ഇവളെ പിന്നിൽ നിർത്താൻ പറ്റില്ല; അറ്റ്ലിയോട് ഷാരൂഖ്; ഷൂട്ടിംഗിനിടയിൽ സംഭവിച്ചത്; പ്രിയാമണി
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് കൊണ്ട് അറ്റ്ലി ചിത്രം ജവാൻ മുന്നേറുകയാണ്. ഷാരൂഖ് ഖാൻ നായകനായ കംപ്ലീറ്റ് ആക്ഷൻ പാക്കേജ് ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നത്. നയൻതാര, വിജയ് സേതുപതി എന്നിവർക്കൊപ്പം അതിഥി വേഷത്തിൽ ദീപിക പദുകോൺ കൂടി എത്തിയതോടെ ജവാൻ ആരാധകരുടെ ആഘോഷത്തിനുള്ള വകയായി. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളിൽ ആഗോള തലത്തിൽ 531 കോടി രൂപ ജവാൻ കലക്ട് ചെയ്തു. ആദ്യമായാണ് ഒരു ഹിന്ദി ചിത്രം ഇങ്ങനെയാെരു നേട്ടം കൈവരിക്കുന്നത്.
നയൻതാരയാണ് നായിക വേഷം ചെയ്യുന്നതെങ്കിലും സിനിമയിൽ സ്ത്രീ കഥാപാത്രങ്ങളായി നിരവധി പേരുണ്ട്. ഇവരിൽ ഒരാളാണ് പ്രിയാമണി. ആക്ഷൻ രംഗങ്ങളിൽ മികച്ച പ്രകടനമാണ് പ്രിയാമണി കാഴ്ച വെച്ചത്. ഷാരൂഖ് ഖാനൊപ്പമുള്ള പ്രിയാമണിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ ചെന്നെെെ എക്സ്പ്രസ് എന്ന സിനിമയിൽ ഷാരൂഖിനൊപ്പം ഡാൻസ് നമ്പറിൽ പ്രിയാമണി ചുവട് വെച്ചിട്ടുണ്ട്.

വർഷങ്ങൾക്കിപ്പുറം വീണ്ടും ഷാരൂഖിനൊപ്പം ജവാനിൽ അഭിനയിച്ചതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പ്രിയാമണിയിപ്പോൾ. ഒരു ഗാനരംഗത്തിൽ അഭിനയിക്കവെ ഉണ്ടായ സംഭവമാണ് പ്രിയാമണി പങ്കുവെച്ചത്. 'ഷാരൂഖിന് പിന്നിലാണ് താൻ നിന്നിരുന്നത്'
'ഇത് കണ്ട ഷാരൂഖ് നീ പിന്നിൽ നിന്ന് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. എനിക്കറിയില്ല സർ, അവർ എന്നെ പിന്നിലാണ് നിർത്തിയതെന്ന് ഞാൻ മറുപടി നൽകി. അത് വേണ്ടെന്ന് പറഞ്ഞ ഷാരൂഖ് തന്റെ കൈ പിടിച്ച് അദ്ദേഹത്തിന് അടുത്ത് നിർത്തിച്ചു. ഈ പെൺകുട്ടി എനിക്കരികിൽ വേണം, കൊറിയോഗ്രഫി എന്താണെന്ന് ഞാൻ നോക്കുന്നില്ല. ഇവൾ ചെന്നെെ എക്സ്പ്രസ് മുതൽ എന്റെ ഡാൻസ് ടീച്ചറാണ്'

'നമുക്കങ്ങനെ ചെയ്യാം എന്ന് കൊറിയോഗ്രാഫർ ഷോബി മാസ്റ്ററോടും സംവിധായകൻ അറ്റ്ലിയോടും അദ്ദേഹം പറഞ്ഞു,' പ്രിയാമണി ഓർത്തു. ഓരോ ചുവടുകളിലും ഷാരൂഖ് തന്നോട് അഭിപ്രായം ചോദിച്ചിരുന്നെന്നും പ്രിയാമണി വ്യക്തമാക്കി. പ്രിയാമണിയുടെ വാക്കുകൾ ഇതിനകം ഷാരൂഖ് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
സഹപ്രവർത്തകരോട് എപ്പോഴും നല്ല രീതിയിൽ പെരുമാറുന്ന ഷാരൂഖിനെക്കുറിച്ച് നിരവധി താരങ്ങൾ നേരത്തെ സംസാരിച്ചിട്ടുണ്ട്. ചെന്നെെ എക്സ്പ്രസിൽ പ്രിയാമണി ചെയ്ത വൺ ടു ത്രീ ഫോർ എന്ന ഗാനരംഗം വൻ ഹിറ്റായിരുന്നു. പ്രിയാമണിക്ക് പകരം നയൻതാരയെയാണ് ഈ ഡാൻസ് നമ്പറിലേക്ക് ആദ്യം പരിഗണിച്ചത്.
എന്നാൽ നടി ഈ ഓഫർ സ്വീകരിച്ചില്ല. ഇതോടെ പ്രിയാമണിക്ക് അവസരം ലഭിച്ചു. പ്രതിഫലമൊന്നും വാങ്ങാതെയാണ് പ്രിയാമണി ഈ ഗാനരംഗത്തിൽ അഭിനയിച്ചത്. ഷാരൂഖിന്റെ കടുത്ത ആരാധികയാണ് പ്രിയാമണി. നായികാ വേഷമല്ലെങ്കിലും ഷാരൂഖിനൊപ്പം ജവാനിൽ ഒരു പ്രധാന വേഷം ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടി. മറുവശത്ത് നയൻതാരയും ജവാന്റെ വിജയത്തിൽ ആഹ്ലാദത്തിലാണ്.
നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമയാണ് ജവാൻ. ബോളിവുഡ് അരങ്ങേറ്റം നടി ഗംഭീരമാക്കി. നേരത്തെ രാജ റാണി ഉൾപ്പെടെയുള്ള സിനിമകളിൽ അറ്റ്ലിയും നയൻതാരയും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ജവാന്റെ വിജയത്തിന് ശേഷം വിജയ് സേതുപതി, നയൻതാര, പ്രിയാമണി തുടങ്ങിയ തെന്നിന്ത്യൻ താരങ്ങൾക്ക് ബോളിവുഡിലെ പ്രമുഖരിൽ നിന്നും പ്രശംസകളെത്തുന്നുണ്ട്. മൂവരെയും ഇനിയും ബോളിവുഡ് സിനിമകളിൽ കാണാമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. അതേസമയം ജവാന് നേരെ വിമർശനങ്ങളും വരുന്നുണ്ട്. അറ്റ്ലിയുടെ മുൻ സിനിമകളുമായി ജവാന് സാമ്യമുണ്ടെന്നാണ് വിമർശകരുടെ വാദം.


Click it and Unblock the Notifications