കഷ്ടപ്പെടുന്ന തമന്നയ്ക്ക് ബഹുമാനമില്ല; നോക്കി നിൽക്കുന്ന നായകന് പ്രശംസയും; ഫറ ഖാനെതിരെ വിമർശനം
മോഡലിംഗിൽ നിന്നും സിനിമാ രംഗത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ച തമന്നയക്ക് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. തെന്നിന്ത്യൻ സിനിമാ രംഗത്തെ വിജയക്കുതിപ്പിന് പുറമെ ഇന്ന് ബോളിവുഡിലും നടി സാന്നിധ്യം അറിയിക്കുന്നു. ലസ്റ്റ് സ്റ്റോറീസ്, ജീ കർദാ എന്നീ പ്രൊജക്ടുകൾ ബോളിവുഡിൽ സ്വീകാര്യത നേടാൻ തമന്നയെ സഹായിച്ചു. ഡാൻസിലെ മികവാണ് തമന്നയെക്കുറിച്ച് ഏവരും എടുത്ത് പറയുന്ന കാര്യം. കരിയറിലെ തുടക്ക കാലം മുതൽ ഡാൻസ് രംഗങ്ങളിൽ തമന്ന തിളങ്ങാറുണ്ട്.
ദേവി എന്ന ചിത്രത്തിലെ തമന്നയുടെ ഡാൻസ് ഏവർക്കും ഇഷ്ടപ്പെട്ടു. അടുത്തിടെ ജയ്ലർ എന്ന ചിത്രത്തിൽ നടി ചെയ്ത ഡാൻസ് നമ്പറും വൻ ഹിറ്റായി. തമന്ന ഒരു ഗാനരംഗത്തിൽ ചുവട് വെക്കുന്നതിന്റെ ഷൂട്ടിംഗ് ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. 2013 ൽ പുറത്തിറങ്ങിയ ഹിമ്മത്വാല എന്ന സിനിമയുടെ ഷൂട്ടിംഗ് ദൃശ്യങ്ങളാണിത്.

അജയ് ദേവ്ഗണും തമന്നയും ചുവട് വെക്കുന്ന നേനോം കെ സപ്ന എന്ന ഗാനരംഗം. ഫറ ഖാനാണ് കൊറിയോഗ്രാഫർ. ഷൂട്ടിംഗിനിടെ ഫറ ഖാൻ തമന്നയോട് ബഹുമാനമില്ലാതെ പെരുമാറുന്നത് വീഡിയോയിൽ കാണാം. ഇടയ്ക്കിടെ നടിയുടെ ചുവടുകൾ ശരിയാക്കാൻ ഫറാ ഖാൻ നിർദ്ദേശം നൽകുന്നുണ്ട്.
എന്നാൽ നായകനായ അജയ് ദേവ്ഗണിന് ഒരു നിർദ്ദേശവും ഇല്ല. കാര്യമായൊന്നും ചെയ്യാതെ നിൽക്കുന്നു അജയ് ദേവ്ഗണിനെ ഫറ പ്രശംസിക്കുന്നുമുണ്ട്. കൂടുതൽ അധ്വാനിക്കുന്ന നായികയെ വിമർശിക്കുകയും നായകനായത് കൊണ്ട് മാത്രം അജയ് ദേവ്ഗണിനെ പ്രശംസിക്കുകയുമാണ് ഫറ ചെയ്യുന്നതെന്ന് നിരവധി പേർ കമന്റ് ചെയ്തു. 1983 ൽ പുറത്തിറങ്ങിയ ഹിമ്മത്വാല അതേ പേരിൽ റീമേക്ക് ചെയ്തതാണ് അജയ് ദേവ്ഗൺ നായകനായ ഈ ചിത്രം.

റീമേക്ക് പക്ഷെ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണുണ്ടായത്. ഹിമ്മത്വാലയിലൂടെ തമന്ന ബോളിവുഡിൽ ചുവടുറപ്പിച്ചേക്കുമെന്ന് കരുതിയെങ്കിലും നടിക്ക് തെന്നിന്ത്യയിലേത് പോലെ സ്വീകാര്യത ബോളിവുഡിൽ ലഭിച്ചില്ല. മുംബൈക്കാരിയായ തമന്നയ്ക്ക് 18 വർഷം നീണ്ട കരിയറിൽ ബോളിവുഡിൽ കാര്യമായ സാന്നിധ്യമറിയിക്കാൻ സാധിച്ചിട്ടില്ല. അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി നടിക്ക് ഹിന്ദി സിനിമകളിൽ നിന്നും നല്ല അവസരങ്ങൾ വരുന്നുണ്ട്.
തമിഴ്, തെലുങ്ക് സിനിമാ രംഗത്ത് തമന്നയ്ക്ക് ലഭിച്ച ഹിറ്റുകൾ ചെറുതല്ല. പയ്യ, ബാഹുബലി, അയൻ, പഠിക്കാതവൻ, ഹാപ്പി ഡേയ്സ്, സൈറ നരസിംഹ റെഡ്ഡി തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷം തമന്നയ്ക്ക് ലഭിച്ചു. ഗ്ലാമറസായി അഭിനയിക്കാൻ തയ്യാറായെങ്കിലും ചില നിബന്ധനകൾ നടിക്കുണ്ടായിരുന്നു. ചുംബന രംഗത്തിൽ അഭിനയിക്കില്ല, ഇന്റിമേറ്റ് രംഗങ്ങൾ ചെയ്യില്ല തുടങ്ങിയവയായിരുന്നു ഇത്.
എന്നാൽ അടുത്തിടെ ഈ നിബന്ധനകൾ തമന്ന ഒഴിവാക്കി. ലസ്റ്റ് സ്റ്റോറീസിൽ ചുംബന രംഗത്തിൽ അഭിനയിക്കാൻ തമന്ന തയ്യാറായി. ഈ ആന്തോളജിയിൽ ഒപ്പം അഭിനയിച്ച നടൻ വിജയ് വർമയുമായി നടി പ്രണയത്തിലുമായി. പ്രണയത്തെക്കുറിച്ച് അഭിമുഖങ്ങളിൽ ഇരുവരും തുറന്ന് പറയുകയും ചെയ്തു.
ജയ്ലറിലെ ഡാൻസ് നമ്പർ ഹിറ്റായതിന് ശേഷം തമന്നയുടെ തരംഗം വീണ്ടും തെന്നിന്ത്യയിൽ അലയടിക്കുകയാണ്. നിരവധി അവസരങ്ങൾ നടിയെ തേടി എത്തുന്നു. ബാന്ദ്ര എന്ന മലയാള സിനിമയിലും നടി അഭിനയിക്കുന്നുണ്ട്. തമന്ന ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.


Click it and Unblock the Notifications