ഇമ്രാൻ ഖാന്റെ ഭാര്യ അവന്തികയും രൺബീറും പ്രണയത്തിലായപ്പോൾ; താരങ്ങളുടെ ജീവിതത്തിൽ അന്ന് സംഭവിച്ചത്
മികച്ച നടനാണെങ്കിലും സോഷ്യൽ മീഡിയയിൽ എപ്പോഴും വിമർശിക്കപ്പെടുന്ന നടനാണ് രൺബീർ കപൂർ. എന്തുകാെണ്ടാണ് രൺബീറിന് ഇത്രമാത്രം ഹേറ്റേഴ്സെന്ന് ചോദ്യങ്ങളും ഇടയ്ക്ക് വരാറുണ്ട്. താരപുത്രൻമാരോട് ഇന്ന് ബോളിവുഡ് പ്രേക്ഷകർ കാണിക്കുന്ന അകലം, രൺബീറിന്റെ വ്യക്തി ജീവിതത്തിലുണ്ടായ സംഭവങ്ങൾ തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്. നടന്റെ പ്രണയബന്ധങ്ങൾ സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്.
പ്രമുഖ നടിമാരുമായുളള പ്രണയ ബന്ധം തകർന്നപ്പോൾ കുറ്റപ്പെടുത്തലുകൾ കേട്ടത് രൺബീറാണ്. രൺബീർ ബന്ധങ്ങളെ നേരം പോക്കായി മാത്രമാണ് കണ്ടതെന്നും ആത്മാർത്ഥത കാണിച്ചില്ലെന്നും വിമർശനങ്ങൾ വന്നു.
എന്നാൽ ഇത്തരം കുറ്റപ്പെടുത്തലുകളൊന്നും രൺബീർ കാര്യമാക്കിയില്ല. നടി ആലിയ ഭട്ടിനെയാണ് രൺബീർ വിവാഹം ചെയ്തത്. രാഹ എന്ന മകളും ദമ്പതികൾക്ക് പിറന്നു.

വിവാഹജീവിതത്തെക്കുറിച്ച് രൺബീറും ആലിയയും പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് ഹേറ്റേഴ്സ് താര ദമ്പതികളെ അധിക്ഷേപിച്ച സംഭവങ്ങളും അടുത്തിടെയുണ്ടായി. ഇപ്പോഴിതാ രൺബീറിന്റെ മുൻപ്രണയമാണ് സോഷ്യൽ മീഡിയയിലെ ചർച്ച. ഇമ്രാൻ ഖാന്റെ ഭാര്യയായ അവന്തിക മാലിക്കുമായി രൺബീറിന് ഒരുകാലത്ത് അടുപ്പം ഉണ്ടായിരുന്നു. കൗമാരക്കാലത്താണ് ഇരുവരും പ്രണയത്തിലായത്.
ജസ്റ്റ് മൊഹബത്ത് എന്ന സീരിയലിൽ അവന്തിക ബാലതാരമായി അഭിനയിക്കുന്ന സമയമായിരുന്നു അത്. അവന്തികയോട് വളരെ സ്നേഹം തോന്നിയ രൺബീർ സീരിയൽ സെറ്റിലേക്ക് ഇടയ്ക്കിടെ വന്നു. ഇരുവരും അഞ്ച് വർഷത്തോളം ഡേറ്റിംഗിലായിരുന്നു. പിന്നീട് രണ്ട് പേരും അകന്നു. ഇതിന് ശേഷമാണ് അവന്തിക ഇമ്രാൻ ഖാനുമായി അടുത്തത്.

എട്ട് വർഷത്തോളം പ്രണയിച്ച ഇരുവരും 2011 ൽ വിവാഹിതരായി. ദമ്പതികൾക്ക് ഒരു മകളുമുണ്ട്. ബ്രേക്കപ്പിന് ശേഷവും രൺബീറും അവന്തികയും സുഹൃത്തുക്കളായി തുടർന്നു. രൺബീർ സാവരിയ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്കും കടന്നു വന്നു.
അതേസമയം അവന്തികയും ഇമ്രാൻ ഖാനും വേർപിരിഞ്ഞെന്ന് കഴിഞ്ഞ കുറെ നാളുകളായി അഭ്യൂഹമുണ്ട്. 2019 മുതൽ ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയാണെന്നാണ് പുറത്ത് വന്ന വാർത്തകൾ. ഇമ്രാൻ നടി ലേഖ വാഷിംഗ്ടണുമായി അടുപ്പത്തിലാണെന്നും ഗോസിപ്പുകൾ വന്നു. എന്നാൽ രണ്ട് പേരും ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
അഭിനയ രംഗത്തേക്ക് തിരിച്ച് വരാനുള്ള തയ്യാറെടുപ്പിലാണ് ഇമ്രാൻ ഖാൻ. പ്രി പ്രൊഡക്ഷനിലുള്ള വെബ് സീരീസിലൂടെയാണ് ഇമ്രാൻ ഖാൻ തിരിച്ചെത്തുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി സിനിമാ രംഗത്ത് നിന്നും പൂർണമായും മാറി നിൽക്കുകയാണ് ഇമ്രാൻ ഖാൻ. 2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടി എന്ന സിനിമയിലാണ് ഇമ്രാൻ ഖാൻ അവസാനമായി അഭിനയിച്ചത്.
സിനിമകളുടെ പരാജയങ്ങളും തനിക്കെതിരെ വന്ന വിമർശനങ്ങളും ഇമ്രാൻ ഖാനെ മാനസികമായി ബാധിച്ചിരുന്നു. ഇതോടെയാണ് നടൻ മാറി നിൽക്കാൻ തീരുമാനിച്ചത്. മറുവശത്ത് രൺബീർ കപൂർ സിനിമകളുടെ തിരക്കിലാണ്. അനിമൽ ആണ് രൺബീറിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനിൽ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നു. രൺബീറിന്റെ തൊട്ട് മുമ്പിറങ്ങിയ സിനിമകളിൽ പലതും ആരാധകരെ നിരാശപ്പെടുത്തി. അതിനാൽ തന്നെ അനിമലിൽ പ്രേക്ഷകർക്ക് പ്രതീക്ഷയുണ്ട്.


Click it and Unblock the Notifications