച്ചത്. നിരവധി പുരസ്കാരങ്ങളും ഈ സീരിയലിലൂടെ മഹീറയ്ക്ക് ലഭിച്ചു. 2017 ലാണ് റയീസ് എന്ന ഷാരൂഖ് ചിത്രത്തിലൂടെ ബോളിവുഡിലേക്ക് താരം അരങ്ങേറിയത്.

മഹീറയുടെ വ്യക്തി ജീവിതത്തിലും ഇക്കാലയളവിനിടെ വലിയ മാറ്റങ്ങൾ സംഭവിച്ചു. 2006 ലാണ് അലി അക്സാരി എന്ന വ്യക്തിയെ മഹീറ പരിചയപ്പെടുന്നത്. ലോസ് ആഞ്ചലസിൽ വെച്ചായിരുന്നു കണ്ടുമുട്ടൽ. പ്രണയത്തിലായ ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചു. എന്നാൽ മഹീറയുടെ പിതാവ് ഹഫീസ് ഖാൻ ഈ ബന്ധത്തെ എതിർത്തു. പക്ഷെ എതിർപ്പ് വകവെക്കാതെ രണ്ട് പേരും 2007 ൽ വിവാഹിതരായി.
23ാം വയസിലാണ് മഹീറ വിവാഹിതയായത്. രണ്ട് വർഷത്തിനുള്ളിൽ ദമ്പതികൾക്ക് ഒരു മകനും പിറന്നു. അസ്ലൻ അക്സാരി എന്നാണ് മകന്റെ പേര്. മകൻ പിറന്ന ശേഷം ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ വന്ന് തുടങ്ങി. അസ്വാരസ്യങ്ങൾ കടുത്തതോടെ രണ്ട് പേരും പിരിയാൻ തീരുമാനിച്ചു. വിവാഹമോചനം മഹീറയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു.

പരസ്പര സമ്മതപ്രകാരമാണ് പിരിഞ്ഞതെങ്കിലും ബന്ധം തകർന്നതിലെ നിരാശ നടിക്കുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ കരിയറിലേക്ക് മഹീറ വലിയ ശ്രദ്ധ കൊടുത്തു. അതേസമയം മകന്റെ കാര്യങ്ങൾക്ക് ശ്രദ്ധ കൊടുക്കേണ്ടതിനാൽ ചെയ്യുന്ന സിനിമകളുടെ എണ്ണം കുറച്ചു.
അതേസമയം വേർപിരിഞ്ഞെങ്കിലും മകന്റെ കാര്യങ്ങൾക്ക് മുൻ ഭർത്താവും കുടുംബവും പ്രഥമ പരിഗണന നൽകാറുണ്ടെന്ന് മുമ്പൊരിക്കൽ മഹീറ പറഞ്ഞിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം രണ്ടാം വിവാഹത്തിന് ഒരുങ്ങുകയാണ് മഹീറ ഖാൻ. ബിസിനസുകാരനായ സലിം കരീമിനെയാണ് മഹീറ വിവാഹം ചെയ്യുന്നത്. ഇരുവരും ഏറെ നാളായി പ്രണയത്തിലാണ്.
സെപ്റ്റംബർ മാസത്തിൽ വിവാഹം നടക്കുമെന്നാണ് റിപ്പോർട്ടുകൾ. സിംപൈസ എന്ന കമ്പനിയുടെ ഉടമയാണ് സലിം കരിം. 2017 ലാണ് സലിം കരിമും മഹീറയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. വിവാഹമോചനം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമായിരുന്നു ഈ പരിചയപ്പെടൽ.
അതേസമയം വിവാഹം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടിയുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. സിനിമകളും വെബ് സീരീസുമായി കരിയറിൽ സജീവമാണ് മഹീറ ഖാൻ ഇന്ന്. ബോളിവുഡിൽ നടിയെ കണ്ടിട്ട് നാളുകളായി. രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നത്തിന്റെ പേരിൽ നടിക്ക് ബോളിവുഡ് വിടേണ്ടി വന്നതിൽ ആരാധകർക്കും നിരാശയുണ്ട്. ഒരുപക്ഷെ ഇന്ത്യയിൽ തുടർന്നിരുന്നെങ്കിൽ മുൻനിര നായിക നടിയായി ബോളിവുഡിൽ നടി മാറിയേനെ.
ബോളിവുഡിൽ നിന്നും തനിക്ക് നല്ല സുഹൃത്തുക്കളെയും ആരാധക സ്നേഹവും ലഭിച്ചിട്ടുണ്ടെന്ന് മഹീറ തുറന്ന് പറഞ്ഞിട്ടുണ്ട്. ബോളിവുഡിലേക്ക് നടി ഇനി തിരിച്ച് വരുമോ എന്ന ചോദ്യവും ആരാധകർക്കുണ്ട്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് മഹീറ ഖാൻ.


Click it and Unblock the Notifications











