അന്നേ അണ്ഡം ശീതീകരിച്ചു; ഒരു മാസത്തോളം ഇൻജെക്ഷൻ; കഠിനമായിരുന്നു; അമ്മയായതിനെക്കുറിച്ച് പ്രിയങ്ക
ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്കെത്തി വിജയം കൈവരിച്ച പ്രിയങ്ക ചോപ്ര ഇന്ന് ഇന്ത്യൻ യുവത്വത്തിന് പ്രചോദനമാണ്. ഒരു നായിക നടിക്ക് കണ്ട് വന്നിരുന്ന മിക്ക സ്റ്റീരിയോടൈപ്പുകളോടും മുഖം തിരിച്ച പ്രിയങ്ക ചോപ്രയുടെ കരിയറിൽ ഇന്ത്യൻ താരങ്ങൾക്കിടയിൽ അപൂർവ കാഴ്ചയാണ്. ബോളിവുഡിലെ മുൻനിര നായിക നടിയായി നിലനിൽക്കെ ഹോളിവുഡിലേക്കുള്ള കൂട് മാറ്റം പ്രിയങ്കയെ സംബന്ധിച്ച് ശ്രമകരമായിരുന്നു. ബോളിവുഡിൽ തുടക്ക കാലത്ത് നേരിട്ട പ്രതിസന്ധികൾ പ്രിയങ്കയ്ക്ക് ഹോളിവുഡിലും നേരിടേണ്ടി വന്നു.
ഒരു പ്രമുഖ നടിയാണ് ഇത്തരമാെരു വെല്ലുവിളി എടുത്തതെന്നും ശ്രദ്ധേയമാണ്. ഒരുപക്ഷെ പരാജയപ്പെട്ടിരുന്നെങ്കിൽ നടിയുടെ ബോളിവുഡ് കരിയറിനെയും അത് ബാധിച്ചേനെ. എന്നാലിന്ന് ബോളിവുഡിന് എത്തിപ്പിടിക്കാൻ പറ്റാത്ത ഉയരത്തിലേക്ക് പ്രിയങ്ക കുതിച്ചു എന്നതാണ് വാസ്തവം. ഹിന്ദി സിനിമകളിൽ നടിയെ കണ്ടിട്ട് നാളേറെയായി. സിതാഡെൽ എന്ന സീരീസിന്റെ പ്രൊമോഷൻ ചടങ്ങുകളിലാണ് ഇന്ത്യൻ മാധ്യമങ്ങൾക്ക് നാളുകൾക്ക് ശേഷം പ്രിയങ്കയെ കാണാനായത്.

കരിയറിനൊപ്പം സ്വന്തം ജീവിതവും അമേരിക്കയിലേക്ക് പ്രിയങ്ക ഇക്കാലയളവിനിടയിൽ പറിച്ചു നട്ടു. പോപ് ഗായകനായ നിക് ജോനാസാണ് പ്രിയങ്കയുടെ ഭർത്താവ്. ഇരുവരും 2018 ലാണ് വിവാഹം കഴിക്കുന്നത്. കഴിഞ്ഞ വർഷം വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെയും ഇവർ സ്വീകരിച്ചു. 39ാം വയസ്സിലാണ് പ്രിയങ്ക ഒരമ്മയായത്.
നടി നേരത്തെ തന്നെ എഗ് ഫ്രീസിംഗ് ചെയ്തിരുന്നു. ഇതേക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. അണ്ഡ ശീതീകരണത്തിന്റെ ഘട്ടങ്ങൾ തനിക്ക് പലപ്പോഴും ബുദ്ധിമുട്ടായിരുന്നെന്ന് പ്രിയങ്ക ചോപ്ര തുറന്ന് പറഞ്ഞു. അൺറാപ്പ്ഡ് എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ചോപ്ര.
ക്വാണ്ടികോ എന്ന സീരീസ് ചെയ്യുന്നതിനിടെയാണ് നടി എഗ് ഫ്രീസിംഗ് ചെയ്യുന്നത്. അന്ന് മുപ്പതുകളുടെ തുടക്കത്തിലായിരുന്നു താരം. എഗ് ഫ്രീസിംഗിന്റെ ഘട്ടങ്ങൾ കഠിനകരമായിരുന്നെന്നാണ് താരം പറയുന്നത്. ഒരു മാസത്തോളം ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. ഹോർമോണിൽ വരുന്ന വ്യതിയാനങ്ങൾ മാനസികമായി ബുദ്ധിമുട്ടായിരുന്നു.

