മകൻ കഷണ്ടിയാകും; കുടുംബത്തിൽ ചർച്ച; എന്ത് ചെയ്യുമെന്ന ചോദ്യത്തിന് രാകേഷ് റോഷൻ നൽകിയ മറുപടി
ബോളിവുഡിലെ സ്റ്റെെലിഷ് താരമാണ് ഹൃതിക് റോഷൻ. ഗ്രീക്ക് ദേവൻ എന്ന് ആരാധകർ വിശേഷിപ്പിക്കുന്ന ഹൃതിക്കിന്റെ സ്ക്രീൻ പ്രസൻസ് ഏവരും എടുത്ത്
പറയുന്നു. ഹോളിവുഡ് നടൻമാർക്ക് ഒപ്പത്തിനൊപ്പം നിൽക്കാൻ കഴിയുന്ന ലുക്ക് ആണ് നടനെ കരിയറിൽ തുണച്ചത്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ എന്നിവർ ബോളിവുഡിൽ താര രാജാക്കൻമാരായി വളരവെയാണ് ഹൃതിക്കിന്റെ കടന്ന് വരവ്.
ഫിലിം മേക്കർ രാകേഷ് റോഷന്റെ മകനായ ഹൃതിക്കിന് പിതാവിന്റെ പിന്തുണയോടെ ബോളിവുഡിൽ ഒരു സ്ഥാനം കണ്ടെത്താൻ കഴിഞ്ഞു. രാകേഷ് റോഷന്റെ സംരക്ഷണം ഹൃതിക്കിന്റെ കരിയറിൽ എന്നും ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ സിനിമാ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് ഹൃതികും പിതാവും ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണ്.

അച്ഛന് കഷണ്ടിയുള്ളതിനാൽ തനിക്കു മുടി ഉണ്ടാകില്ലെന്ന സംസാരങ്ങൾ ഒരു കാലത്ത് നടന്നിട്ടുണ്ടെന്ന് ഹൃതിക് പറയുന്നു. അച്ഛനും അമ്മാവനും കഷണ്ടിയാണ്. ഇത് വളരെക്കാലമായി തന്റെ കുടുംബത്തിൽ ഒരു ചർച്ചാ വിഷയമാണെന്ന് ഹൃതിക് തമാശയോടെ പറഞ്ഞു.
ഇത് കേട്ട രാകേഷ് റോഷൻ മകന്റെ കരിയറിന്റെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ചോദ്യത്തെക്കുറിച്ച് സംസാരിച്ചു.
നിങ്ങൾ കഷണ്ടിയാണല്ലോ. നിങ്ങളുടെ മകനും മുടി നഷ്ടപ്പെടും. അപ്പോൾ മകൻ എന്ത് ചെയ്യും എന്നാണ് ഒരു ജേർണലിസ്റ്റ് ചോദിച്ചത്. നിങ്ങൾക്ക് മുടിയുണ്ടല്ലോ, എന്നിട്ട് നിങ്ങളെന്ത് ചെയ്തു എന്ന് ഞാൻ തിരിച്ച് ചോദിച്ചു. അവന് മുടി നഷ്ടപ്പെട്ടേക്കാം. പക്ഷെ അവന്റെ വിധി നഷ്ടപ്പെടില്ലെന്നും താൻ പറഞ്ഞെന്ന് രാകേഷ് റോഷൻ ഓർത്തു.

ഹൃതിക്കിന്റെ കരിയറിൽ വലിയ വഴിത്തിരിവുണ്ടാക്കിയ ചിത്രമാണ് 2003 ൽ പുറത്തിറങ്ങിയ കോയി മിൽ ഗയ. ഹൃതിക്കിനെ നായകനാക്കി ഈ സിനിമ സംവിധാനം ചെയ്യാൻ ആദ്യം രാകേഷ് റോഷൻ മടിച്ചിരുന്നു. ഇതേക്കുറിച്ചും രാകേഷ് റോഷൻ സംസാരിച്ചു. ആക്ഷൻ ഹീറോയായി എല്ലാവരും കാണുന്ന ഹൃതികിനെ മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രമാക്കുന്നതിലാണ് പിതാവിന് എതിർപ്പ് തോന്നിയത്.
ഇത്തരം സിനിമകൾ വിജയിക്കില്ല, അതിന് മുമ്പുള്ള മൂന്ന് സിനിമകൾ പരാജയപ്പെട്ടു. ഈ ചിത്രം കൂടി പരാജയപ്പെട്ടാൽ കരിയർ അവസാനിക്കുമെന്നും പറഞ്ഞു. എന്നാൽ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയപ്പോൾ തന്റെ സംശയങ്ങളെല്ലാം അവസാനിച്ചു. വിജയ ചിത്രമാണ് നിർമ്മിക്കുന്നതെന്ന് ഷൂട്ടിംഗ് സമയത്ത് തന്നെ താൻ തിരിച്ചറിഞ്ഞെന്ന് രാകേഷ് റോഷൻ വ്യക്തമാക്കി. വൻ ഹിറ്റായ കോയി മിൽ ഗയക്ക് പിന്നീട് രണ്ടാം ഭാഗവും മൂന്നാം ഭാഗവും വന്നു.
കരിയറിൽ പിതാവിന്റെ നിഴലിൽ അല്ലാതെ മുന്നോട്ട് നീങ്ങാൻ കുറച്ച് കാലം കൊണ്ട് തന്നെ ഹൃതിക്കിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ വിവാദങ്ങൾ വരുമ്പോൾ നടനെ സംരക്ഷിക്കാൻ പിതാവെത്തും. നേരത്തെ കങ്കണ റണൗത്തുമായുള്ള പ്രശ്നത്തിൽ ഹൃതിക്കിന് വേണ്ടി രാകേഷ് റോഷൻ രംഗത്ത് വന്നിട്ടുണ്ട്. കങ്കണയെക്കെതിരെ നിയമപരമായി നീങ്ങാനും രാകേഷ് റോഷൻ മുന്നിൽ നിന്നു.
എന്നാൽ പിതാവിന്റെ നിഴലിലൊളിക്കുന്നു എന്ന് പറഞ്ഞ് അന്ന് കങ്കണ ഹൃതിക്കിനെ പരിഹസിച്ചു. 40 പിന്നിട്ട് ഒരു പുരുഷൻ എന്തിന് അച്ഛന്റെ പിറകിലൊളിക്കണം എന്നും നടി ചോദിച്ചു. ഹൃതികും താനും പ്രണയത്തിലായിരുന്നെന്ന കങ്കണയുടെ വാദമാണ് വിവാദങ്ങൾക്ക് കാരണമായത്. ഈ വാദം നിഷേധിച്ച് രംഗത്ത് വന്ന ഹൃതിക് നടിക്കെതിരെ പരാതിയും നൽകി.


Click it and Unblock the Notifications