39 ആയി, ഹാപ്പി ബർത്ത് ഡേ സോനം ആന്റീ; അന്ന് ഐശ്വര്യ റായെ അധിക്ഷേപിച്ചത് മറക്കാതെ ആരാധകർ
ലോകം തന്നെ അത്ഭുതത്തോടെ നോക്കിയ താര സുന്ദരിയാണ് ഐശ്വര്യ റായ്. കാൻ ഫിലിം ഫെസ്റ്റിവൽ, പാരീസ് ഫാഷൻ വീക്ക് തുടങ്ങിയ അന്താരാഷ്ട്ര വേദികളിൽ ഐശ്വര്യയെത്തുമ്പോൾ വലിയ സ്വീകാര്യതയാണ് ലഭിക്കാറ്. സൗന്ദര്യം കൊണ്ട് ഇത്രമാത്രം സ്വാധീനമുണ്ടാക്കിയ മറ്റൊരു നടി ഇന്ത്യയിൽ ഇല്ല. 50ാം വയസിലും ഐശ്വര്യയുടെ താരമൂല്യത്തിന് ഇടിവില്ല. വല്ലപ്പോഴുമാണ് സിനിമകൾ ചെയ്യുന്നതെങ്കിലും താരത്തിന്റെ തന്റേതായ സ്ഥാനം പ്രേക്ഷകർക്കിടയിലുണ്ട്.
ഇപ്പോഴിതാ നടി സോനം കപൂർ ഒരിക്കൽ ഐശ്വര്യയെക്കുറിച്ച് നടത്തിയ വിവാദ പരാമർശമാണ് ചർച്ചയാകുന്നത്. ബോളിവുഡിൽ ശ്രദ്ധിക്കപ്പെട്ട് വന്ന കാലത്ത് ഐശ്വര്യ റായ് മുഖമായി എത്തിയിരുന്ന പരസ്യങ്ങളുടെ ബ്രാൻഡുകൾ നടിക്ക് പകരം സോനം കപൂറിനെ തെരഞ്ഞെടുത്തു. ഐശ്വര്യ ബ്രാൻഡുകളുമായുള്ള കരാറിൽ നിന്ന് പിന്മാറിയ ശേഷമാണ് സോനത്തെ തെരഞ്ഞെടുത്തതെന്നും വാദമുണ്ട്.

എങ്കിൽ പോലും ഐശ്വര്യ പോലൊരു താരത്തിന് പകരം സോനം എത്തിയത് ചർച്ചയായി. അന്ന് സോനത്തോട് ഇതേക്കുറിച്ച് ചോദ്യം വന്നു. ഐഷ് എന്റെ അച്ഛനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാനവരെ ആന്റി എന്ന് വിളിക്കേണ്ടേ എന്നാണ് സോനം മീഡിയകളോട് പറഞ്ഞത്.
പരാമർശം അന്ന് വിവാദമായി. ഐശ്വര്യ പക്ഷെ ഇതൊന്നും കാര്യമാക്കിയില്ല. കഴിഞ്ഞ ദിവസമാണ് സോനത്തിന് 39 വയസ് പൂർത്തിയായത്. ഈ സാഹചര്യത്തിൽ സോനത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുകയാണ്. ഈ പ്രായത്തിൽ ആരെങ്കിലും ആന്റീ എന്ന് വിളിച്ചാൽ സോനത്തിന് എന്ത് തോന്നും എന്നാണ് പലരുടെയും ചോദ്യം. ഹാപ്പി ബർത്ത് ഡേ സോനം ആന്റീ എന്ന് നിരവധി പേർ കമന്റ് ചെയ്തു.

മുമ്പ് വിവാദമായ പല പ്രസ്താവനകളും സോനം കപൂർ നടത്തിയിട്ടുണ്ട്. നടൻ അനിൽ കപൂറിന്റെ മകളാണ് സോനം. സാവരിയ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടി പെട്ടെന്ന് ശ്രദ്ധ നേടി. ബോളിവുഡിലെ തുടക്ക കാലത്ത് വിവാദ പരാമർശങ്ങൾ നടത്തിയെങ്കിലും പിന്നീട് വിവാദങ്ങളിൽ നിന്ന് മാറി നിൽക്കാൻ സോനം ശ്രമിച്ചു. അഭിനയ രംഗത്ത് പഴയത് പോലെ സജീവമല്ല സോനം. വിവാഹവും കുഞ്ഞിന്റെ ജനനനുമാണ് സോനം ഇടവേളയെടുക്കാൻ കാരണമായത്.
ആനന്ദ് അഹുജയെന്നാണ് ഭർത്താവിന്റെ പേര്. 2018 ലായിരുന്നു വിവാഹം. 2022 ൽ മകൻ പിറന്നു. വായു കപൂർ എന്നാണ് മകന്റെ പേര്. മറുവശത്ത് ഐശ്വര്യയും സിനിമാ ലോകത്ത് സജീവമല്ല. പൊന്നിയൻ സെൽവൻ എന്ന സിനിമയിലഭിനയിച്ചെങ്കിലും പുതിയ സിനിമകളിലൊന്നും നടി ഒപ്പുവെച്ചിട്ടില്ല.
കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് നടി ഇന്ന് പ്രാധാന്യം നൽകുന്നത്. ഫാഷൻ വേദികളിൽ ഐശ്വര്യ സാന്നിധ്യം അറിയിക്കാറുണ്ട്. കഴിഞ്ഞ ദിവസം കാൻ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാർപറ്റിൽ താരം എത്തി. ഇത്തവണ ഐശ്വര്യയുടെ റെഡ് കാർപറ്റ് ലുക്ക് ആരാധകർക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഡിസൈനിംഗ് മോശമായെന്നാണ് ഉയർന്ന വന്ന അഭിപ്രായം.


Click it and Unblock the Notifications