എങ്കിലും ജോലി ചെയ്യുന്ന സ്ത്രീകൾ, സിംഗിളായ സ്ത്രീകൾ, കുട്ടികൾ വേണമെന്ന് ഉറപ്പില്ലാത്തവർ തുടങ്ങിയവർക്ക് എഗ് ഫ്രീസിംഗ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാവുന്നതാണെന്നും പ്രിയങ്ക വ്യക്തമാക്കി. തന്റെ തീരുമാനത്തിന് മുമ്പ് ഡോക്ടർ കൂടിയായ അമ്മയോടും മറ്റൊരു സുഹൃത്തിനോടും വിശദമായി സംസാരിച്ചിരുന്നു. എനിക്ക് ഇയാൾക്കൊപ്പം കുഞ്ഞുങ്ങൾ വേണമെന്ന് തോന്നുന്ന ആളെ എപ്പോഴാണ് കല്യാണം കഴിക്കാൻ പറ്റുകയെന്ന് അറിയില്ലായിരുന്നു.
കുഞ്ഞുങ്ങളുണ്ടാവാനുള്ള പ്രാപ്തി എനിക്ക് ദൈവം തന്നതിനാൽ തനിക്ക് കുഞ്ഞിനെ വേണമെന്നുണ്ടായിരുന്നെന്നും പ്രിയങ്ക ചോപ്ര വ്യക്തമാക്കി. മാലതി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്കയുടെയും നിക് ജോനാസിന്റെയും മകളുടെ പേര്.

കരിയറിലെ പോലെ തന്നെ ജീവിതത്തിലും വ്യത്യസ്തയാണ് പ്രിയങ്ക ചോപ്ര. നടിയുടെ ഭർത്താവ് നിക് ജോനാസിന് പ്രിയങ്കയേക്കാൾ പത്ത് വയസ്സ് കുറവാണ്. വിവാഹ സമയത്ത് ഇതേറെ ചർച്ചയായിരുന്നു. ചെറുപ്പക്കാരനായ നിക് ജോനാസുമായുള്ള ഈ ബന്ധം നിലനിൽക്കില്ലെന്ന് വരെ പലരും പറഞ്ഞു.
എന്നാൽ ഈ അഭിപ്രായങ്ങളെല്ലാം കാറ്റിൽ പറത്തി അഞ്ച് വർഷമായി ഇരുവരും സന്തോഷകരമായി ഒരുമിച്ച് ജീവിക്കുകയാണ്. പ്രായം കുറവാണെങ്കിലും നിക് ജോനാസ് പക്വതയുള്ള പുരുഷനാണെന്നാണ് പ്രിയങ്ക മുമ്പൊരിക്കൽ പറഞ്ഞത്. നടി എന്നതിനൊപ്പം നിർമാതാവും ബിസിനസ് സംരഭകയുമാണ് പ്രിയങ്കയിന്ന്. ഒന്നിലേറെ ബിസിനസുകൾ പ്രിയങ്കയ്ക്കിന്ന് അമേരിക്കയിലുണ്ട്. ജീ ലേ സര എന്ന സിനിമയാണ് നടിയുടെ ഒടുവിൽ പ്രഖ്യാപിച്ച ഹിന്ദി സിനിമ. സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ല.


Click it and Unblock the Notifications