ഷോട്ട് കഴിഞ്ഞിട്ടും വരുൺ നടിയെ വിടുന്നില്ല, മുന്നിൽ സ്വന്തം അച്ഛൻ; താരത്തെ വിമർശിച്ച് സോഷ്യൽ മീഡിയ
ബോളിവുഡിലെ പ്രിയ നടനാണ് വരുൺ ധവാൻ. സംവിധായകൻ ഡേവിഡ് ധവാന്റെ മകനായ വരുൺ പെട്ടെന്നാണ് കരിയറിൽ വളർന്നത്. സ്റ്റുഡന്റ് ഓഫ് ദ ഇയർ ആയിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് നിരവധി സിനിമകളിൽ വരുൺ ധവാൻ അഭിനയിച്ചു. കൊമേഴ്ഷ്യൽ സിനിമകളാണ് വരുൺ ധവാൻ കരിയറിൽ കൂടുതലും ചെയ്തത്. ഒപ്പം അഭിനയിക്കുന്നവരുമായി വളരെ പെട്ടെന്ന് അടുക്കുന്ന പ്രകൃതമാണ് വരുണിന്റേത്. ആലിയ ഭട്ട്, സമാന്ത, അനുഷ്ക ശർമ്മ തുടങ്ങിയവരെല്ലാം വരുണിന്റെ സുഹൃത്തുക്കളാണ്.
എന്നാൽ ചിലപ്പോൾ വരുണിന് നേരെ വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ വരാറുണ്ട്. നടിമാരുമായുള്ള വരുണിന്റെ ഇടപഴകൽ പരിധി വിടുന്നു എന്നാണ് വരാറുള്ള വിമർശനം. ഇത്തരത്തിൽ വരുണിന്റെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ നടി നർഗീസ് ഫക്രിക്കൊപ്പമുള്ള ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്. 2014 ൽ പുറത്തിറങ്ങിയ മേൻ തേര ഹീറോ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയുടെ ഷൂട്ടിംഗിൽ നിന്നുള്ള ദൃശ്യങ്ങളാണിത്.

ഗാനരംഗത്തിൽ ഇന്റിമേറ്റായി അഭിനയിക്കുകയായിരുന്നു ഇരുവരും. നർഗീസിനെ വരുൺ തുടരെ ചുംബിക്കുന്നുണ്ട്. സംവിധായകൻ കട്ട് പറഞ്ഞിട്ടും വരുൺ നടിയെ ചേർത്ത് പിടിച്ച് ചുംബിക്കുന്നു. നർഗീസ് ഇത് തമാശയായാണ് എടുത്തതെന്ന് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നടി ചിരിക്കുന്നുണ്ട്. എന്നാൽ റെഡിറ്റിൽ നടന് നേരെ വ്യാപക വിമർശനമാണ് വരുന്നത്.
വരുണിന്റെ പിതാവ് ഡേവിഡ് ധവാനാണ് മേൻ തേര ഹീറോ സംവിധാനം ചെയ്തത്. ഇദ്ദേഹമാണ് കട്ട് പറയുന്നത്. സ്വന്തം പിതാവിന്റെ മുമ്പിൽ വെച്ച് വരുൺ ഇങ്ങനെ ചെയ്തത് ശരിയായില്ലെന്ന് കമന്റുകൾ വരുന്നുണ്ട്. നേരത്തെ ഒരു ഫോട്ടോഷൂട്ടിനിടെ നടി കിയാര അദ്വാനിയെ വരുൺ ചുംബിച്ചിരുന്നു.

ഇതും വിമർശിക്കപ്പെട്ടു. അതേസമയം തനിക്ക് നേരെ വരുന്ന ഇത്തരം വിമർശനങ്ങളിൽ വരുൺ ധവാൻ അടുത്തിടെ മറുപടി നൽകിയിട്ടുണ്ട്. സെറ്റിലെ തമാശകളാണിതെന്നും നടൻമാർക്കൊപ്പവും തനിക്ക് രസകരമായ നിമിഷങ്ങളുണ്ടാകാറുണ്ടെന്നും വരുൺ ധവാൻ പറഞ്ഞു. ചുംബനം കിയാരയും താനും നേരത്തെ പ്ലാൻ ചെയ്തതാണ്.
ഫോട്ടോഷൂട്ടിന്റെ ഭാഗമായിട്ടായിരുന്നു അതെന്നും വരുൺ ധവാൻ പറഞ്ഞു. സിതാഡെൽ ഹണി ബണ്ണി, ബേബി ജോൺ എന്നിവയാണ് വരുണിന്റെ ഒടുവിൽ പുറത്തിറക്കിയ വർക്കുകൾ. സിതാഡെൽ സീരിസ് പ്രേക്ഷകർ സ്വീകരിച്ചെങ്കിലും ബേബി ജോൺ പരാജയപ്പെട്ടു. തമിഴ് ചിത്രം തെരിയുടെ ഹിന്ദി റീമേക്കാണ് ബേബി ജോൺ. കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്.


Click it and Unblock the Notifications











